ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പുതിയ റണ്‍വേ നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കമായി

ഡബ്ലിന്‍: യൂറോപ്പിലെ തിരക്ക് പിടിച്ച എയര്‍പോര്‍ട്ട് പദവിയുള്ള ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് പുതിയ റണ്‍വേ വരുന്നു. ഇതിന്റെ പ്രാരംഭ നിര്‍മ്മാണ ജോലികള്‍ക്ക് പ്രധാനമന്ത്രി ലിയോ വരേദ്കറുടെയും ഗതാഗത മന്ത്രി ഷെയ്ന്‍ റോസിന്റെയും സാന്നിധ്യത്തില്‍ ഇന്ന് തുടക്കം കുറിക്കും. 320 മില്യണ്‍ യൂറോ ചെലവില്‍ നിര്‍മ്മിക്കപ്പെടുന്ന റണ്‍വേ വികസനത്തിന് ഓരോ വര്‍ഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ടിലൂടെ കടന്നുപോകുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി പുതിയ റണ്‍വേ എന്ന ആശയം മുന്നോട്ടു വച്ചത്.

പ്രാദേശിക താമസക്കാരുടെ എതിര്‍പ്പും നിയമപരമായ പ്രതിസന്ധികളും മറികടന്നാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണം തടയണമെന്ന് ആവശ്യപ്പെട്ട് എയര്‍പോര്‍ട്ടിന്റെ സമീപ പ്രദേശത്തുള്ള ഹൗസിങ് കോളനികള്‍ പരാതി നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാകും എയര്‍പോര്‍ട്ട് വികസനം സാധ്യമാകുന്നതെന്ന വരേദ്കറിന്റെ ഉറപ്പിന്മേലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്..

50 മില്യണിലധികം യാത്രക്കാരാണ് ഓരോ വര്‍ഷവും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി കടന്നുപോകുന്നത്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതോടോപ്പം അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തണമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ വര്‍ഷം ക്യാബിനറ്റിന് മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്നാമതൊരു ടെര്‍മിനല്‍ കൂടി നിര്‍മ്മിക്കാനുള്ള ആവശ്യകതയും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ തിരക്കു വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പുതിയൊരു ടെര്‍മിനല്‍ എന്ന ആവശ്യവും ശക്തമാകുകയുമാണ്. പുതിയ എയര്‍ലൈന്‍ സര്‍വീസുകളും ഇതിലൂടെ നടത്താനാകും. 2031 ന്നോടുകൂടി പുതിയ ടെര്‍മിനലിന്റെ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. എയര്‍പോര്‍ട്ട് പാര്‍ക്കിങ് സ്റ്റാന്‍ഡ്, ബോര്‍ഡിങ് ഗേറ്റ്, കൂടാതെ മറ്റ് സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റി തീരുമാനമെടുത്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: