തദ്ദേശ ഉപതിരഞ്ഞെടുപ്പ്: 44 സീറ്റുകളില്‍ 22 എണ്ണം സ്വന്തമാക്കി എല്‍ഡിഎഫ്; യുഡിഎഫ് 17, ബിജെപി 5…

സംസ്ഥാനത്ത ഇന്നലെ നടന്ന തദ്ദേശ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് എല്‍ഡിഎഫ്. തെരഞ്ഞെടുപ്പ് നടന്ന 44 ല്‍ 22 വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയം സ്വന്തമാക്കി. 17 ഇടത്ത് യുഡിഎഫും അഞ്ചിടത്ത് ബിജെപിയും ജയിച്ചു. അതേസമയം എല്‍ഡിഎഫിന്റെ 10 സിറ്റിങ്ങ് സീറ്റുകളില്‍ യുഡിഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫ് ജയിച്ച 8 വാര്‍ഡുകള്‍ ഇത്തവണ എല്‍ഡിഎഫ് ജയിച്ചുയ ലീഗ് വിമതന്‍ ജയിച്ച വാര്‍ഡും ഇത്തവണ യുഡിഎഫ് വിജയിച്ചു. ബിജെപി ജയിച്ച അഞ്ച് സീറ്റുകളില്‍ നാലെണ്ണം സിറ്റിങ്ങ് സീറ്റുകളും ഒരെണ്ണം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തതുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിറകില്‍പ്പായ പല വാര്‍ഡുകളിലു ഇക്കുറി എല്‍ഡിഎഫിന് പിടിച്ചു നില്‍ക്കാനായെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് ബിജെപി സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി. ധര്‍മ്മടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കിഴക്കേ പാലയാട് കോളനിയിലെ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാര്‍ത്ഥി സീറ്റ് നിലനിര്‍ത്തിയത്. ഇവിടെ മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ്.

ഉപതിരഞ്ഞെടുപ്പ് ഫലം നിര്‍ണായമായിരുന്ന 6 പഞ്ചായത്തില്‍ വയനാട് മുട്ടിലില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചു തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫിനും ഭരണം ലഭിക്കും.

തിരുവനന്തപുരം ജില്ലയില്‍ 7 പഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ രണ്ടെണ്ണം യുഡിഎഫും ഒന്നില്‍ ബിജെപിയും ജയം നേടി. നാവായിക്കുളം ഇടമണ്ണില്‍ യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കുന്നത്തുകാല്‍ കോട്ടുകോണം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. അമ്പൂരി ചിറയക്കോട് വാര്‍ഡും എല്‍ഡിഎഫ് പിടിച്ചെടുത്തു.
കാട്ടാക്കട പഞ്ചായത്തിലെ പനയംകോട് വാര്‍ഡ്, കല്ലറി പഞ്ചായത്ത് വെള്ളംകുടി വാര്‍ഡ് എന്നിവ എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കുഴിവിള വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

കൊല്ലം: നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്ന കൊല്ലംജില്ലയില്‍ മൂന്ന് എണ്ണത്തില്‍ എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും ജയിച്ചു. അഞ്ചല്‍ പഞ്ചായത്ത് മാര്‍ക്കറ്റ്, ഇട്ടിവ പഞ്ചായത്തിലെ നെടുംപുറം, കടയ്ക്കല്‍ പഞ്ചായത്തിലെ തുമ്പോട്ട് എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കിഴക്കേ കല്ലട പഞ്ചായത്തിലെ ഓണമ്പലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുത്തു.

പത്തനംതിട്ട: ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന ഏക വാര്‍ഡ് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. റാന്നി അങ്ങാടി പഞ്ചായത്ത് ഒന്നാം വാര്‍ഡിലായുരുന്നു ജയം. ഇവിടെ ബിജെപിക്ക് 9 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുത്തിയതോട് പഞ്ചായത്ത് മുത്തുപറമ്പ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു.
ചേര്‍ത്തല നഗരസഭ ടി ഡി അമ്പലം വാര്‍ഡ് യുഡിഎഫില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. കായംകുളം നഗരസഭ വെയര്‍ ഹൗസ് വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ത്ഥി ജയിച്ചു. പാലമേല്‍ പഞ്ചായത്ത് മുളകുവിള വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വെട്ടിയാര്‍ ഡിവിഷന്‍ നിലവില്‍ സിപിഎം സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.

ഇടുക്കി: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു നഗരസഭാ വാര്‍ഡിലും രണ്ട് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമായി അഞ്ചിടങ്ങളില്‍ മൂന്നെണ്ണം എല്‍ഡിഎഫും, ഒന്നുവീതം ബിജെപിയും യുഡിഎഫും ജയിച്ചു.
ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം നോര്‍ത്ത് ഒന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് വിജയം നേടി. ഇതോടെ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണം ഉറപ്പിച്ചു. ദേവികുളം ബ്ലോക്ക് കാന്തല്ലൂര്‍ ഡിവിഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഉപ്പുതറ കാപ്പി പതാല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. തൊടുപുഴ നഗരസഭയിലെ 23 ആം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ പ്രതിസന്ധയിലായിരുന്ന തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണവും എല്‍ഡിഎഫിന് നിലനിര്‍ത്താനായി.

കോട്ടയം: ആറിടത്തായിരുന്നു തെരഞ്ഞെടുപ്പ് നടന്ന കോട്ടയത്ത് നാലിടത്ത് യുഡിഎഫ് വിജയിച്ചു. ഒരെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒരു സീറ്റ് നിലനിര്‍ത്തി. ഇതില്‍ തിരുവാര്‍പ്പ് പഞ്ചായത്തിലെ മോര്‍കാട് ഒന്നാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി മായമുരളി വിജയിച്ചു. മൂന്നിലവ് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് പ്രതിനിധീകരിച്ചിരുന്ന പാമ്പാടി ബ്ലോക്ക് കിടങ്ങൂര്‍ ഡിവിഷന്‍ യുഡിഎഫ് വിജയിച്ചു. പാലാ കരൂര്‍ പഞ്ചായത്ത് വലവൂര്‍ ഈസ്റ്റ് രണ്ടാം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. നാലിടത്ത് എല്‍ഡിഎഫ് ആണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നത്. രണ്ടിടത്ത് യുഡിഎഫും. ഇക്കുറി മൂന്നു വാര്‍ഡ് യുഡിഎഫ് പിടിച്ചെടുത്തു.

എറണാകുളം: എറണാകുളം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളില്‍ ഒരെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു.നെല്ലിക്കുഴി പഞ്ചായത്ത് യുഡിഎഫ് വാര്‍ഡ് എല്‍ഡിഎഫ് ജയിച്ചത്. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് നെല്ലാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് നിലനിര്‍ത്തി.

തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ നാലിടത്തും യുഡിഎഫ് വിജയിച്ചു . തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ ചേറ്റുവ ഡിവിഷന്‍. പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുപ്പത്തി അഞ്ചാം വാര്‍ഡ്. പാഞ്ഞാള്‍ പഞ്ചായത്ത് കിള്ളിമംഗലം പടിഞ്ഞാറ്റുമുറി എട്ടാം വാര്‍ഡ്. കോലഴി ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് കോലഴി നോര്‍ത്ത് എന്നിവിടങ്ങളിലായിരുന്നു തശ്ശൂരില്‍ തിരഞ്ഞെടുപ്പ് നടന്നത്.

പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ നാട്ടുകല്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വനജ കണ്ണന്‍ വിജയിച്ചു. മലമ്പുഴ പഞ്ചായത്തിലെ കടുക്കാംകുന്നം വാര്‍ഡ് ബിജെപി നിലനിര്‍ത്തി.

മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് 18-ാം വാര്‍ഡ് കളപ്പാറയില്‍ സിറ്റിങ്ങ് എല്‍ഡിഎഫിന് ജയം. പരപ്പനങ്ങാടി നഗരസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജനകീയ വികസന മുന്നണി സീറ്റ് നില നിര്‍ത്തി. ആനക്കയം പഞ്ചായത്ത് പത്താം വാര്‍ഡ് നരിയാട്ടുപ്പാറ മുസ്ലീം ലീഗ് നിലനിര്‍ത്തി. തിരൂര്‍ മംഗലം പഞ്ചായത്തിലെ കൂട്ടായി ടൗണ്‍ പെരിന്തല്‍മണ്ണ ആലിപറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപറമ്പ് എന്നിവിടങ്ങളിലും യുഡിഎഫ് വിജയിച്ചു.

കോഴിക്കോട്: കൊടുവള്ളി നഗരസഭയിലെ വാരിക്കുഴിത്താഴം 14ാം ഡിവിഷനില്‍ സിപിഎം നിലനിര്‍ത്തി. വയനാട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മുട്ടില്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് (മാണ്ടാട് ) എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍: ധര്‍മടം പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് (കിഴക്കെ പാലയാട് കോളനി ) ബിജെപി നിലനിര്‍ത്തി.

Share this news

Leave a Reply

%d bloggers like this: