ഡബ്ലിനില്‍ മുസ്ലീംവിരുദ്ധ വികാരം പടരുന്നു, അടിയന്തര നിയമനിര്‍മ്മാണം വേണമെന്ന് ഇമിഗ്രന്റ് കൗണ്‍സില്‍

ഡബ്ലിന്‍: ഡബ്ലിനില്‍ മുസ്ലീംവിരുദ്ധ വര്‍ഗീയതയ്ക്ക് മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. മുസ്ലീങ്ങള്‍ക്ക് നേരെയുള്ള വംശീയാക്രമങ്ങള്‍ ഇപ്പോഴും പല മേഖലകളിലും തുടരുകയാണ്. ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ മേഖലകളിലും പൊതുഇടങ്ങളിലും മുസ്ലീംങ്ങള്‍ക്ക് വംശീയാതിക്രമങ്ങള്‍ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലീംവിരുദ്ധ വികാരത്തെ കുറിച്ച് ഇമ്മിഗ്രന്റ് കൗണ്‍സില്‍ ഓഫ് അയര്‍ലന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടുന്നത്.

അധ്യാപകര്‍, ഗാര്‍ഡ, തൊഴിലാളികള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയിലാണ് ഇത്തരം വിവേചനം അനുഭവപ്പെടുന്നത്. സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും വാക്കാലുള്ള അധിക്ഷേപങ്ങള്‍ ധാരാളമുണ്ടെന്ന് യുവാക്കളായ മുസ്ലീങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ വ്യക്തമായി. വിവേചനപരമായ സമീപനങ്ങള്‍ക്ക് പുറമെയാണ് വാക്കാലുള്ള അധിക്ഷേപങ്ങള്‍ നടക്കുന്നത്.

ചില മുസ്ലീംപെണ്‍കുട്ടികളെ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍ മുസ്ലീങ്ങള്‍(പ്രത്യേകിച്ച് മുസ്ലീംസ്ത്രീകള്‍) എത്തുമ്പോള്‍ വ്യത്യസ്ത അനുഭവമാണ് സെക്യൂരിറ്റി ജീവനക്കാരില്‍ നിന്നുണ്ടാവുന്നത്. ഷോപ്പിംഗിനെത്തുന്ന മുസ്ലീംസ്ത്രീകളെ പിന്തുടരുന്ന സമീപനമാണ് ഇവര്‍ എടുക്കുന്നത്. സെക്യൂരിറ്റി സ്റ്റാഫുകള്‍ക്ക് പുറമെ ഷോപ്പ് സ്റ്റാഫുകളും ഇത്തരത്തില്‍ തങ്ങളെ ഷോപ്പിംഗിലുടനീളം പിന്തുടരാറുണ്ടെന്ന് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പറയുന്നു. മാധ്യമങ്ങളിലുള്ള വിശ്വാസവും നഷ്ടപ്പെട്ടെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. സിറിയന്‍ പ്രക്ഷോഭവും മറ്റും ചൂണ്ടികാട്ടി ഐറിഷോ മുസ്ലീമോ ആയിരിക്കുന്നവരെ പ്രത്യേക വിഭാഗത്തിലാണ് മാധ്യമങ്ങളും നോക്കിക്കാണുന്നത്. മുസ്ലീം ആരാധനലയങ്ങള്‍ക്ക് നേരെയും വ്യക്തികള്‍ക്ക് നേരെയും സ്വകാര്യ സ്വത്തിന് നേരെയെല്ലാം അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഒരു ഐറിഷ് യുവതി ലുവാസ് സ്‌റ്റോപിലേക്ക് നടന്നുപോകുന്നതിനിടയില്‍ അബ്ബെ സ്ട്രീറ്റില്‍ വെച്ച് ഒരാള്‍ അവര്‍ക്ക് നേരെ ആക്രോശിച്ചുചാടിയ ഒരാള്‍ നീ നിന്റെ രാജ്യത്തേക്ക് പോ, ബുദ്ധിശൂന്യയായവളെ എന്നുവിളിച്ച് അവരെ അധിക്ഷേപിച്ചു. തുടര്‍ന്ന് ഒരു കുപ്പി ആ സ്ത്രീക്ക് നേരെ അയാള്‍ വീശിയെറിയുകയും അത് കൃത്യം അവരുടെ മുന്നില്‍ചെന്നു വീഴുകയും ചെയ്തു. മറ്റൊരു മുസ്ലീംസ്ത്രീയുടെ വീട് തകര്‍ത്ത അക്രമികള്‍ വീടിന്റെ ചുവരില്‍ വര്‍ഗീയധിക്ഷേപങ്ങള്‍ എഴുതിവച്ചു. ”രാജ്യം വിടുക”, ”തീവ്രവാദി” എന്നൊക്കെയാണ് ചുവരില്‍ എഴുതിവെച്ചത്.

വിദ്യാര്‍ത്ഥിയായ ഒരു മുസ്ലീംപെണ്‍കുട്ടിക്ക് മറ്റൊരു അനുഭവമാണ് സഹപാഠിയില്‍ നിന്ന് നേരിടേണ്ടി വന്നത്. ”നിന്റെ അച്ഛന്‍ തീവ്രവാദിയാണെന്ന് പറയുന്നത് ശരിയാണോ?”എന്നായിരുന്നു ആ സഹപാഠിയുടെ ചോദ്യം. എല്ലാ മുസ്ലീം അറബുകളും തീവ്രവാദികളാണെന്നായിരുന്നു അതിന് മറ്റൊരു കുട്ടി മറുപടി നല്‍കിയത്.വംശീയധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചതോടെ ഈ പെണ്‍കുട്ടി സ്‌കൂള്‍ മാറാന്‍ നിര്‍ബന്ധിതയായി.

മുസ്ലീങ്ങള്‍ക്കെതിരായ വംശീയാധിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇതുനേരിടുന്നതിന് നിയമനിര്‍മ്മാണം അടിയന്തരമായി നടപ്പാക്കേണ്ടതാണെന്ന് ഐറിഷ് ഇമിഗ്രന്റ് കൗണ്‍സില്‍ പ്രതിനിധി ബ്രയാന്‍ കില്ലോറാന്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: