ഡബ്ലിനില്‍ ശാസ്ത്രീയ സംഗീത സന്ധ്യ ജൂണ്‍ 5 തിങ്കളാഴ്ച

ഇന്ത്യന്‍ ശാസ്ത്രീയ സംഗീത വിരുന്നിനായി തലസ്ഥാന നഗരി വീണ്ടും ഒരുങ്ങുന്നു. ഈ വരുന്ന ജൂണ്‍ മാസം 5 തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതല്‍ എട്ടര മണി വരെ ഡണ്ട്രം ഡി. എല്‍. ആര്‍. തിയേറ്ററിലാണ് കേരളത്തിലെ പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന സംഗീത നിശ അരങ്ങേറുന്നത്.

ആള്‍ ഇന്‍ഡ്യാ റേഡിയോയിലെ ‘എ’ ഗ്രേഡ് കര്‍ണ്ണാടക സംഗീതഞ്ജനായ ശ്രീ വിഷ്ണുദേവന്‍ നമ്പൂതിരിയാണ് കച്ചേരിക്ക് നേതൃത്ത്വം നല്‍കുന്നത്. 2002ല്‍ ഗുരുവായൂരമ്പലനടയില്‍ അരങ്ങേറ്റം കുറിച്ച ശ്രീ വിഷ്ണുദേവന്‍ നമ്പൂതിരി ഇതിനകംതന്നെ ഇന്ത്യയിലും വിദേശങ്ങളിലും നിരവധി വേദികളില്‍ സംഗീതകച്ചേരി നടത്തിയിട്ടുണ്ട്. ശ്രീ ചന്ദ്രമന നാരായണന്‍ നമ്പൂതിരിയില്‍നിന്നും പ്രാഥമിക ശിക്ഷണം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പഠനം, സംഗീത കലാചാര്യന്‍ ശ്രീ നാരായണസ്വാമിയുടെ കീഴിലായിരുന്നു. പരമ്പരാഗതമായ സംഗീതത്തിലൂന്നി പുതുമയുള്ളതും വ്യത്യസ്തവുമായ ആലാപന ശൈലികൊണ്ട് കര്‍ണ്ണാടക സംഗീതലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രീ വിഷ്ണുദേവന്‍ നമ്പൂതിരിക്ക് കഴിഞ്ഞിട്ടുണ്ട്.

വയലിന്‍: ശ്രീ വി. വി. എസ്. മുരാരി.
വയലിന്‍ ആചാര്യന്‍ ശ്രീ വി. വി. സുബ്രഹ്മണ്ണ്യത്തിന്റെ പുത്രനായ ശ്രീ മുരാരി,പാരമ്പര്യം, പൂര്‍ണ്ണത, അച്ചടക്കം തുടങ്ങിയവയോടുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ട് സമകാലീനരായ മറ്റു സാരംഗിവാദകരില്‍നിന്നും വേറിട്ടുനില്‍ക്കുന്നു. ചെന്നൈ ആള്‍ ഇന്ത്യാ റേഡിയോയിലെ ‘എ’ ഗ്രേഡ് കലാകാരനാണ് ശ്രീ മുരാരി. ആചാര്യനായ പിതാവില്‍നിന്നും പകര്‍ന്ന് കിട്ടിയ വ്യതസ്തമായ ശൈലിയിലുള്ള രാഗവിസ്താരം കേള്‍വിക്കാരെ മറ്റൊരു ലോകത്തെത്തിക്കും.

മൃദ്ദംഗം: തിരുവനന്തപുരം ശ്രീ ബാലാജി.
ചെന്നൈ ആള്‍ ഇന്ത്യാ റേഡിയോയിലെ ‘എ’ ഗ്രേഡ് കലാകാരനായ ശ്രീ ബാലാജി, ശ്രീ ബി. ദൊരൈസ്വാമി, ശ്രീ കെ. കെ. അയ്യങ്കാര്‍, ശ്രീ ആര്‍. വൈദ്യനാഥന്‍, പത്മശ്രീ സംഗീത കലാനിധി പാലക്കാട് ശ്രീ രഘു തുടങ്ങിയ മഹാരഥന്‍ മാരുടെ ശിക്ഷണത്തിലാണ് മൃദ്ദംഗം അഭ്യസിച്ചത്.

ഡബ്ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ദ ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്’, സനാതന അയര്‍ലണ്ട്, അയര്‍ലണ്ട് തെലുങ്ക് അസ്സോസ്സിയേഷന്‍, യൂണിറ്റാസ് തുടങ്ങിയ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കച്ചേരി അരങ്ങേറുന്നത്. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതായിരിക്കും. പാസ്സുകള്‍ ഡണ്ട്രം ഡി. എല്‍. ആര്‍ മില്‍ തീയേറ്ററിന്റെ സൈറ്റില്‍ ലഭ്യമാണ്.

വിശദവിവരങ്ങള്‍ക്ക് www.millthetare.ie എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക

Share this news

Leave a Reply

%d bloggers like this: