ഡാഫ്ന കരുവാന ഗലീസിയയുടെ കൊലപാതകം: ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവന്‍ അറസ്റ്റില്‍; ആരോപണം പ്രധാനമന്ത്രിക്കെതിരെയും; യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയില്‍ അനിശ്ചിതത്വം തുടരുന്നു…

വലേറ്റ: അറിയപ്പെടുന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തകയായ ഡാഫ്ന കരുവാന ഗലീസിയയെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിസിനസുകാരനെതിരെ മാള്‍ട്ട പോലീസ് കേസെടുത്തു. മാള്‍ട്ടയിലെ ചൂതാട്ട, റിയല്‍ എസ്റ്റേറ്റ് സാമ്രാജ്യത്തിന്റെ തലവനായ വ്യവസായി യോര്‍ഗന്‍ ഫെനെക്കിനെയാണ് ശനിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റുചെയ്ത് ചോദ്യം ചെയ്തത്. കൊലപാതകത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. പനാമ രേഖകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖയാണ് കരുവാന ഗലീസിയ.

ഏകാംഗ വിക്കിലീക്‌സ് എന്ന പേരിലറിയപ്പെട്ട കരുവാനയുടെ ബ്ലോഗെഴുത്തുകള്‍ക്ക് വന്‍ സ്വീകാര്യതയുണ്ടായിരുന്നു. രാജ്യത്തു നടക്കുന്ന അഴിമതിയില്‍ പ്രധാനമന്ത്രിയുടെ സ്റ്റാഫ് മേധാവി കീത്ത് ഷെംബ്രിക്കും അന്നത്തെ ഊര്‍ജമന്ത്രിയും ഇപ്പോഴത്തെ ടൂറിസം മന്ത്രിയുമായ കോണ്‍റാഡ് മിസിക്കും പങ്കുണ്ടെന്നും കരുവാന ബ്ലോഗില്‍ ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്കു മുന്പായിരുന്നു അവര്‍ ഇരുവരുടെയും പേരുകള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള ബ്ലോഗ് പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ ഇരുവരും രാജിവെച്ചു. ഷെംബ്രിക്കിന്റെ ഉറ്റ സുഹൃത്താണ് ഇപ്പോള്‍ അറസ്റ്റിലായ യോര്‍ഗന്‍ ഫെനെക്ക്.

കരുവാന ഗലീസിയയുടെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജന സമരം വലിയ പ്രക്ഷോഭമായി പരിണമിച്ചതോടെ മാള്‍ട്ടയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. കുറ്റാരോപിതരായവരെ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയും രാജിവെക്കണമെന്നാണ് പ്രതിഷേധക്കാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അതോടെ പ്രധാനമന്ത്രി ജോസഫ് മസ്‌കറ്റും രാജിവെച്ചേക്കുമെന്നാണ് സൂചന. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരവധിപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പല ഉന്നതരിലേക്കും അന്വേഷണം എത്തിനില്‍ക്കുന്നുമുണ്ട്. 2017 ഒക്ടോബറിലാണ് വീടിനു സമീപത്തു വെച്ചുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കരുവാന ഗലീസിയ കൊല്ലപ്പെടുന്നത്.

പനാമ പേപ്പേഴ്‌സ് എന്നറിയപ്പെടുന്ന ഓഫ്ഷോര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കരുവാന ഗലീസിയ പല അഴിമതികളും തുറന്നു കാട്ടിയിരുന്നത്. ഷെംബ്രിക്കും മിസിയും അതിലെ പ്രധാന കുറ്റാരോപിതരായിരുന്നു. കരുവാന ഗലീഷ്യയുടെ വെളിപ്പെടുത്തലുകള്‍ മാള്‍ട്ടയില്‍ പൊതുതിരഞ്ഞെടുപ്പിന് വഴിവെച്ചിരുന്നു. ലേബര്‍പാര്‍ട്ടി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും അത് മാള്‍ട്ടയിലെ രാഷ്ട്രീയമായ അസ്വസ്ഥതകളെ ശമിപ്പിച്ചില്ല. അഞ്ചുമാസത്തിനുശേഷം കരുവാന ഗലീഷ്യ കൊല്ലപ്പെട്ടു. കൊലപാതകത്തില്‍ ഷെംബ്രിക്കിനും മിസിക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായിരിക്കെയാണ് അവരുമായി ഏറ്റവും അടുപ്പമുള്ള വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: