ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി: റയില്‍വേ സമരം അടുത്ത മാസം മുതല്‍

ഡബ്ലിന്‍: ശമ്പള പരിഷ്‌കരണം നടത്താത്തതില്‍ റയില്‍വേ അതോറിറ്റിയോട് കടുത്ത അതൃപ്തി പ്രഖ്യാപിച്ചുകൊണ്ട് അടുത്ത മാസം മുതല്‍ ഐറിഷ് റെയില്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയനാണ് സമര രംഗത്തേക്ക് ഇറങ്ങുന്നത്. പല പ്രാവശ്യം റെയില്‍വേയ്ക്ക് മുന്നില്‍ എന്‍.ബി.ആര്‍.യു നടത്തിയ ആവശ്യം പരിഗണിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് സമരം.

രാജ്യത്തെ പൊതു സേവന രംഗത്ത് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചപ്പോഴും 10 വര്‍ഷം കൊണ്ട് തങ്ങളുടെ ശമ്പളം പഴയപടി തന്നെയാണെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. വര്‍ഷത്തില്‍ 3.75 ശതമാനം വര്‍ധനവ് വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഡബ്ലിന്‍ ബസ്, ലുവാസ് തുടങ്ങിയ പൊതു വാഹനങ്ങള്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കിയപ്പോള്‍ റെയില്‍വേ മാത്രം ജീവനക്കാരോട് പക്ഷപാതപരമായി ഇടപെടുന്നു എന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

കോ-മീത്തില്‍ ഇന്ന് ചേരുന്ന എന്‍.സി.ആര്‍.യു-വിന്റെ കോണ്‍ഫറന്‍സ്സിന് ശേഷം സമരം എന്ന് തുടങ്ങും എന്നതിന് വ്യക്തമായ ധാരണ ഉണ്ടാകും എന്നാണ് അറിയുന്നത്. വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍സ് കമ്മീഷന്റെ മധ്യസ്ഥതയില്‍ റെയില്‍വേയും യൂണിയനും തമ്മില്‍ അടുത്ത ബുധനാഴ്ച ചര്‍ച്ചക്ക് വഴിയൊരുങ്ങിയിട്ടുണ്ട്. അയര്‍ലണ്ടില്‍ ലക്ഷക്കണക്കിന് യാത്രക്കാര്‍ റെയില്‍വേയുടെ സേവനം പ്രയോജനപ്പെടുത്തുന്നവരാണ്. കൃത്യ സമയം പാലിക്കുന്ന ട്രെയിന്‍ യാത്ര ജോലി സ്ഥലങ്ങളില്‍ കൃത്യമായി എത്താന്‍ ഐറിഷുകാര്‍ക്ക് പ്രയോജനപ്പെടുന്ന പൊതു ഗതാഗത സംവിധാനമാണ്.

ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന റോഡുകളെ അപേക്ഷിച്ച് ട്രെയിന്‍ യാത്രയില്‍ കാര്യമായ തടസങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ ലക്ഷ്യ സ്ഥാനത്ത് എത്താം. അയര്‍ലണ്ടിലെ ജനപ്രീയ ഗതാഗത സംവിധാനം കൂടിയാണ് ട്രെയിന്‍ സര്‍വീസ്. ശമ്പളം കൂട്ടി നല്‍കിയില്ലെങ്കില്‍ സമരം ചെയ്യുന്ന ജീവനക്കാര്‍, വേണ്ടി വന്നാല്‍ അനിശ്ചിതകാലത്തേക്ക് സമരം തുടരുമെന്ന ഭീഷണിയും മുഴക്കിക്കഴിഞ്ഞു. യൂണിയനും റെയില്‍വേയും നടത്തിവരുന്ന ചര്‍ച്ചകളില്‍ ഫലം കണ്ടില്ലെങ്കില്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ ജനജീവിതം ദുസ്സഹമാകും.

 

ഡി കെ

 

Share this news

Leave a Reply

%d bloggers like this: