ഡബ്ലിനില്‍ വസ്തുനികുതി കുറക്കാന്‍ ധാരണ; വാടക നിരക്കിലും കുറവ് വന്നേക്കും

ഡബ്ലിന്‍: ഡബ്ലിനില്‍ വസ്തു നികുതി നിയന്ത്രിക്കപ്പെടുന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും. ഈ നിയമം വരുന്നതോടെ പ്രാദേശിക നികുതികള്‍ കുത്തനെ ഉയര്‍ത്തുന്ന കൗണ്‍സിലുകളുടെ അധികാരം പരിമിതമാകും. ഇത് വസ്തുനികുതിയോടൊപ്പം വീട് വാടക നിരക്കിലും കുറവ് വരുത്തിയേക്കും.

നിലവില്‍ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നത് അതാത് കൗണ്‍സിലുകളാണ്. ഡബ്ലിന്‍ മേഖലയില്‍ നിലവില്‍ നാല് കൗണ്‍സിലുകള്‍ മാത്രമാണ് നികുതി കുറക്കാന്‍ തയ്യാറാകുന്നത്. ബാക്കി ഭൂരിഭാഗം കൗണ്‍സിലുകളും നികുതി ഭാരം ഉയത്തുകയാണ് ചെയ്യുന്നത്. ഈ പ്രവണത ഒഴിവാക്കി ഡബ്ലിനില്‍ നിശ്ചിത നിരക്കില്‍ മാത്രം വസ്തു നികുതി നിലനിര്‍ത്തുന്ന നിയമമാണ് പ്രാബല്യത്തില്‍ വരുന്നത്. ഈ നിയമം ഡബ്ലിന്‍ ഒഴികെയുള്ള കുന്‍സിലുകള്‍ക്ക് ബാധകമാകില്ല.

നിലവിലെ ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിയമമനുസരിച്ച് അതാത് കൗണ്‌സിലുകള്‍ക്ക് 15 ശതമാനം നികുതി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. എന്നാല്‍ നികുതി കുറക്കുന്ന കൗണ്‍സിലുകള്‍ വളരെ കുറഞ്ഞ് വരികയാണെന്ന് ലോക്കല്‍ പ്രോപ്പര്‍ട്ടി ടാക്‌സ് നിയമം ചൂണ്ടിക്കാട്ടി കള്‍ച്ചറല്‍ മിനിസ്റ്റര്‍ ജോസഫ മാഡിഗണ്‍ സഭയുടെ അടിയന്തിര ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. വസ്തുനികുതിയില്‍ കുറവ് വരുന്നതോടെ വീട് വാടകയിലും താരതമ്യേനെ കുറവ് അനുഭവപ്പെടും.

ഡബ്ലിനില്‍ വസ്തു വാടക വില കുത്തനെ ഉയരുന്നത് ഇതോടെ തടയാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. കൗണ്‍സിലുകളുടെ അധികാരം പരിമിതപ്പെടുത്തുന്ന നിയമത്തിനെതിരെ ഡബ്ലിന്‍ കൗണ്‍സിലുകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രാദേശിക ഫണ്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വികസനപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമെന്നാണ് കൗണ്‍സിലുകള്‍ നല്‍കുന്ന മുന്നറിയിപ്പ്.

തെരുവുകളില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ നീക്കാന്‍ മാത്രം പ്രതിവര്‍ഷം ലക്ഷക്കണക്കിന് യൂറോ ആണ് ചെലവിടേണ്ടി വരുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൗണ്‍സിലുകളുടെ പരിധിയില്‍പ്പെടുന്നതുകൊണ്ട് ഇതില്‍ നിന്നും കൗണ്‍സിലുകള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. വസ്തുനികുതിയാണ് പ്രധാനമായും കൗണ്‍സിലുകളുടെ സ്രോതസ്സ്. പുതിയ നിയമം വന്നുകഴിഞ്ഞാല്‍ ഡബ്ലിന്‍ കൗണ്‍സിലുകള്‍ക്ക് ധനകാര്യ മന്ത്രാലയം പ്രത്യേക ഫണ്ടുകള്‍ അനുവദിക്കേണ്ടി വരുമെന്നും കൗണ്‍സിലുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഡികെ

Share this news

Leave a Reply

%d bloggers like this: