ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫ്…

ട്രംപിനെ ടാഗ് ചെയ്ത് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ ട്വീറ്റ്. ‘അലക്‌സാണ്ടര്‍ക്കും, ചെങ്കീസ് ഖാനുമൊക്കെ ചെയ്യാന്‍ കഴിയാത്തതാണ് ട്രംപ് ചെയ്തുകാണിക്കുമെന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളായി ഇത്തരം കടന്നുകയറ്റങ്ങളെയൊക്കെ അതിജീവിച്ച പാരമ്പര്യമാണ് ഇറാനുള്ളത്. സാമ്പത്തിക തീവ്രവാദംകൊണ്ടോ, ഉന്മൂലന സിദ്ധാന്തംകൊണ്ടോ ഒന്നും ഇറാനെ തകര്‍ക്കാന്‍ കഴിയില്ല’, എന്നാണു അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്രംപിനേയും ജോണ്‍ ബോള്‍ട്ടനേയും ടാഗ് ചെയ്തുകൊണ്ടാണ് സരീഫിന്റെ ട്വീറ്റ്. നേരത്തെ, ‘അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന്‍ തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന്‍ അവസാനിക്കുമെന്ന്’ ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.

ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് പടക്കപ്പലുകളുകളയച്ചും യുഎസ് നടത്തുന്ന പ്രകോപനപരമായ നീക്കങ്ങളുടെ തുടര്‍ച്ചയായാണ് ട്രംപിന്റെ ട്വീറ്റുകള്‍. അതിനിടെയാണ് ദുബായ് തീരത്തിനു സമീപം സൗദിയുടെതുള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്കു നേരെ അജ്ഞാത ആക്രമണം നടന്നത്. ഇറാന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന യമനീ റിബലുകള്‍ സൗദിയുടെ ഓയില്‍ പൈപ്പുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നു.

ഇറാനുമായുള്ള ആണവക്കരാരില്‍നിന്നും അമേരിക്ക പിന്മാറിയതോടെയാണ് എല്ലാ പ്രശ്‌നങ്ങളും ആരംഭിച്ചത്. യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇരു രാജ്യങ്ങളും പറയുന്നുണ്ടെങ്കിലും എത്രകാലം ഇങ്ങനെ മുള്‍മുനയില്‍ നില്‍ക്കുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യയും വ്യക്തമാക്കിയിരുന്നു.

ട്രംപിന് യുദ്ധത്തിന് താല്‍പര്യമില്ലെന്നും എന്നാല്‍ ഉപദേശകര്‍ അദ്ദേഹത്തെ ഇറാനുമായുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്നും ചൈനാ സന്ദര്‍ശനത്തിനൊടുവില്‍ സരിഫ് പറഞ്ഞിരുന്നു. അമേരിക്ക ഇറാനെതിരെ ശക്തമായി നിലകൊള്ളുന്നു എന്ന് വരുത്തിത്തീര്‍ക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം പേര്‍ഷ്യന്‍ ഉല്‍ക്കടലില്‍ നങ്കൂരമിട്ട യുഎസ് പടക്കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ചെറിയൊരു മിസൈല്‍ മതിയെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് സലേ ജൊകാര്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയിരുന്നു.

അമേരിക്കന്‍ ഉപരോധത്തിന്റെയും സൈനിക നീക്കത്തിന്റെയും പശ്ചാത്തലത്തില്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭിന്നതകള്‍ മറന്നു ഒന്നിച്ചു നില്‍ക്കണമെന്ന് പ്രസിഡണ്ട് ഹസ്സന്‍ റൂഹാനി പറഞ്ഞതും മേഖലയില്‍ യുദ്ധ സാധ്യത ഉരുത്തിരിഞ്ഞു വരുന്നതിന്റെ സൂചനയായാണ് ആഗോള സമൂഹം കണ്ടത്. ‘1980ലെ ഇറാഖുമായുള്ള യുദ്ധത്തെക്കാള്‍ കടുത്തതാണ് നിലവിലെ സാഹചര്യം. അതിജീവിക്കണമെങ്കില്‍ ഒന്നിച്ചു നിന്നെ പറ്റൂ” റൂഹാനി പറഞ്ഞതായി ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ ഇര്‍ന (IRNA) റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. നേരത്തെ പിന്മാറിയ ആണവക്കരാര്‍ പുനക്രമീകരിച്ച് ഇറാനെക്കൊണ്ട് ഒപ്പുവെപ്പിക്കാനുള്ള മനഃശാസ്ത്രപരമായ നീക്കമാണ് അമേരിക്ക നടത്തുന്നതെന്ന് വിലയിരുത്തുന്നവരും ഉണ്ട്.

Share this news

Leave a Reply

%d bloggers like this: