ട്രംപുമായി രണ്ടാം ഉച്ചകോടി ആഗ്രഹിക്കുന്നുവെന്ന് കിം ജോങ് ഉന്‍

പ്യോങ്‌യാങ്: ആണവനിരായുധീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നതായി ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മുന്‍ ജേ ഇന്‍. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി രണ്ടാം ഉച്ചകോടി നടത്താന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്നും മുന്‍ ജേ ഇന്‍ പറഞ്ഞു. കിം ജോങ് ഉന്നും, മുന്‍ ജേ ഇന്നും തമ്മിലുള്ള മൂന്നാം ഉച്ചകോടിയുടെ അവസാനദിനമായ വ്യാഴാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആണവനിരായുധീകരണം നടപ്പാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി യു.എസ്. വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയെ വീണ്ടും ഉത്തരകൊറിയയിലേക്ക് ക്ഷണിക്കുന്നുവെന്നും കിം ജോങ് ഉന്‍ പറഞ്ഞതായി ഉന്‍ വ്യക്തമാക്കി.

പ്യോങ്‌യാങ്ങില്‍ ബുധനാഴ്ച നടത്തിയ കായികാഭ്യാസത്തിന് സാക്ഷിയാവാനെത്തിയ മുന്‍ ജേ ഇന്‍, ഉത്തരകൊറിയന്‍ ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുകയും ചെയ്തു. ഉത്തരകൊറിയയില്‍ പ്രസംഗിക്കുന്ന ആദ്യ ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഇതിലൂടെ മുന്‍. കൊറിയന്‍യുദ്ധത്തിന് മുമ്പുള്ളതുപോലെ ഇരുരാജ്യങ്ങളും ഉടന്‍ ഒന്നാകുമെന്ന് ഏഴുമിനിറ്റുനീണ്ട പ്രസംഗത്തില്‍ ഇന്‍ പറഞ്ഞു.

ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യു.എസ്. തയ്യാറാണെന്നും 2021-ഓടെ മേഖലയില്‍ പൂര്‍ണ ആണവനിരായുധീകരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും പോംപിയോ പ്രതികരിച്ചു. മൂന്നുദിവസത്തെ ഉത്തരകൊറിയന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വ്യാഴാഴ്ച മുന്‍ ജേ ഇന്‍ ദക്ഷിണകൊറിയയില്‍ മടങ്ങിയെത്തി. പത്തുവര്‍ഷത്തിനിടെ ഉത്തരകൊറിയയിലെത്തുന്ന ആദ്യ ദക്ഷിണകൊറിയന്‍ പ്രസിഡന്റാണ് മുന്‍ ജേ ഇന്‍.

ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉത്തരകൊറിയയിലെ പ്രധാന മിസൈല്‍ പരീക്ഷണ-വിക്ഷേപണ കേന്ദ്രമായ ടോങ്ചാങ്-റി പൂട്ടാനും ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ച് റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കാനും തീരുമാനമായിരുന്നു. 2032-ലെ ഒളിമ്പിക്‌സിന് വേദിയാകാന്‍ ഇരുകൊറിയകളും ഒന്നിച്ച് അപേക്ഷ നല്‍കും, കൊറിയന്‍ യുദ്ധത്തോടെ രണ്ടുരാജ്യങ്ങളിലായി ഭിന്നിച്ചുപോയ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഏതുസമയവും പുനഃസമാഗമം നടത്താന്‍ സ്ഥിരകേന്ദ്രം, അതിര്‍ത്തിയിലെ സൈനികസാന്നിധ്യം കുറയ്ക്കും തുടങ്ങിയ പ്രധാനതീരുമാനങ്ങളും ഉച്ചകോടിയിലുണ്ടായിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള കത്ത് കിം ജോങ് ഉന്‍ തനിക്ക് കൈമാറിയതായും ഇത് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ട്രംപിന് കൈമാറുമെന്നും ഇന്‍ പറഞ്ഞു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: