ട്രംപിനെ ഇംപീച്ച് ചെയ്ത് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാരുടെ അഭിപ്രായം; ഫോക്‌സ് ന്യൂസ് സര്‍വേ റിപ്പോര്‍ട്ട്…

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്ത് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് 51 ശതമാനം അമേരിക്കക്കാര്‍ക്ക് അഭിപ്രായമുള്ളതായി സര്‍വേ റിപ്പോര്‍ട്ട്. ഫോക്സ് ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ എട്ട് വരെയാണ് യുഎസിലെ പ്രമുഖ ചാനലായ ഫോക്സ് ന്യൂസ് അഭിപ്രായ സര്‍വേ നടത്തിയത്. ട്രംപിനെ ഇംപീച്ച് ചെയ്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ ജൂലായിലേക്കാള്‍ 9 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായിട്ടുണ്ട്.

പ്രസിഡന്റ് ട്രംപിനെ ഇംപീച്ച് ചെയ്യുകയും പുറത്താക്കുകയും വേണോ എന്ന ചോദ്യത്തോട് 51 ശതമാനം പേരും വേണം എന്നാണ് പ്രതികരിച്ചത്. ഇംപീച്ച് ചെയ്താല്‍ മതി പുറത്താക്കണ്ട എന്ന് നാല് ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇംപീച്ച് ചെയ്യരുത് എന്ന അഭിപ്രായക്കാരാണ് 40 ശതമാനം പേര്‍ ജൂലായിലെ സര്‍വേയില്‍ ഇത് യഥാക്രമം 42 ശതമാനം, അഞ്ച് ശതമാനം 45 ശതമാനം എന്നിങ്ങനെയായിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉക്രൈന്‍ ഇടപെടിലിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് സര്‍വേ ഫലം പുറത്തുവന്നിരിക്കുന്നത്. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് മത്സരാര്‍ത്ഥികളിലൊരാളും മുന്‍ വൈസ് പ്രസിഡന്റുമായി ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ട്രംപ്, ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലിന്‍സ്‌കിയുമായി നടത്തിയ ടെലിഫോണ്‍ സംഭാണവുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്. എനര്‍ജി കമ്പനി ബുറുസ്മയുമായി ബന്ധപ്പെട്ടാണ് ഹണ്ടര്‍ ബൈഡനെതിരെ ട്രംപ് അഴിമതി ആരോപണമുയര്‍ത്തിയത്. അന്വേഷണം നടത്തിയില്ലെങ്കില്‍ ഉക്രൈനുള്ള സൈനിക സഹായം യുഎസ് നിര്‍ത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതായി ആരോപണമുണ്ട്.

ഉക്രൈന്‍ പ്രസിഡന്റുമായുള്ള സംഭാഷണം ഒരു വിസില്‍ ബ്ലോവര്‍ പുറത്തുവിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ബൈഡനും മകനുമെതിരെ ട്രംപ് അന്വേഷണം ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. അ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനായി ട്രംപ് ഉക്രൈന്റെ ഇടപെടല്‍ ഇതിലൂടെ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ഹൗസ് ഓഫ് റെപ്രസന്റേ്റ്റീവ്സ് ഇത് സംബന്ധിച്ച അന്വേഷണവും മൊഴിയെടുപ്പുമെല്ലാം തുടരുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യണം എന്ന് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സ്വകാര്യ അഭിഭാഷകന്‍ റൂഡി ജിയുലിയാനി അടക്കമുള്ളവര്‍ അന്വേഷണം നേരിടുന്നുണ്ട്. ഉക്രൈനിലെ യുഎസ് പ്രത്യേക പ്രതിനിധിയായിരുന്ന കുര്‍ട്ട് വോള്‍ക്കര്‍ ആരോപണം നേരിടുന്ന സാഹചര്യത്തില്‍ രാജി വച്ചിരുന്നു.

യുഎസിലെ ഫ്‌ളോറിഡ സ്വദേശികളും ഉക്രൈനിലും ബെലാറസിലുമായി പ്രവര്‍ത്തിക്കുന്നവരുമായ രണ്ട് വ്യവസായികളെ കള്ളപ്പണ ഇടപാട് വഴി തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വിദേശത്ത് ജനിച്ചവരാണെങ്കിലും ഇവര്‍ക്ക് യുഎസ് പൌരത്വമുണ്ട്. ഇവര്‍ക്ക് റൂഡി ജിയുലിയാനിയുമായി അടുത്ത ബന്ധമുള്ളതായി റിപ്പോര്‍ട്ടുണ്ട്. ജിയുലിയാനിയ്ക്കും ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനുമൊപ്പം ഇരുവരും ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: