തദ്ദേശഭരണ തെരഞ്ഞെടുപ്പ്: പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഗവര്‍ണ്ണര്‍

തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഗവര്‍ണ്ണര്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. അതേ സമയം പഴയ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവശ്യപ്പെടുന്നതിന്റെ സാധ്യതകളും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കമ്മീഷനുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും.

തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ അവ്യക്തത തുടരുകയാണ്. പുതിയ വാര്‍ഡുകളുടെ വിഭജനം നീളുന്നതിനാല്‍ പഴയവാര്‍ഡ് പ്രകാരം തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. സര്‍ക്കാറാകട്ടെ ഇതിന് തയ്യാറല്ല. നിലപാട് അറിയിച്ച് കമ്മീഷന്‍ സര്‍ക്കാറിനും ഗവര്‍ണ്ണര്‍ക്കും കത്തയച്ചിരുന്നു.
കത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണ്ണറുടെ ഇടപെടല്‍. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ നിലവില്‍ വരണം. പ്രതിസന്ധി പരിഹരിച്ച് വ്യക്തത വരുത്തണമെന്നാണ് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടത്. കഴക്കൂട്ടം അടക്കം 4 പുതിയ മുന്‍സിപ്പാലിറ്റികളുടെ രൂപീകരണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ ചൊവ്വാഴ്ച അപ്പീല്‍ നല്‍കും. പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനം സംബന്ധിച്ച 50 ഓളം പരാതികളില്‍ നാളെ ഹൈക്കോടതി വിധി പറയും.

പുതിയ ബ്‌ളോക്കുകളുടേയും പഞ്ചായത്തുകളുടെയും വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാന്‍ ഇനിയും ഒന്നരമാസത്തോളം വേണം. എന്നാല്‍ വാര്‍ഡ് വിഭജനത്തില്‍ നിന്നും പിന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമ നടപടികള്‍ നീണ്ടുപോയാല്‍ ഒക്ടോബറില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെടുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നാണ് വിവരം. പഞ്ചായത്ത് രാജ് നിയമത്തിലെ സെക്ഷന്‍ 151 ഇതിനനുവദിക്കുന്നുണ്ടെന്നാണ് വാദം. തെരഞ്ഞെടുപ്പ് കമ്മീഷനുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: