ട്രംപിന്റെ നുണപ്രസ്താവനകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് വാഷിംഗ്ടണ്‍ പോസ്റ്റ്…

ന്യൂയോര്‍ക്ക്: ട്രംപ് അമേരിക്കന്‍ ജനതയെ തെറ്റിദ്ധരിപ്പിച്ചതിനെ സംബന്ധിച്ച പല വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും ഇതാദ്യമായി ട്രംപിന്റെ നുണപ്രസ്താവനകളുടെ കണക്കുകള്‍ പുറത്ത് വന്നു. പ്രസിഡന്റായിക്കഴിഞ്ഞുള്ള 828 ദിവസം കൊണ്ട് ട്രംപ് പുറത്തിറക്കിയത് പതിനായിരത്തിലധികം നുണ പ്രസ്താവനകള്‍. ആദ്യ ഘട്ടത്തില്‍ ശരാശരി ദിവസം 8 തെറ്റായ വാദങ്ങള്‍ വീതമായിരുന്നെങ്കില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദിവസം ശരാശരി 23 കള്ളങ്ങള്‍ ട്രംപ് പറഞ്ഞ് ഫലിപ്പിക്കുമായിരുന്നത്രെ! ഇത്ര കൃത്യമായി ട്രംപിന്റെ നുണകളുടെ കണക്കെടുത്തത്, ട്രംപിന്റെ തന്നെ പ്രസ്താവനകളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഡാറ്റാബേസിലെ ഫാക്ട് ചെക്കറില്‍ നിന്നും!

ഒരേകള്ളങ്ങള്‍ തന്നെ ട്രംപ് പലതവണയും ആവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍. ഈ അസത്യപ്രസ്താവകള്‍ പലതും അതിര്‍ത്തിയെയും കുടിയേറ്റത്തെയും സംബന്ധിച്ചിട്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ട്രംപ് പറഞ്ഞത് 170 തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ ആയിരുന്നുവത്രെ. റഷ്യന്‍ ബന്ധം സംബന്ധിച്ച റോബര്‍ട്ട് മ്യുള്ളറിന്റെ അന്വേഷണം നടക്കുന്ന ഘട്ടത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്ന സമയത്തും ട്രംപ് നട്ടാല്‍ കുരുക്കാത്ത, യാതൊരു തെളിവുകളുമില്ലാത്ത വാദങ്ങള്‍ നിരത്തുകയായിരുന്നുവെന്നാണ് ആരോപണം. അദ്ദേഹം പലപ്പോഴായി പറയാറുള്ള, അതിര്‍ത്തിയുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യങ്ങള്‍ വളരുന്നതെന്ന വാദത്തെ ബലപ്പെടുത്താന്‍ മതിയായ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫോക്‌സ് ന്യൂസിലെ സീന്‍ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖം നുണകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നുവെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നത്. ട്വിറ്ററിനെ ട്രംപ് നുണപ്രചാരണത്തിനുള്ള ഒരു ഉപകരണം തന്നെയാക്കി മാറ്റിത്തീര്‍ത്തുവെന്നാണ് ആരോപണം. ചില പ്രചാരണ റാലികളില്‍ നടന്ന പ്രസംഗങ്ങളില്‍ ട്രംപ് അപൂര്‍വമായി മാത്രമേ വസ്തുതകള്‍ക്ക് നിരക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിരുന്നുള്ളൂവത്രെ. ട്രംപ് പറയുന്ന പ്രസ്താവനകളിലെ വസ്തുതാ വിരുദ്ധതയെ വിദഗ്ദമായി പൊളിച്ചുകാണിച്ചാലും യാതൊരു ധാര്‍മിക പ്രശ്‌നവുമില്ലാത്തെ ട്രംപ് സ്വന്തം നുണയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും മറ്റു വേദികളില്‍ ഇതേ നുണകള്‍ തന്നെ അദ്ദേഹം ആവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Share this news

Leave a Reply

%d bloggers like this: