ഡോ. പെരിയപുരത്തിന്‍റെ കോള്‍ വന്നു, ട്രാഫിക്കിലെ ജോസ് പ്രകാശിന്‍റെ കഥാപാത്രത്തെ പോലെ

കഴിഞ്ഞ ദിവസം ട്രാഫിക് സിനിമയിലേതിന് സമാനമായ സംഭവങ്ങളായിരുന്നു കേരളത്തില്‍ നടന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര..മസ്തിഷ്ക മരണംസംഭവിച്ച ഒരാളുടെ ഹൃദയം മറ്റൊരാള്‍ക്ക് വേണ്ടി തുടിക്കുന്നതിന് നിശ്ചയദാര്‍ഢ്യത്തോടെ ഏവരും ഒത്തരുമയോടെ പ്രവര്ത്തിച്ച നിമിഷങ്ങള്‍

സംഭവത്തെക്കുറിച്ച ഹൈബി ഈഡന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

എന്റെ പൊതുജീവിതത്തില്‍ പലതിനും ഒരു നിമിത്തമാവാന്‍ എനിക്ക് അവസരം ലഭിചിട്ടുണ്ട്. ഇന്നലെ രാത്രി ഏഴരയോടെ വന്ന ഡോ: ജോസ് ചാക്കോ പെരിയപുറത്തിന്റെ ഫോണ്‍ കോള്‍ അത്തരത്തില്‍ ഒരു നിമിത്തമായിരുന്നു. തിരുവനന്തപുരത്തു നിന്ന് മസ്തിഷ്‌ക്ക മരണം സംഭവിച്ച ആളുടെ ഹൃദയം എറണാകുളത്ത് മാത്യുവിന്റെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ഏറ്റെടുത്ത ദൗത്യം അറിയിച്ചു. ആകാശമാര്‍ഗ്ഗം മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇന്നലെ രാത്രി തന്നെ ഹൃദയം കൊണ്ട് വരാനായിരുന്നു തീരുമാനം. രാത്രി ചെറുവിമാനങ്ങളും, ഹെലിക്കോപ്റ്ററും പറക്കണമെങ്കില്‍ നേവിയുടെയും പ്രതിരോധ വകുപ്പിന്റെയും പ്രത്യേക അനുമതി വേണം. അപ്പോള്‍ തന്നെ മുഖ്യമന്ത്രിയെയും കളക്ടര്‍ രാജമാണിക്യത്തെയും വിവരം ധരിപ്പിച്ചു. രാത്രി തന്നെ നേവിയുടെ അനുമതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. രാത്രി പന്ത്രണ്ടു മണി വരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരിട്ട് ഫയല്‍ തയ്യാറാക്കി നേവിക്കു അയച്ചു. നേവിയും അനുമതിക്കായുള്ള നടപടികള്‍ ത്വരിതപ്പെടുത്തി.

ഇന്ന് ഉച്ചയോടെ ഡോ: പെരിയപുറം തിരുവനന്തപുരത്തെത്തി ശസ്ത്രക്രിയ നടത്തി നീലകണ്ഠ ശര്‍മ്മയുടെ ഹൃദയം ഏറ്റെടുത്തു. അവിടുന്ന് അങ്ങോട്ട് ഒരു സിനിമാ കഥയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളായിരുന്നു. നേവിയുടെ ഡോര്‍ണിയര്‍ വിമാനത്തില്‍ സംസ്ഥാനത്ത് ആദ്യമായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ച് നടത്തിയ ഓപ്പറേഷന്‍. തിരുവനന്തപുരത്തെയും, കൊച്ചിയിലെയും പോലീസും ഗതാഗത നിയന്ത്രണം നടത്തി വഴിയോരുക്കിയതോടെ ഒരു മണിക്കൂര്‍ പതിനേഴു മിനിട്ട് കൊണ്ട് ഹൃദയം തിരുവനന്തപുരം ആശുപത്രിയില്‍ നിന്ന് എറണാകുളത്ത് ലിസി ആശുപത്രിയില്‍ എത്തിച്ചു ശസ്ത്രക്രിയ ആരംഭിച്ചു.

ഇതൊരു ചരിത്രമാണ്. മുന്നോട്ടുള്ള ദിശാബോധവും. ഇതില്‍ ഒരു നിമിത്തമാവാന്‍ സാധിച്ചത് എന്റെ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണ്. ഡോ: ജോസ് ചാക്കോ പെരിയപുറം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എന്റെ സല്യൂട്ട്. ഇതില്‍ പങ്കാളിയായ എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥന ഈ ദൗത്യം അന്തിമമായി വിജയകരമാക്കാന്‍ സഹായിക്കട്ടെ.

Share this news

Leave a Reply

%d bloggers like this: