ഡബ്ലിനില്‍ റെന്റ്റ് പ്രെഷര്‍ സോണ്‍ കാലാവധി 2021 വരെ നീട്ടി; ലീമെറിക് നഗരവും പ്രെഷര്‍ സോണിന്റെ പരിധിയില്‍

ഡബ്ലിന്‍: വാടക നിരക്ക് കുതിച്ചുയരുന്ന പ്രദേശങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കപ്പെട്ട റെന്റ്റ് പ്രെഷര്‍ സോണ്‍ പദ്ധതി കാലാവധി 2021 വരെ നീട്ടാന്‍ ധാരണ. വാടക കൂടിയ പ്രദേശങ്ങളില്‍ ഇത് നിയന്ത്രിക്കപ്പെടുന്ന പദ്ധതിയാണ് റെന്റ്റ് പ്രെഷര്‍ സോണ്‍ എന്ന് അറിയപ്പെടുന്നത്. പ്രെഷര്‍ സോണില്‍പെട്ട സ്ഥലങ്ങളില്‍ വര്‍ഷത്തില്‍ 4 ശതമാനത്തില്‍കൂടുതല്‍ വാടക നിരക്ക് വര്‍ധിപ്പിക്കാനാവില്ല.

ഡബ്ലിനിലെ വാടക വര്‍ദ്ധനവിനെ പിടിച്ചുനിര്‍ത്താന്‍ 2016-ല്‍ ആരംഭിച്ച പദ്ധതിയായിരുന്നു ഇത്. ഈ വര്‍ഷം പദ്ധതി കാലയളവ് അവസാനിക്കാനിരിക്കെയാണ് കാലാവധി 2021 വരെ നീട്ടിയത്. ഡബ്ലിന് കൗണ്ടിയെ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണെങ്കിലും വാടക നിരക്ക് കൂടിയ കോര്‍ക്ക്, ഗാല്‍വേ, മീത്ത്, കില്‍ഡെയര്‍ തുടങ്ങിയ കൗണ്ടി പ്രദേശങ്ങളില്‍ പ്രെഷര്‍ സോണുകള്‍ നടപ്പാക്കിയിരുന്നു. അടുത്തിടെ ലീമെറിക് നഗരവും പ്രഷര്‍ സോണിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ദേയിലില്‍ ഗ്രീന്‍ പാര്‍ട്ടി നേതാവിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് മന്ത്രി സിമോണ്‍ കോവണി പ്രഷര്‍ സോണ്‍ കാലാവധി 2021 വരെ നീട്ടിയതായി അറിയിച്ചു. പ്രെഷര്‍ സോണ്‍ പദ്ധതിയിലൂടെ ഡബ്ലിനില്‍ വാടക നിരക്കുകള്‍ ദേശീയ ശരാശരിയുടെ നിലവാരത്തിലേക്ക് താഴ്ന്നില്ല എന്ന ആരോപണം ശക്തമാണ്. വാടക നിരക്ക് ദേശീയതലത്തില്‍ 1400 യൂറോ ശരാശരി വാടകയായി തുടരുമ്പോള്‍ ഡബ്ലിനില്‍ ഇത് 1800 യൂറോ ആണ്.

തലസ്ഥാന നഗരത്തില്‍ വാടക നിരക്കുകള്‍ കുറഞ്ഞു എന്ന് കാണിക്കാന്‍ ഭരണപക്ഷത്തിന്റെ തന്ത്രമാണ് പദ്ധതിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചിരുന്നു. വാടക നിരക്കിനെ പിടിച്ച് നിര്‍ത്താന്‍ ഈ പദ്ധതിക്ക് കഴിഞ്ഞില്ലെന്നുള്ള വ്യാപക ആക്ഷേപങ്ങളും ഉയരുന്നുണ്ട്. റെന്റ്റല്‍ പ്രെഷര്‍ സോണ്‍ പദ്ധതിക്ക് പകരം ദേശീയ അടിസ്ഥാനത്തില്‍ വാടക നിരക്ക് നിയന്ത്രണവും വസ്തുവിന്റെ വിലവര്‍ദ്ധനവ് തടയുന്ന ഏജന്‍സി വേണമെന്ന് സിന്‍ഫിന്‍ ആവശ്യപ്പെടുന്നു.

വാടക നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ അത് കുറച്ചുകൊണ്ടുവരുന്ന നിരീക്ഷണ ഏജന്‍സിയെയാണ് അയര്‍ലണ്ടിന് ആവശ്യം. അനധികൃതമായി വാടക വര്‍ദ്ധനവ് ഏര്‍പ്പെടുത്തുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ ശക്തമായ നിയമ വ്യവസ്ഥയും നിലവില്‍ വരേണ്ടതുണ്ടെന്ന് സിന്‍ഫിന്‍ പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. പ്രെഷര്‍ സോണുകള്‍ കൊണ്ട് മാത്രം വാടക വര്‍ദ്ധനവിനെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.

ഡികെ

Share this news

Leave a Reply

%d bloggers like this: