ഡിഎന്‍എ പരിശോധനാഫലം പുറത്ത്: മരിച്ചത് ലിഗ തന്നെയെന്ന് സ്ഥിരീകരിച്ചു; അന്വേഷണം വ്യാപിപിച്ച് പോലീസ്

തിരുവല്ലത്ത് ചെന്തിലാക്കരിയ്ക്കടുത്തുള്ള കണ്ടല്‍ക്കാട്ടില്‍ നിന്നും ലഭിച്ച മൃതദേഹം കോവളത്ത് കാണാതായ ഐറിഷ് സ്വദേശിനി ലിഗ സ്‌ക്രോമേന്റേത് തന്നെയാണെന്ന് വ്യക്തമായി. ഇന്ന് രാവിലെ പുറത്തുവന്ന ഡിഎന്‍എ പരിശോധന ഫലത്തിലാണ് ഇക്കാര്യം ഉറപ്പിച്ചിരിക്കുന്നത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച വസ്ത്രങ്ങളും സമീപത്തു നിന്നും ലഭിച്ച വിദേശ നിര്‍മ്മിത സിഗരറ്റും മുടിയും വച്ച് മരിച്ചത് ലിഗ തന്നെയാണെന്ന് സഹോദരിയും ഭര്‍ത്താവും സ്ഥിരീകരിച്ചിരുന്നു. കൂടാതെ ലിഗയെ കോവളത്ത് കൊണ്ടുപോയി വിട്ട ഓട്ടോഡ്രൈവര്‍ ഷാജിയും ഇത് ഉറപ്പിച്ചു. സഹോദരി ഇലീസിന്റെ ഡിഎന്‍എയുമായി താരതമ്യം ചെയ്താണ് മരിച്ചത് ലിഗയാണെന്ന് ഉറപ്പാക്കിയത്. പരിശോധനാഫലം ഇന്നുതന്നെ കോടതി വഴി പോലീസിന് കൈമാറും.

മാര്‍ച്ച് 14ന് കാണാതായ ലിഗയുടെ മൃതദേഹം ഏപ്രില്‍ 20ന് കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ഈ പ്രദേശത്ത് ചൂണ്ടയിടാന്‍ പോയ യുവാക്കളാണ് കണ്ടെത്തിയത്. കൊലപാതകമാണെങ്കിലും ആത്മഹത്യയാണെങ്കിലും മാര്‍ച്ച് 15, 16 ദിവസങ്ങളില്‍ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. കോവളം, തിരുവല്ലം ഭാഗത്തെ ഒട്ടേറെ നാട്ടുകാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. സ്ഥലത്ത് വ്യാജ വാറ്റും ചീട്ടുകളി സംഘവും സജീവമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരൊക്കെ സംശയിക്കുന്നുണ്ട്.

ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍ നിന്ന് അരമണിക്കൂറുകൊണ്ട് നടന്നും വള്ളത്തിലൂടെയും മൃതദേഹം കണ്ടെത്തിയ കാട്ടിലെത്താനാവുമെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചില ടൂറിസ്റ്റുകള്‍ വരാറുണ്ടെന്നും വിഷാദരോഗമുള്ള ലിഗ ആത്മഹത്യ ചെയ്യാനുറച്ച് ഇവിടെയെത്തിയിരിക്കാമെന്നും പോലീസ് പറഞ്ഞിരുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റില്‍ മെയ്ഡ് ഇന്‍ ചൈന എന്നെഴുതിയിട്ടുണ്ട്. അത്തരം ജാക്കറ്റുകള്‍ കോവളത്തെ ഒട്ടേറെ കടകളിലുണ്ട്. ഓട്ടോയിലെത്തിയ ശേഷം ലിഗ വാങ്ങിയതാണെന്നും പോലീസ് പറയുന്നു.. മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം ശരീരം അഴുകിയാണ് തല വേര്‍പ്പെട്ടത്

ലിഗ ഒറ്റയ്ക്ക് കുറ്റിക്കാട്ടിലേക്ക് പോകുന്നതായി രണ്ട് സ്ത്രീകള്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ട്. കൂടാതെ മൃതദേഹം കണ്ടെത്തയ സ്ഥലം ചീട്ടുകളി സംഘങ്ങളുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും സ്ഥിരം സങ്കേതമാണെന്നും വ്യക്തമായി. ഇവിടെ പതിവായി എത്തുന്നവരില്‍ ചിലരെ ചോദ്യം ചെയ്തപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കാനും ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

ലിഗയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ ധനസഹായം സഹോദരി ഇല്‍സക്ക് ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ഇല്‍സ പ്രതികരിച്ചു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: