ഡിസ്പ്ലേയുടെ ഉള്ളില്‍ത്തന്നെ ക്യാമറ; ചരിത്രം കുറിച്ച് സാംസങ്ങ്

പലപ്പോഴും ഐഫോണുകള്‍ എത്തിയതിന് ശേഷം മാത്രം ഫീച്ചേഴ്സിനോട് സാദൃശ്യമുള്ള മറ്റ് സങ്കേതങ്ങള്‍ അവതരിപ്പിക്കുന്നവര്‍ എന്നൊരു ചീത്തപ്പേര് സാംസങ്ങ് പേറുന്നുണ്ട്. എന്നാല്‍ ഡിസ്പ്ലേ നോച്ച് പോലുള്ളവ പകര്‍ത്താന്‍ സാംസങ്ങ് തയാറായതുമില്ല. ഇപ്പോഴിതാ ആര്‍ക്കും ഇതുവരെ സാധിക്കാതിരുന്ന ഒരു സാങ്കേതിക മികവുമായി സാംസങ്ങ് എത്തിയിരിക്കുന്നു.

ചൈനയില്‍ അവതരിപ്പിച്ച ഗ്യാലക്സി എ8എസ് എന്ന സ്മാര്‍ട്ട്ഫോണിലാണ് സാംസങ്ങ് മാജിക് ദൃശ്യമായത്. ഫോണിന്റെ സെല്‍ഫി ക്യാമറ മുകളില്‍ ഇടത് മൂലയില്‍ ഡിസ്പ്ലേയ്ക്ക് ഉള്ളിലാണ് സാംസങ്ങ് ഘടിപ്പിച്ചിരിക്കുന്നത്. 6.4 ഇഞ്ച് ഇന്‍ഫിനിറ്റി ഡിസ്പ്ലേയ്ക്കുള്ളിലാണ് സാംസങ്ങിന്റെ ഈ കളി. വാവെയ് ഇത്തരത്തിലൊന്ന് തങ്ങളും പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആദ്യം സാധിച്ചെടുത്തത് സാംസങ്ങാണെന്നുമാത്രം.

ഇതോടെ മുന്‍ ക്യാമറയ്ക്കായി ഡിസ്പ്ലേ ഒഴിച്ചുള്ള ഹാര്‍ഡ്വെയര്‍ ഭാഗങ്ങളില്‍ സ്ഥലം കണ്ടെത്തുക എന്ന തലവേദനയാണ് ഒഴിവാകുന്നത്. വിവോ പോപ്അപ്പ് ക്യാമറകള്‍ പല രീതിയില്‍ അവതരിപ്പിച്ച് ക്യാമറയ്ക്കായി സ്ഥലം കണ്ടെത്തി. ഷവോമി ഫോണിന്റെ ഏറ്റവും താഴെവരെ മുന്‍ക്യാമറ ഘടിപ്പിച്ചുനോക്കി. മറ്റൊരുവഴിയുമില്ലാതെയാണ് പല പ്രശസ്ത കമ്പനികളും ‘മഞ്ഞുതുള്ളി’ വലിപ്പമുള്ള നോച്ച് ഡിസ്പ്ലേകള്‍ പരീക്ഷിച്ചത്. എല്ലാം ഡിസ്പ്ലേയുടെ പൂര്‍ണതയ്ക്കുവേണ്ടി മാത്രം. എന്നാല്‍ ഇനി സാംസങ്ങ് ഇറക്കുന്ന പുതിയ ഫോണുകളെ സംബന്ധിച്ച് അത്തരം ആശയക്കുഴപ്പങ്ങളൊന്നുമില്ല.

സ്നാപ്ഡ്രാഗണ്‍ 710 ഒക്ടാകോര്‍ പ്രോസസ്സര്‍ പ്രകടനശേഷിയിലെ അടുത്ത തലമുറയാണ്. ആറ് ജിബി എട്ട് ജിബി റാം വേരിയന്റുകള്‍ക്ക് യഥാക്രമം 128 ജിബി 256 ജിബി ആന്തരിക സംഭരണ ശേഷിയുണ്ട്. പിന്നില്‍ മൂന്ന് ക്യാമറകളുമായി എത്തുന്ന ഫോണിന് 3400 എംഎഎച്ച് ബാറ്ററി ശേഷിയാണുളളത്. ഫോണിന് ഏകദേശ വില എത്രയാകുമെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല.

Share this news

Leave a Reply

%d bloggers like this: