ഡബ്ലിനില്‍ മരണമടഞ്ഞ മലയാളി നേഴ്സ് ഹെലന്‍ സാജുവിന് ഇന്ന് ലൂക്കനില്‍ അന്ത്യയാത്രാമൊഴി നല്‍കും

ഡബ്ലിന്‍: അയര്‍ലന്‍ഡ് മലയാളികള്‍ക്ക് അവസാനമായി ഹെലന്‍ സാജുവിനെ കാണാനും അന്ത്യയാത്ര നല്‍കാനും ഭൗതിക ശരീരം ഇന്ന് (ജനുവരി 16 ബുധനാഴ്ച) വൈകിട്ട് ആറ് മണി മുതല്‍ ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും. പരേതയുടെ ആത്മശാന്തിയ്ക്കായി പ്രത്യേക ദിവ്യബലിയും നടത്തപ്പെടും. പ്രാത്ഥനകള്‍ക്ക് സിറോ മലബാര്‍ സഭയിലെ വൈദികര്‍ നേതൃത്വം നല്‍കും.

ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഹെലന്‍ സാജുവിന്റെ(43) നിര്യാണം ഡബ്ലിനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയിരുന്നു. ഏതാനും വര്‍ഷങ്ങളായി ക്യാന്‍സര്‍ രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്ന ഹെലന്‍ സാജു കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. രോഗമുക്തയായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. ഡബ്ലിനിലെ കൊണോലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൊടുപുഴ ഉടുമ്പന്നൂര്‍ പള്ളിക്കാമുറി സ്വദേശിനി ആണ് ഹെലന്‍ സാജു.

പതിനാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഹെലനും കുടുംബവും അയര്‍ലണ്ടിലേക്ക് എത്തുന്നത്. ഒരു വര്‍ഷത്തോളം നാവനിലെ നേഴ്സിങ് ഹോമില്‍ ജോലി ചെയ്തിരുന്നു. പിന്നീട് ഡബ്ലിനില്‍ ഡോണി ബ്രൂക്കിലെ റോയല്‍ ആശുപത്രിയില്‍ സേവനമനുഷ്ടിക്കാന്‍ തുടങ്ങി. ഡബ്ലിനിലെ തദ്ദേശിയരുടെയും വിദേശികളുടെയും ഉറ്റ മിത്രമായിരുന്ന ഹെലന്‍ സാജുവിന്റെ നിര്യാണം ഏവരേയും സങ്കടത്തിലാക്കിയിരിക്കുകയാണ്.

അനന്തര നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത ശനിയാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്ന് കരുതുന്നു. സംസ്‌കാരം രാമപുരം കുറിഞ്ഞി ഇടവക ദേവാലയത്തില്‍ നടത്തപ്പെടുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ലൂക്കനിലെ എല്‍സ് ഫോര്‍ട്ടില്‍ താമസിക്കുന്ന സാജു ഉഴുന്നാലിന്റെ ഭാര്യ ആണ് അന്തരിച്ച ഹെലന്‍. മക്കള്‍ :സച്ചിന്‍ (മെഡിക്കല്‍ വിദ്യാര്‍ത്ഥി,ബള്‍ഗേറിയ) സബീന്‍ (തേര്‍ഡ് ക്ലാസ്, ഡിവൈന്‍ മേഴ്‌സി സ്‌കൂള്‍ ലൂക്കന്‍)

Share this news

Leave a Reply

%d bloggers like this: