ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ; രാജ്യത്തെ ഏറ്റവും വലിയ പിഴ; കേരളത്തിലും ഉടന്‍ നടപ്പാകും

ഒഡീഷയിലെ സാമ്പല്‍പൂരില്‍ മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ. കഴിഞ്ഞയാഴ്ചയില്‍ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ ഈ ഡ്രൈവര്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശോക് ജാദവ് എന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രാജ്യത്ത് ഒരു ട്രാഫിക് നിയമ ലംഘകനില്‍ നിന്നും ഇന്നുവരെ ഈടാക്കിയിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പിഴ ഈടാക്കുന്നത്. സെപ്തംബര്‍ 3നാണ് ഈ പിഴയിട്ടതെന്നാണ് വിവരം. ഇതിന്റെ ചലാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

അധികാരപ്പെടുത്തിയിട്ടില്ലാത്ത ഒരാളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതിന് 5000 രൂപ, ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് 5,000 രൂപ, ഓവര്‍ലോഡിങ്ങിന് 56,000 രൂപ, ലോഡ് പുറത്തേക്ക് തള്ളി നിന്നതിന് 20,000 രൂപ, മറ്റു പിഴകള്‍ 500 രൂപ എന്നിങ്ങനെയാണ് ചലാനില്‍ കൊടുത്തിരിക്കുന്നത്. ഈ തുക പക്ഷെ ഡ്രൈവര്‍ അധികൃതരുമായി സംസാരിച്ച് കുറച്ചെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്. എങ്കിലും 70,000 രൂപ അടയ്‌ക്കേണ്ടി വന്നു.

ഭേദഗതി ചെയ്ത മോട്ടോര്‍വാഹന നിയമം സെപ്തംബര്‍ 1 മുതല്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. ആദ്യത്തെ നാലു ദിവസത്തിനുള്ളില്‍ 88 ലക്ഷം രൂപയാണ് ഇതുവഴി സര്‍ക്കാര്‍ സമ്പാദിച്ചത്.

കേരളത്തിലും ഈ ഭേദഗതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. ഓണം പ്രമാണിച്ച് തല്‍ക്കാലത്തേക്ക് ഇത് നടപ്പാക്കുന്നതില്‍ നിന്നും പിന്‍വാങ്ങി നില്‍ക്കുകയാണ് അധികൃതരെന്നും റിപ്പോര്‍ട്ടുണ്ട്. മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുള്ളത്.

ഈ പഴുത് ഉപയോഗിക്കാനാണ് കേരള സര്‍ക്കാരിന്റെ നീക്കം. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുള് തുക പിഴയായി നിജപ്പെടുത്താനാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ ആയിരം മുതല്‍ രണ്ടായിരം വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിയിലാകും മാറ്റം. അതേസമയം കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധകമാകില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാലുള്ള പിഴ.

Share this news

Leave a Reply

%d bloggers like this: