ഡബ്ലിന്‍ മെട്രോ ലൈന്‍ പ്ലാന്‍ 2040; നാല് പുതിയ ലുവാസ് ലൈനുകള്‍ വരുന്നു

 

ഐറിഷ് ഗവണ്മെന്റിന്റെ പുതിയ 115 ബില്ല്യന്‍ യൂറോയുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതിയുടെ ഭാഗമായി ഡബ്ലിനിലെ ലുവാസ് ശൃംഖല പുതിയ നാല് ലൈനുകളിലേക്ക് വ്യാപിപ്പിക്കും. 5 ബില്യണ്‍ യൂറോയാണ് ഇതിനായി വകയിരുത്തിയത്. സ്‌കൂളുകള്‍, ആശുപത്രികള്‍, ഭവനങ്ങള്‍, റോഡുകള്‍, മറ്റ് ഗതാഗത ബന്ധങ്ങള്‍ തുടങ്ങി അടുത്ത 20 വര്‍ഷത്തേക്കുള്ള വികസന പരിപാടികള്‍ ഉള്‍പ്പെട്ട പദ്ധതിയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ലിയോ വരേദ്കറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ഗതാഗത സൗകര്യ വികസനത്തിന്റെ ഭാഗമായാണ് ഡബ്‌ളിന്‍ ലൈറ്റ് റെയില്‍ സര്‍വീസായ ലുവാസ് നാല് പുതിയ ലൈനുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കുന്നത്. ബ്രെയ്, ലൂക്കന്‍, ഫിംഗ്ലസ്, പൂള്‍ബെഗ് എന്നീ സ്ഥലങ്ങളിലേക്കാണ് പുതിയ ലൈനുകള്‍ക്കായി സ്ഥാപിക്കുക. ദീര്‍ഘദൂര മെട്രോ നോര്‍ത്ത് പദ്ധതിയായ ഡബ്ലിന്‍ മെട്രോ, നഗരത്തിന്റെ തെക്കുഭാഗത്തേക്കും വ്യാപിപ്പിക്കുമെന്നും ലിയോ വരദകര്‍ പറഞ്ഞു. ഡാര്‍ട്ട്, ലുവാസ് ലൈനുകളുമായി മെട്രോ ബന്ധിപ്പിക്കും.

ഡബ്ലിന്റെ കിഴക്ക് പടിഞ്ഞാറന്‍ മേഖലയില്‍ ലുവാസ് ലൈന്‍ വികസിപ്പിക്കാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഈ കോറിഡോറിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്ന് ഈ പദ്ധതിരേഖ പറയുന്നു. മുമ്പ് പല ഗതാഗത വികസന പദ്ധതികളിലും ലൂക്കനിലേക്കുള്ള മെട്രോ ലൈനിന്‍െ കാര്യം ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടായിരുന്നില്ല. ഡബ്ലിന്‍ സിറ്റി പ്രദേശത്തെ ലുവാസ് ലൈന്‍ മുഖേനെ പൂര്‍ണ്ണമായും ബന്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ലുവാസ് ലൈനുകള്‍ പണി പൂര്‍ത്തിയാക്കണം എന്നാണ് നയരൂപരേഖ പറയുന്നത്.

അയര്‍ലണ്ടിന്റെ 2040 ലേക്കുള്ള വികസനം ലക്ഷ്യം വയ്ക്കുന്ന മാസ്റ്റര്‍ പ്ലാനുകള്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയായിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് 116 ബില്യണ്‍ യൂറോ മൂലധനമായി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അടുത്ത 20 വര്‍ഷത്തിനുള്ളിലെ ഒരു ദശലക്ഷം ജനസംഖ്യ മുന്നില്‍ക്കണ്ടാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പുതുതായി 550,000 വീടുകള്‍ പദ്ധതിയിലുണ്ട്. ഗ്രാമീണ പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് 1 ബില്യണ്‍ യൂറോയും ഉള്‍പ്പെട്ടിട്ടുണ്ട്.

 

 

എ എം

 

Share this news

Leave a Reply

%d bloggers like this: