ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്‍മയക്കുമരുന്ന് വേട്ട: കോടികളുടെ ഹെറോയിനുമായി യുവതി പിടിയില്‍

ഡബ്ലിന്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്നു വേട്ട. കോടികള്‍ വിലമതിക്കുന്ന ഹെറോയിനുമായി പാകിസ്ഥാനില്‍ നിന്നുള്ള വിമാനത്തില്‍ വന്ന യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇവരോടൊപ്പം ഒന്‍പത് വയസുമുള്ള കുഞ്ഞുമുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനാണ് കുഞിനെയും ഒപ്പം കൂട്ടിയത്. വിമാനത്താവളത്തിലെത്തിയ ഏജന്റുമായി ഇടപാട് നടത്തുമ്പോഴായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെട്ടത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവതിയുടെ ബാഗിനുള്ളില്‍ നിന്ന് 2.1 മില്യണ്‍ യൂറോ വിലമതിക്കുന്ന 15 കിലോ ഹെറോയിന്‍ കണ്ടെത്തുകയായിരുന്നു. സമീപ വര്‍ഷങ്ങളില്‍ പിടികൂടിയതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ സെപ്റ്റംബറില്‍ വെസ്റ്റ് ഡബ്ലിനില്‍ 12 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.

പാകിസ്താനിലെ ലാഹോറില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ ഡബ്ലിനില്‍ എത്തിയത്. ഇന്റലിജന്‍സ് സന്ദേശത്തെ തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തങ്ങള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു വരികയായിരുന്നു. 1966 ലെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമപ്രകാരം യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടെയുണ്ടായിരുന്ന കുഞ്ഞിനെ സാമൂഹിക പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാക്കി.

ഇവരുടെ പികൂടിയ മയക്കുമരുന്ന് ഐറിഷ് മാര്‍ക്കറ്റിലേക്കുള്ളതാണ് ഗാര്‍ഡ വിശ്വസിക്കുന്നില്ല. മറിച്ച് ബ്രിട്ടനിലേക്ക് കടത്തുന്നതിനിടെ പിടിയിലായതാവാനാണ് സാധ്യത. എന്നാല്‍ ഇതില്‍ ഒരംശം അയര്‍ലന്‍ഡ് മാര്‍ക്കറ്റിലും വില്പനക്കെത്തും. മയക്കുമരുന്ന് കടത്തുസംഘങ്ങളുടെ പ്രധാന സഞ്ചാര മാര്‍ഗമാണ് അയര്‍ലണ്ട് വഴി ബ്രിട്ടനിലേക്കുള്ള പാതയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അയര്‍ലന്‍ഡില്‍ മയക്കുമരുന്നു കേസില്‍ പിടികൂടുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മിക്ക യൂറോപ്യന്‍ വിമാനത്താവളങ്ങളിലും തീവ്രവാദ ആക്രമണം, മനുഷ്യക്കടത്തല്‍ തുടങ്ങിയവയെ ചെറുക്കാന്‍ അടുത്തിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനെ തുടര്‍ന്ന് ഇത്തരം ക്രിമിനല്‍ സംഘങ്ങള്‍ സുരക്ഷ കുറഞ്ഞ എയര്‍പോര്‍ട്ടുകളെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: