ഡോറിസില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫ്‌ളൈബീ വിമാനം; ആംസ്റ്റര്‍ഡാമില്‍ ഇടിച്ചിറക്കിയ വിമാനത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഡോറിസ് കൊടുങ്കാറ്റുയര്‍ത്തിയ ദുരന്തത്തില്‍ നിന്നും ഫ്‌ളൈബീ 284 വിമാനം ഭാഗ്യം കൊണ്ട് രക്ഷപെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നു. പറന്നുയര്‍ന്ന വിമാനം കാറ്റില്‍ ആടിയുലഞ്ഞപ്പോള്‍ ആദ്യം എഡിന്ബറോയില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റ് ശമിച്ചപ്പോള്‍ അവിടെ നിന്നും പറന്നുയര്‍ന്നപ്പോള്‍ വീണ്ടും കൊടുങ്കാറ്റ് വിമാനത്തെ വേട്ടയാടുകയായിരുന്നു. ഇതില്‍ ലാന്‍ഡിംഗ് ഗിയര്‍ തകര്‍ന്ന് വിമാനം ആംസ്റ്റര്‍ഡാമില്‍ ലാന്‍ഡ് ക്രാഷ് ചെയ്തപ്പോള്‍ കടുത്ത അപകടത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട സംഭ്രമജനകമായ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

ആംസ്റ്റര്‍ഡാമില്‍ സ്‌കിഫോള്‍ എയര്‍പോര്‍ട്ടില്‍ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്യുന്നതിന്റെ ഈ ദൃശ്യങ്ങള്‍ ഒരു യാത്രക്കാരനാണ് പകര്‍ത്തിയിരിക്കുന്നത്. ഇന്നലെ യുകെയില്‍ ആകമാനം വീശിയടിച്ച കൊടുങ്കാറ്റായ ഡോറിസാണ് വിമാനത്തെ കുഴപ്പത്തിലാക്കിയത്. മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ വിമാനം അക്ഷരാര്‍ത്ഥത്തില്‍ ആടിയുലയുകയായിരുന്നു. കാറ്റ് ശമിച്ചപ്പോള്‍ ഉച്ചക്ക് 2 .10 നു ആയിരുന്നു വിമാനം എഡിന്‍ബറോയില്‍ നിന്നും പറന്നുയര്‍ന്നിരുന്നത്. ബൊംബാര്‍ഡിയര്‍ ക്യൂ400 വിമാനത്തില്‍ ഡാന്‍ടീയില്‍ നിന്നും ആംസ്റ്റര്‍ഡാമിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഈ അപകടഭീഷണികളെല്ലാം താങ്ങേണ്ടി വന്നത്.

https://youtu.be/jq1EWPA0VSI

വിമാനം റണ്‍വേയിലേക്ക് ഇടിച്ചിറങ്ങുമ്പോള്‍ ശക്തമായി ആടിയുലയുന്നു വീഡിയോയില്‍ ദൃശ്യമാണ്. വൈകുന്നേരം 4 .54 നാണ് വിമാനം സ്‌കിഫോളില്‍ ഇറങ്ങിയത്. റണ്‍വേയില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വിമാനത്തിന്റെ വലതു ഭാഗത്ത് ചില്ലറ കേടുപാടുകള്‍ പറ്റിയിരുന്നു. ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് പുക ഉയരുന്നത് വീഡിയോയില്‍ കാണാം. എല്ലാം യാത്രക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുണ്ട്. എമര്‍ജന്‍സി സര്‍വീസുകള്‍ റണ്‍വേയിലേക്ക് കുതിച്ചെത്തുകയും വിമാനത്തില്‍ നിന്നും യാത്രക്കാരെല്ലാം അടിയന്തിരമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു. വിമാനത്തില്‍ 46 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.

യാത്രക്കാരെ ടെര്‍മിനലിലേക്ക് ബസിലെത്തിക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ക്ക് കുഴപ്പമൊന്നുമില്ലെന്നും എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു വിദഗ്ധ സംഘത്തെ അയക്കുമെന്ന് ഫ്‌ളൈബീ അറിയിച്ചിട്ടുണ്ട്. കടുത്ത ഡോറിസ് കൊടുങ്കാറ്റ് അയര്‍ലന്റിലേക്കും യുകെയിലേക്കും വരുന്നതും പോകുന്നതുമായ നിരവധി വിമാനങ്ങളെ സാരമായി ബാധിച്ചിരുന്നു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചിലതു സമയം വൈകി പറക്കുകയും ചെയ്തതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് വലഞ്ഞിരിക്കുന്നത്.

https://youtu.be/AdEjhLM7kok


എ എം

Share this news

Leave a Reply

%d bloggers like this: