ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്; പരസ്യ തെളിവെടുപ്പിന് തയ്യാറെടുത്ത് ചാനലുകള്‍

ട്രംപിനെതിരെ ഇംപീച്‌മെന്റ് നീക്കങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. സാക്ഷിമൊഴികള്‍ രഹസ്യമായി രേഖപ്പെടുത്തുന്നത് അവസാനിച്ചു. ഇനി പരസ്യ തെളിവെടുപ്പാണ് നടക്കാന്‍ പോകുന്നത്. അത് ടെലിവിഷന്‍ ചാനലുകള്‍ ലൈവായി പ്രക്ഷേപണം ചെയ്യും. യുഎസ് ചരിത്രത്തില്‍ മൂന്ന് തവണ മാത്രമാണ് കോണ്‍ഗ്രസ് പരസ്യ തെളിവെടുപ്പ് നടത്തിയിട്ടുള്ളത്.

2020-ല്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന എതിരാളിയാവാന്‍ സാധ്യതയുള്ള ഡെമോക്രാറ്റ് പാര്‍ട്ടിയിലെ ജോ ബൈഡനും അദ്ദേഹത്തിന്റെ മകന്‍ ഹണ്ടറിനുമെതിരേ കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയോട് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്‌മെന്റ് നടപടി നേരിടുന്നത്. പാരമ്പര്യേതര വിദേശനയങ്ങളോട് വിയോജിപ്പുള്ള ബ്യൂറോക്രാറ്റുകള്‍ നടത്തുന്ന ആക്രമണത്തിന്റെ ഇരയാണ് ട്രംപ് എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു.

തന്റെ പെരുമാറ്റത്തെ ഭരണഘടനാപരമായ രീതിയിലും അല്ലാതെയും പ്രതിരോധിക്കണമെന്ന് റിപ്പബ്ലിക്കന്മാരോട് ട്രംപ് ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്മെന്റ് കുംഭകോണം എന്നാണ് ട്രംപ് നടപടിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍, ട്രംപിനെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെയും മുട്ടുകുത്തിക്കാന്‍ സമര്‍ത്ഥമായ കരുനീക്കമാണ് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി നടത്തുന്നത്. ഇതു ഫലം കണ്ടാല്‍ ഈ വര്‍ഷം അവസാനത്തോടെ ട്രംപിനു സെനറ്റില്‍ കുറ്റവിചാരണ നേരിടേണ്ടി വന്നേക്കാം. സെനറ്റില്‍ റിപ്പബ്ലിക്കന്മാര്‍ക്കാണ് അംഗബലം കൂടുതല്‍ എന്നതാണ് ട്രംപിനു ആശ്വാസം നല്‍കുന്ന ഘടകം.

ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി ഇപ്പോള്‍ സര്‍വീസിലുള്ളവരും മുന്‍പ് ഉണ്ടായിരുന്നവരും ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി മൊഴിനല്‍കും. അതിനുശേഷം ജുഡീഷ്യറി കമ്മിറ്റിയും അവരുടെ മൊഴിയെടുക്കും. കുറ്റം തെളിഞ്ഞാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കും. ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്ക് (435-ല്‍ 233 സീറ്റ്) ആയതിനാല്‍ പ്രമേയം അവിടെ പാസാകും. തുടര്‍ന്ന് സെനറ്റില്‍ വിചാരണയും തെളിവെടുപ്പും നടക്കും. അവിടെ മൊഴികള്‍ ട്രംപിന് അനുകൂലമായാല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ അതോടെ അവസാനിക്കും. അതിനാണ് സാധ്യത കൂടുതല്‍.

എന്നാല്‍ സെനറ്റിലും കാര്യങ്ങള്‍ ട്രംപിന് എതിരായാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം തയ്യാറാവും. സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി ട്രംപിനെ വിചാരണ ചെയ്യും. 51 ശതമാനം വോട്ടോടെ ഭൂരിപക്ഷം ലഭിച്ചാല്‍ ഇംപീച്ച് ചെയ്യപ്പെടും. ഇരുപാര്‍ട്ടികളും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതിന്റെ തിരക്കിലാണ്. ആരെയൊക്കെ വിസ്തരിക്കണം എന്ന കാര്യം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഡെമോക്രാറ്റുകള്‍ ആണെന്നതാണ് അവര്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആശ്വാസം.

Share this news

Leave a Reply

%d bloggers like this: