ഡോറിസ് അടങ്ങിയെങ്കിലും മഞ്ഞ് വീഴ്ച ശക്തമാകും; രാജ്യത്ത് യെല്ലോ വാണിങ് പ്രഖ്യാപിച്ചു

ഡോറിസ് കൊടുങ്കാറ്റ് പിന്‍വാങ്ങിയതിനു ശേഷം അയര്‍ലണ്ടിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ മഴ തകര്‍ത്ത് പെയ്തുകൊണ്ടിരിക്കുന്നു. തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ആകാശം മേഘാവൃതമായതിനാല്‍ ഏതു നിമിഷവും മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റ് അടിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാരും, വാഹനങ്ങളും അതീവ ജാഗ്രത പാലിക്കാനും മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു. മരച്ചില്ലകളും മറ്റും ഒടിഞ്ഞ് വീണ് അപകടം സംഭവിക്കാനുള്ള സാധ്യതകളും ഏറെയാണ്.

കടല്‍ത്തീരങ്ങളില്‍ തിര ശക്തമായതിനാല്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആരെയും കടലില്‍ ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന് തീരദേശ സേന വ്യക്തമാക്കി. നാളെയും ശക്തമായി മഴ പെയ്യുമെന്ന് അറിയിച്ച കാലാവസ്ഥ കേന്ദ്രം വെള്ളപ്പൊക്കത്തിനുള്ള സാധ്യതകളും തള്ളിക്കളയുന്നില്ല. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നാളെ ഇടിയോട് കൂടിയ കനത്ത മഴ പെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഞ്ഞ് വീഴ്ച ശക്തമാകും. ഇതിനോടൊപ്പം ചിലയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. ഇന്നത്തെ കൂടിയ താപനില 10 ഡിഗ്രി സെല്‍ഷ്യസിനും 13 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. അടുത്ത ആഴ്ച ഇത് 6 ഡിഗ്രിക്കും 9 ഡിഗ്രിക്കും ഇടയിലാകുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് വീശിയടിച്ച ഡോറിസ് കൊടുങ്കാറ്റിനെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ശക്തമായ കാറ്റില്‍ കടപുഴകി വീണിരിക്കുന്ന മരങ്ങളും മറ്റും റോഡുകളില്‍ നിന്നും, റെയില്‍ പാതകളില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കം നടക്കുന്നു. കടുത്ത കാറ്റ് രാജ്യത്തെ ഗതാഗത ശൃംഖലയെ താറുമാറാക്കുകയും രാജ്യമെങ്ങും ഗതാഗത കുരുക്ക് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. പ്രതികൂലമായ കാലാവസ്ഥ കാരണം നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞത്. വിമാനത്താവളങ്ങളില്‍ നിന്ന് പറന്നുയരാന്‍ കഴിയാതെ അനവധി വിമാനങ്ങള്‍ റദ്ദാക്കുകയോ സമയം വൈകി പറക്കുകയോ ചെയ്തത് ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കി.

 

 

എ എം

Share this news

Leave a Reply

%d bloggers like this: