ഡബ്ലിന്‍ ബസ്സ് അടക്കമുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചു; പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ നിലവില്‍ വരും

ഡബ്ലിന്‍: രണ്ടര മില്യണിലേറെ ആളുകള്‍ പ്രതിവര്‍ഷം ഉപയോഗിക്കുന്ന രാജ്യത്തെ പൊതുഗതാഗതമാര്‍ഗങ്ങളുടെ നിരക്കുകളില്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(NTA) വരുത്തിയ വ്യത്യാസങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. കഴിഞ്ഞ ഒക്ടോബറിലാണ് ഗതാഗത നിരക്കുകളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. രാജ്യത്തെ ഏറ്റവും മികച്ച പൊതുഗതാഗത മാര്‍ഗങ്ങളില്‍ ഒന്നായ ഡബ്ലിന്‍ ബസ് അടക്കമുള്ളവയില്‍ ഇന്ന് മുതല്‍ നിരക്ക് വര്‍ധനവ് നടപ്പില്‍ വരും. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതു സംബന്ധിച്ചു അന്തിമതീരുമാനം എടുത്തത്. രാജ്യത്തെ ഫെയര്‍ സ്റ്റേജുകളില്‍ പുനഃക്രമീകരണവും നടത്തിയിട്ടുണ്ട്.

ഫെയര്‍ ചാര്‍ജുകള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി ബസ്, ലുവാസ്, ഡാര്‍ട്ട്, റെയില്‍ തുടങ്ങിയവയിലെല്ലാം നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശിച്ച പുതുക്കിയ ചാര്‍ജുകള്‍ നിലവില്‍ വരും. ഡബ്ലിന്‍ ഷോര്‍ട്ട് ഹോപ്പ് സോണ്‍ (SHZ) ഉപയോഗിക്കുന്ന യാത്രക്കാര്‍ക്കാണ് നിരക്കിലെ വ്യത്യാസം പ്രധാനമായും ബാധിക്കുക. ഡബ്ലിന്‍ ബസിന്റെ കാര്യമെടുത്താല്‍ 13 സ്റ്റേജ്ജ് വരെയുള്ള 2.60 യൂറോ എന്ന ലീപ് ചാര്‍ജ്ജ് 2.50 യൂറോ ആയി കുറയും. അതേസമയം 4 മുതല്‍ 13 വരെ ഫെയര്‍ സ്റ്റേജുകളിലുള്ള ലീപ് ചാര്‍ജായ 2.15 യൂറോ 2.25 യൂറോ ആയി വര്‍ധിക്കും. 13 സ്റ്റേജുകള്‍ക്ക് മുകളിലുള്ള യാത്രാനിരക്കായ 3.30 യൂറോ അങ്ങനെതന്നെ തുടരും. 4-13 സ്റ്റേജുകളിലെ യാത്ര നിരക്ക് 2.85 യൂറോയില്‍ നിന്ന് 3.00 യൂറോ ആയും വര്‍ധിക്കും.

മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് മൂലം ലാഭം പ്രതീക്ഷിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഉദാഹരണമായി ഇന്റര്‍സിറ്റി ലാന്റോഡ് ഐറാന്‍ എക്സ്പ്രസ്സിലെ ചാര്‍ജ്ജ് 5 ശതമാനം കുറയും. കുറഞ്ഞ നിരക്കില്‍ പൊതുഗതാഗത മാര്‍ഗത്തില്‍ യാത്ര ചെയാന്‍ കഴിയുന്ന ഏരിയ വര്‍ധിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കായി ഗാല്‍വേ, ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു ദിവസം ദൈര്‍ഘ്യമുള്ള 4.00 യൂറോയുടെ പുതിയ ടിക്കറ്റ് ചാര്‍ജ്ജും അവതരിപ്പിച്ചു.

 

എ എം

Share this news

Leave a Reply

%d bloggers like this: