ട്രംപിന് രാജകീയ വരവേല്‍പ്പ് നല്‍കി ബക്കിങ്ഹാം കൊട്ടാരം : യു.കെ യുമായി കൂടുതല്‍ വ്യാപാര കരാറുകളെന്ന് സൂചന

ലണ്ടന്‍ : മൂന്ന് ദിവസത്തെ ബ്രിട്ടന്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനും ഭാര്യ മെലാനിയാ ട്രമ്പിനും ബക്കിങ്ങ്ഹാം കൊട്ടാരം രാജകീയ വരവേല്‍പ് നല്‍കി. ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞി ഇരുവരെയും സ്വീകരിച്ചു. കൊട്ടാര മുറ്റത്ത് സൈന്യം ഇരുവര്‍ക്കും ഗണ്‍ സല്യൂട്ട് നല്‍കി.

41 തവണ വെടിയുതിര്‍ത്തായിരുന്നു ഗണ്‍ സല്യൂട്ട്. സ്വീകരണച്ചടങ്ങുകള്‍ക്ക് ശേഷം ട്രംപും ഭാര്യയും എലിസബത്ത് രാജ്ഞിയോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. വൈകുന്നേരം ചാള്‍സ് രാജകുമാരനും പത്‌നി കാമില്ലയും ക്ലാരന്‍ടണ്‍ ഹൗസില്‍ ചായ സല്‍ക്കാരമൊരുക്കി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ യു.എസ് പ്രസിഡന്റും, ഭാര്യയും ബ്രിട്ടനിലെ പ്രധാന നഗരങ്ങള്‍ സന്ദര്‍ശിക്കും.

ബ്രെക്‌സിറ്റില്‍ ഏറ്റ തിരിച്ചടിയെ തുടര്‍ന്ന് പ്രധാനമന്ത്രി പദത്തില്‍ നിന്ന് രാജി വെച്ച തെരേസാ മെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ടും മെയ്ക്കൊപ്പമുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ബ്രിട്ടണ്‍ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ കാലാവസ്ഥാ വ്യതിയാനം, വാവെ കമ്പനിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും.

ഇത് കൂടാതെ ബ്രിട്ടനുമായി മറ്റു വ്യാപാര കരാറുകളും ഒപ്പിടുമെന്നാണ് സൂചന. ഇതിനിടെ ട്രംപിന്റെ യു.കെ സന്ദര്‍ശനത്തില്‍ ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ട്രംപിനെതിരെ പ്രതിഷേധവും സജീവമായി.

ലണ്ടന്‍ മേയര്‍ സാദാത് ഖാന്‍ മുന്‍പ് നടത്തിയ ട്രംപ് വിരുദ്ധ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയും യു.എസ് പ്രസിഡണ്ട് തന്റെ ബ്രിട്ടീഷ് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് നല്‍കി. ട്രംപിന്റെ മുസ്ലിം വിരുദ്ധ കുടിയേറ്റങ്ങള്‍ക്കെതിരെയായിരുന്നു സാദാത് ഖാന്‍ പ്രതികരിച്ചത്. സാദാത് ഖാനെതിരെ ‘കോള്‍ഡ് സ്റ്റോണ്‍ ലോസെര്‍’ എന്നാണ് ട്രംപ് മറുപടി ട്വീറ്റ് ചെയ്തത്

അതെ സമയം ട്രംപിന്റെ വരവ് യു.കെ സാമ്പത്തിക മേഖലയ്ക്ക് അനുകൂലമായിരിക്കുമെന്നാണ് യു.കെ ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനങ്ങളുടെ വിലയിരുത്തല്‍. ബ്രെക്‌സിറ്റ് എന്ന പ്രതിസന്ധിയെ അഭിമുഖികരിക്കുന്ന യു.കെ യ്ക്ക് യു.എസ് പ്രസിഡന്റിന്റെ വരവ് ഉണര്‍വ് പകരുമെന്ന് തന്നെയാണ് പ്രതിക്ഷ.

ഡി.കെ

Share this news

Leave a Reply

%d bloggers like this: