ഡല്‍ഹി ബലാത്സംഗം…കുറ്റവാളിയെ മോചിപ്പിക്കാതിരിക്കാന്‍ നിയമം ഇല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിര്‍ഭയ പീഡനക്കേസില്‍ കുട്ടിക്കുറ്റവാളിയുടെ മോചനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രശ്‌നത്തില്‍ കോടതിക്കും ആശങ്കയുണ്ടെന്ന് പറഞ്ഞ ബെഞ്ച് ഏതു നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് മോചനം തടയാന്‍ കഴിയുകയെന്നും ആരാഞ്ഞു. കുറ്റവാളിയെ നിരീക്ഷിക്കാന്‍ സമിതി വേണമെന്ന ഡല്‍ഹി വനിതാ കമ്മിഷന്റെ ആവശ്യവും നിരസിച്ചു. വ്യക്തമായ നിയമത്തിന്റെ അഭാവത്തില്‍ ഏതെങ്കിലുമൊരു വ്യക്തിയുടെ അവകാശം എടുത്തുമാറ്റാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കുട്ടിക്കുറ്റവാളിയുടെ മോചനം തടയാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന്‍ ചീഫ് ജസ്റ്റീസിന് നേരിട്ട് പരാതി സമര്‍പ്പിക്കുകയായിരുന്നു. ഇതു പരിഗണിച്ച ചീഫ് ജസ്റ്റീസ് ഹര്‍ജി അവധിക്കാല ബെഞ്ചിന് കൈമാറിയിരുന്നു. അതേസമയം, വിധിയില്‍ അത്ഭുതപ്പെടാനില്ലെന്ന് നിര്‍ഭയ പീഡനക്കേസില്‍ ഇരയായ ജ്യോതി സിംഗിന്റെ അമ്മ പ്രതികരിച്ചു. തങ്ങള്‍ക്ക് ഇതുവരെ നീതി ലഭിച്ചില്ല. ഇന്ത്യയില്‍ നിയമങ്ങള്‍ മാറ്റാന്‍ പ്രയാസമാണെന്നും അവര്‍ പ്രതികരിച്ചു.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗം അരങ്ങേറിയത്. കേസിലെ ആറു പ്രതികളില്‍ ഒരാള്‍ 2013ല്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. മറ്റു നാലു പേര്‍ ജയിലിലാണ്. ജുവനൈല്‍ ശിക്ഷാനിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതി ശിക്ഷാകാലാവധി കഴിഞ്ഞ് ഇന്നലെ പുറത്തിറങ്ങിയെങ്കിലും ഡല്‍ഹിയിലെ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലാണ്.

Share this news

Leave a Reply

%d bloggers like this: