ഡ്രോണുകളുടെ നിയന്ത്രണത്തിന് പരിഹാരം; പരിശീലനം ലഭിച്ച പ്രാവുകളില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് കാലാവസ്ഥാ വിവരങ്ങള്‍ ശേഖരിക്കുന്നു

യു.കെ: ഡ്രോണുകള്‍ ഉപയോഗിക്കാറുന്നതിന് നിയന്ത്രണം പല രാജ്യങ്ങളിലും ഏര്‍പ്പെടുത്തി തുടങ്ങിയതോടെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ സെന്‍സര്‍ ഘടിപ്പിച്ച പ്രാവുകളെ പ്രയോജനപ്പെടുത്തുന്നു. രാവിലെ പറന്നുപോവുകയും വൈകുന്നേരം തിരിച്ചെത്തുകയും ചെയ്യുന്ന പരിശീലനം ലഭിച്ച പ്രാവുകളെ ഉപയോഗിച്ചാണ് പഠനം. ബിര്‍മിങ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഈ നൂതന ആശയത്തിന് പിന്നില്‍.

ബ്രിട്ടണിലെ വിവിധ നഗരങ്ങളിലെ താപനില, ആര്‍ദ്രത, കാറ്റിന്റെ സ്ഥിതി, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന റിക്ക് തോമസ് പറഞ്ഞു. പ്രാവുകളെ ഉപയോഗിച്ച് പഠനം നടത്തുന്നതിനും അദ്ദേഹത്തിന് വ്യക്തമായ ന്യായീകരണമുണ്ട്. പക്ഷികള്‍ക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാം എന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

പക്ഷികള്‍ക്ക് പകരം ഡ്രോണുകള്‍ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചാല്‍ ചെലവ് കൂടും. മാത്രമല്ല പ്രാദേശിക നിയമങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയൂ എന്ന് തോമസ് വ്യക്തമാക്കുന്നു. പ്രാവുകള്‍ക്ക് ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാവാത്ത വിധത്തിലാണ് സെന്‍സര്‍ ഘടിപ്പിക്കുന്നത്. പ്രാവുകളുടെ ശരീരഭാരത്തിന്റെ വെറും മൂന്ന് ശതമാനമാണ് സെന്‍സറിന്റെ ഭാരം. സെന്‍സര്‍ ഘടിപ്പിക്കുമ്പോള്‍ പ്രാവുകളുടെ ശരീരത്ത് കുത്തേല്‍ക്കാതിരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പ്രാവുകള്‍ തിരിച്ചെത്തിയതിന് ശേഷം സെന്‍സറുകള്‍ ഇളക്കിയെടുത്ത് ഡാറ്റ ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നു. ഇതിനായി സന്നദ്ധപ്രവര്‍ത്തകരുടെ സേവനം ഗവേഷകസംഘം ഉറപ്പാക്കിയിട്ടുണ്ട്.

നിലവില്‍ അഞ്ച് പ്രാവുകളാണ് പഠനത്തില്‍ പങ്കെടുക്കുന്നത്. ഇവ 41 തവണകളിലാണ് ഏകദേശം 1000 കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. പരിശീലനം ലഭിച്ച കൂടുതല്‍ പ്രാവുകള്‍ ലഭ്യമാകുന്ന മുറയ്ക്ക് പഠനം കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഗവേഷക സംഘത്തിന്റെ തീരുമാനം. നഗരങ്ങളില്‍ മലിനീകരണം വ്യാപിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാന്‍ ഈ പഠനം സഹായിക്കും. മലിനീകരണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ തീരുമാനങ്ങളെടുക്കാന്‍ ഇത് പ്രാദേശിക സര്‍ക്കാരുകളെ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു

Share this news

Leave a Reply

%d bloggers like this: