ട്രിനിറ്റിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാന താരമായി മലയാളിയായ ഷോണ്‍ ജോസ്

അയര്‍ലണ്ട് മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ ഡബ്ലിനില്‍ നിന്നും ഒരു മലയാളി വിദ്യാര്‍ത്ഥി ശ്രദ്ധിക്കപ്പെടുന്നു. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ സ്‌കോളര്‍ഷിപ്പോടെ ഉന്നത പഠനത്തിനുള്ള അസുലഭ ഭാഗ്യം തേടിയെത്തിയിരിക്കയാണ് ഷോണ്‍ ജോസ് എന്ന മലയാളി വിദ്യാര്‍ത്ഥിക്ക്. ഡബ്ലിന്‍ ട്രിനിറ്റി കോളേജില്‍ പ്രതിവര്‍ഷം 23.500 യൂറോ സ്‌കോളര്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഷോണ്‍ ജോസിന് കൈവന്നിരിക്കുന്നത്. അയര്‍ലണ്ടിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പുകളിലൊന്നാണ് ട്രിനിറ്റി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയായ ഷോണ്‍ കരസ്ഥമാക്കിയത്. കഴിഞ്ഞ ദിവസമാണ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് കോളേജ് പുറത്തുവിട്ടത്.

വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ബിരുദ പഠനത്തിന് ഒരു വര്‍ഷം 23,500 യൂറോ ഈടാക്കുമ്പോള്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് പ്രതിവര്‍ഷം 7000 യൂറോ മാത്രമാണ് പഠന ചെലവ്. അതായത് യൂറോപ്യന്‍ യൂണിയനിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം തന്നെയായിരിക്കും ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നവര്‍ക്കും ലഭിക്കുന്നത്. ഇതോടെ 5 വര്‍ഷത്തേക്ക് ഫീസ് ഇനത്തില്‍ 82,500 യൂറോ ലാഭിക്കാം.

സ്‌കോളര്‍ഷിപ്പ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവിനൊപ്പം ഒരു നേരത്തെ സൗജന്യ ഭക്ഷണം ഉള്‍പ്പെടെ 5 വര്‍ഷത്തേക്ക് താമസ സൗകര്യവും ലഭിക്കും. ഇതോടൊപ്പം പഠന സാമഗ്രികളും തീര്‍ത്തും സൗജന്യം തന്നെ. വളരെ അപൂര്‍വമായി മാത്രമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ഒരു അവസരം കൈവരുന്നത്. സാധാരണ ഒരു വിദ്യാര്‍ത്ഥി 5 വര്‍ഷത്തെ താമസ സൗകര്യങ്ങള്‍ക്ക് മാത്രം 60,000 യൂറോ വരെ ചെലവിടുമ്പോള്‍ സ്‌കോളര്‍ഷിപ്പ് നേടുന്ന മിടുക്കരായ വിദേശ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുന്നത് ആകര്‍ഷകമായ സൗജന്യ പഠന പാക്കേജുകളാണ്. 5 വര്‍ഷക്കാലയളവില്‍ ആകെ 1,55,000 യൂറോ ആണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലാഭിക്കാന്‍ കഴിയുന്നത്. ഇന്ത്യയില്‍ വെച്ച് തന്നെ പഠന കാലയളവില്‍ 100 ശതമാനം സ്‌കോര്‍ കരസ്ഥമാക്കിയിരുന്ന ഷോണിന്റെ പഠന മികവിനുള്ള അംഗീകാരം കൂടിയാണിത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അഭിമാനമായി മാറിയ ഷോണ്‍ ജോസിന്റെ സഹോദരന്‍ ഷേയ്ന്‍ ജോസ്  ട്രിനിറ്റി കോളേജിലെ നാലാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. മുംബൈയില്‍ സ്ഥിരതാമസമാക്കിയ  റിട്ടേര്‍ഡ് ഇന്ത്യന്‍ നേവി കമാന്‍ഡര്‍ ജോസ് മാത്യുവിന്റെ മകനാണ് ഷോണ്‍ ജോസ്. ഷോണ്‍ ജോസിന് ലഭിച്ച അംഗീകാരം അയര്‍ലണ്ടില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകും.

Share this news

Leave a Reply

%d bloggers like this: