ട്രംപ് ഭരണകൂടം ഇംപീച്ച്മെന്റ് അന്വേഷണവുമായി സഹകരിക്കുന്നില്ല: വൈറ്റ് ഹൗസ്; അമേരിക്ക മറ്റൊരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് ദി ഗാർഡിയൻ…

ഡെമോക്രാറ്റുകൾ മുന്നോട്ടു വയ്ക്കുന്ന “നിയമവിരുദ്ധമായ” ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് ട്രംപ് ഭരണകൂടം സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് ജനപ്രതിനിധിസഭയെ അറിയിച്ചു. ‘നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ല, ന്യായത്തിന്‍റെ കണികപോലുമില്ല, പ്രാഥമികമായ നടപടികള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ല’ എന്നാണ് ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കൾക്ക് അയച്ച കത്തിൽ ട്രംപിന്റെ അഭിഭാഷകൻ പാറ്റ് സിപോളോൺ വ്യക്തമാക്കിയത്. അതേസമയം, പുതിയ നീക്കത്തോടെ അമേരിക്ക മറ്റൊരു ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഉക്രെയ്ൻ ആരോപണവുമായി ബന്ധപ്പെട്ട ഒരു പ്രധാന സാക്ഷിയെ കോൺഗ്രസിന്‍റെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് മുന്നിൽ ഹാജരാക്കുന്നതിൽ നിന്ന് ട്രംപ് ഭരണകൂടം പെട്ടെന്ന് തടഞ്ഞതിന് ശേഷമാണ് എട്ടു പേജുള്ള കത്തുമായി സിപോളോൺ എത്തുന്നത്. അത് വരും ദിവസങ്ങളില്‍ കടുത്ത നിയമ പോരാട്ടങ്ങള്‍ക്ക് വഴിതുറന്നേക്കും. നിയമപരമായ വാദത്തിനുപകരം രാഷ്ട്രീയപരമായ ശാസനകളാണ് കത്തിലുടനീളം മുഴച്ചുനില്‍ക്കുന്നത്. ഒരുപക്ഷേ ഇംപീച്ച്‌മെന്റ് ഭീഷണിയെ തടയുന്നതിനും പ്രത്യാക്രമണത്തിനുമായി രൂപപ്പെടുത്തിയ പുതിയ തന്ത്രവുമാകാം അത്.

ട്രംപ് ഭരണകൂടം ഇംപീച്ച്‌മെന്‍റ് അന്വേഷണത്തോട് വേണ്ട രീതിയില്‍ പ്രതികരിക്കുന്നില്ലെന്ന് സഖ്യകക്ഷികളുടെ ഇടയില്‍നിന്നുതന്നെ വിമര്‍ശമുയര്‍ന്നിരുന്നു. യു.എസ് മുന്‍ വൈസ് പ്രസിഡന്‍റും ഡൊമോക്രാറ്റ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ഉക്രെയ്ൻ പ്രസിഡന്‍റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം. ട്രംപിന്‍റേത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് മുതിര്‍ന്ന ഡൊമോക്രാറ്റിക്ക് നേതാവും ഹൌസ് സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞിരുന്നു. ഉക്രെയ്ൻ പ്രസിഡന്‍റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്. പിന്നീട് ട്രംപിനെതിരെ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഡെമോക്രാറ്റുകള്‍ തന്നെ വേട്ടയാടുകയാണെന്നാണ് ട്രംപിന്‍റെ വാദം.

കൂടാതെ, മറ്റൊരു വിസിൽബ്ലോവർകൂടെ ട്രംപിനെതിരെ പരാതി നല്‍കിയെന്നും അത് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പരിഗണനയിലാണെന്നും റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിനുള്ള നിയമാനുസൃതമായ സമയപരിധി പാലിക്കാന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തയ്യാറായില്ല. അതോടെയാണ് ട്രംപ് നടത്തിയ നീക്കങ്ങളെക്കുറിച്ചുള്ള രേഖകള്‍ നല്‍കാന്‍ ഡെമോക്രാറ്റുകള്‍ നിയമപരമായ അധികാരത്തോടെ വൈറ്റ്ഹൗസിനോട് ആവശ്യപ്പെട്ടത്. രേഖകള്‍ ഇനിയും കൈമാറിയില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് അന്വേഷണത്തെ തടസ്സപ്പെടുത്തിയതിന്റെ തെളിവായി കണക്കാക്കുമെന്ന് വൈറ്റ്ഹൗസിന് നല്‍കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Share this news

Leave a Reply

%d bloggers like this: