ഡബ്ലിനിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലുകളില്‍ വാടക നിരക്ക് പരിമിതപ്പെടുത്താന്‍ നീക്കം: പ്രത്യേക മുന്നറിയിപ്പ് ഇല്ലാതെ ഇനിമുതല്‍ വാടക നിരക്ക് വര്‍ധിപ്പിക്കാനാവില്ല

ഡബ്ലിന്‍: സ്വകാര്യ ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്ന വാടക നിരക്ക് കൈപ്പറ്റുന്നത് നിരോധിക്കാന്‍ നിയമം വന്നേക്കും. വിദ്യാര്‍ത്ഥികളെ ടെനന്റ് റൈറ്റ്‌സ്-ന്റെ പരിധിയില്‍പ്പെടുത്താനുള്ള നീക്കം ഉടന്‍ തന്നെ ഹൗസിങ് മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് സൂചന.

സ്വകാര്യ ഹോസ്റ്റലുകളില്‍ വാടക കുത്തനെ ഉയര്‍ത്തുന്നു എന്ന് ആരോപിച്ച് ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഷെനൗണ്‍ സ്ടുടെന്റ്‌റ് റെസിഡന്‍സിയില്‍ ഗേറ്റിന് പുറത്ത് കുടന്നുറങ്ങി പ്രതിഷേധിച്ചിരുന്നു. അടുത്ത വര്‍ഷം മുതല്‍ വാടക നിരക്ക് 27 ശതമാനം വരെ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് എതിരെയാണ് സമരം ശക്തമായത്. ഈ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലെ അറുന്നൂറോളം വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തര്‍ വീതം 7000 യൂറോ ആണ് വര്‍ഷത്തേക്ക് ചെലവാക്കേണ്ട തുക. അടുത്ത വര്‍ഷം മുതല്‍ ഈ നിരക്കില്‍ 2000 യൂറോ വര്‍ധിപ്പിച്ച് 9000 യൂറോ ആക്കാനുള്ള തീരുമാനവുമായി സ്വകാര്യ ഹോസ്റ്റലുകള്‍ മുന്നോട്ട് പോയിരുന്നു, തുടര്‍ന്ന് ഡി.സി.യു വിദ്യാര്‍ത്ഥി സംഘടനയുടെ നേതൃത്യത്തില്‍ വിദ്യാര്‍ഥികള്‍ വാടക നിരക്കിനെതിരെ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനത്തോളം വര്‍ധിച്ചത് ഡബ്ലിനില്‍ വിദ്യാര്‍ത്ഥികളുടെ താമസം സജ്ജമാക്കുന്നതിനും തടസ്സം നേരിട്ടു. യൂണിവേഴ്‌സിറ്റി നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളില്‍ അഡ്മിഷന്‍ കിട്ടാത്ത വിദ്യാര്‍ത്ഥികളാണ് സ്വകാര്യ ഹോസ്റ്റലുകളെ ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് കെട്ടിട ഉടമകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത നിരക്ക് ഈടാക്കുന്നത്.

ഡബ്ലിനില്‍ തന്നെ വസ്തു വിലയും വാടക നിറയ്ക്കും കുത്തനെ ഉയര്‍ന്നതോടെ വിദ്യാര്‍ത്ഥി സമൂഹവും വിഷമഘട്ടം നേരിടുകയാണ്. പല അപ്പാര്‍ട്ട്‌മെന്റുകളും വിദ്യാര്‍ത്ഥികളില്‍ നിന്ന് ആഴ്ചയില്‍ വന്‍ തുകയാണ് വാടകയിനത്തില്‍ ഈടാക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികളാണ് കൂടുതലും കെട്ടിട ഉടമകളുടെ കൊള്ള ലാഭത്തിന് ഇടകളായി തീരുന്നത്.

കഴിഞ്ഞ വര്‍ഷം തേര്‍ഡ് ലെവലില്‍ ഡബ്ലിന്‍ യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥി താമസ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ച് മടങ്ങിപ്പോകാന്‍ തയ്യാറെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഡി.സി.യു വിദ്യാര്‍ത്ഥികളില്‍ സമര രംഗത്തേക്ക് വന്നതോടെയാണ് വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ ലഭിച്ചത്.

ഡികെ

Share this news

Leave a Reply

%d bloggers like this: