ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം: കണ്ണിനു ഗുരുതര രോഗം, ചെരുപ്പഴിച്ച ഡ്രൈവര്‍ അടുത്ത ബന്ധു, വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്

ഡ്രൈവറെ കൊണ്ട് ചെരുപ്പ് അഴിപ്പിച്ച സംഭവം: കണ്ണിനു ഗുരുതര രോഗം, ചെരുപ്പഴിച്ച് ഡ്രൈവര്‍ അടുത്ത ബന്ധു, വിശദീകരണവുമായി സ്പീക്കര്‍ രംഗത്ത്

തിരുവനന്തപുരം: ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന്‍ രംഗത്ത്. തന്റെ കണ്ണിനു ഗുരുതര അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ് ചെരുപ്പഴിപ്പിക്കാന്‍ ഡ്രൈവറുടെ സഹായം തേടിയതെന്നും സ്പീക്കര്‍ വിശദീകരിച്ചു. ഡ്രൈവറായ ബിജു തന്റെ അടുത്ത ബന്ധുവാണ്. അസുഖം വന്നപ്പോള്‍ മുതല്‍ ബിജു തന്റെ സഹായിയും ഡ്രൈവറുമാണെന്നും വിവാദത്തോട് പ്രതികരിച്ച് സ്പീക്കര്‍ പറഞ്ഞു.

കണ്ണിന്റെ ഞരമ്പുകള്‍ പൊട്ടി കണ്ണിലൂടെ രക്തമൊഴുകുന്ന അസുഖമാണെന്നാണ് സ്പീക്കര്‍ തന്റെ രോഗ വിവരത്തെക്കുറിച്ച് വിശദീകരിച്ചത്. എന്നാല്‍ രോഗത്തെക്കുറിച്ച് അധികം വ്യക്തത അദ്ദേഹം നല്കിയില്ല. രോഗം വന്നതിനു ശേഷം താന്‍ സംസ്ഥാനത്തിനു പുറത്തുപോയാല്‍ സഹായത്തിനു ഭാര്യയെ ഒപ്പം കൂട്ടാറുണ്ട്. തന്റെ വിശദീകരണം പോലും തേടാതെ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്കിയത് ശരിയായില്ല. വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന താന്‍ തലക്കനം ഉള്ളയാളാണെന്ന് ആരും പറയില്ല. ജനങ്ങളുടെ വിശ്വാസം നേടിയാണ് ഇതുവരെ എത്തിയതെന്നും സ്പീക്കര്‍ വിശദീകരിച്ചു.

രോഗം വന്നപ്പോള്‍ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. മറ്റൊരു കണ്ണിനു ഭാഗീകമായേ കാഴ്ചയുണ്ടായിരുന്നുള്ളൂ. ദീര്‍ഘകാലത്തെ ചികിത്സയിലൂടെയാണ് കാഴ്ച തിരിച്ചുകിട്ടിയത്. കുനിയരുതെന്നും ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തരുതെന്നും വെയില്‍കൊള്ളരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ഇത്ര രോഗാവസ്ഥയുള്ളപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു അതു തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ജനങ്ങളുമാണെന്നാണ് സ്പീക്കര്‍ വിശദീകരിച്ചത്. ഇപ്പോള്‍ തന്റെ കണ്ണിനു കുഴപ്പമില്ലെന്നും കണ്ണാടിയില്ലാതെ വായിക്കാന്‍ പറ്റുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. ഡ്രൈവര്‍ ചെരുപ്പഴിച്ച ശേഷം വെയിലത്തു വയലില്‍ ഇറങ്ങികൊയ്തതും കറ്റമെതിച്ചതും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ വ്യക്തമായി പ്രതികരിക്കാതെ സ്പീക്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് നിയമസഭാ വളപ്പിലെ നെല്‍കൃഷിയുടെ വിളവെടുപ്പ് വേളയിലായിരുന്നു സംഭവം. വിളവെടുപ്പിന്റെ ഉദ്ഘാടനം സ്പീക്കര്‍ എന്‍.ശക്തനും കൃഷിവകുപ്പ് മന്ത്രി കെ.പി.മോഹനനും ചേര്‍ന്നായിരുന്നു നിര്‍വഹിച്ചത്. നെല്‍കൊയ്ത ശേഷം കാലുകൊണ്ട് നെല്ല് ചവിട്ടിമെതിക്കുന്ന സമയത്താണ് സ്പീക്കര്‍ ചെരുപ്പ് ഡ്രൈവറെ കൊണ്ട് അഴിപ്പിച്ചത്. നിയമസഭ സെക്രട്ടറിയും നിയമസഭയിലെ ജീവനക്കാരും ഉള്‍പ്പെടെ കൊയ്ത്ത് വേളയില്‍ സന്നിഹിതരായിരുന്നു. സ്പീക്കറുടെ ഔദ്യോഗിക ഡ്രൈവറെ കൊണ്ടാണ് ചെരുപ്പ് അഴിപ്പിച്ചത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികളും സാംസ്‌കാരിക പ്രവര്‍ത്തകരും രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

-എജെ-

Share this news

Leave a Reply

%d bloggers like this: