തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്, അഞ്ച് തീയതികളില്‍; ഫലം ഏഴിന്;ഇന്നു മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം

 

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തു നടക്കുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണു തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം നവംബര്‍ ഏഴിനു നടക്കും. ഇന്നു മുതല്‍ മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്നുവെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു.

നവംബര്‍ രണ്ടിനു തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലും അഞ്ചിനു കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും വോട്ടെടുപ്പു നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണു പോളിംഗ് സമയമെന്നും കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പില്‍ നിഷേധ വോട്ട് (നോട്ട) ചെയ്യാന്‍ അവസരം ഉണ്ടായിരിക്കില്ല.

ഒക്‌ടോബര്‍ ഏഴിനു തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 14 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. 15-നു സൂക്ഷ്മ പരിശോധന നടത്തും. 17-നാണു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

ഗ്രാമപഞ്ചായത്തുകള്‍-941, ബ്ലോക്ക് പഞ്ചായത്തുകള്‍-152, ജില്ലാ പഞ്ചായത്തുകള്‍-14, നഗരസഭകള്‍-86, കോര്‍പ്പറേഷനുകള്‍- ആറ് എന്നിവയിലേക്കാണു തെരഞ്ഞെടുപ്പു നടക്കുന്നത്. 35,000-ത്തോളം പോളിംഗ് ബൂത്തുകളാണു തെരഞ്ഞെടുപ്പിനായി ക്രമീകരിക്കുക.

പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ ചിത്രം വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്തില്ല. പ്രചാരണത്തിനു ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ കഴിവതും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കു സംവരണം ചെയ്തു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളിലാവും വനിതാ നേതൃത്വം വരിക. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ വഹിക്കും.

ആദ്യ ഘട്ടത്തില്‍ ഇടുക്കി മാത്രമാണു മധ്യകേരളത്തില്‍ നിന്നും തെരഞ്ഞെടുപ്പു നടക്കുന്ന ജില്ല. തെക്കന്‍ സംസ്ഥാനങ്ങളായ തിരുവനന്തപുരം, കൊല്ലം ജില്ലകളും രണ്ടിനു പോളിംഗ് ബൂത്തിലെത്തും. വടക്കന്‍ ജില്ലകളില്‍ ഒന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് കോഴിക്കോട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ്.

മധ്യകേരളത്തിലെ നാലു ജില്ലകളില്‍ (നവംബര്‍ അഞ്ച്) രണ്ടാം ഘട്ടമാണു പോളിംഗ്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളാണു രണ്ടാം ഘട്ടത്തില്‍ പോളിംഗ് ബൂത്തിലേക്ക് എത്തുക. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളും രണ്ടാം ഘട്ടത്തില്‍ ജനവിധി തേടും.

Share this news

Leave a Reply

%d bloggers like this: