വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് അറസ്റ്റു ചെയ്തു

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോവളം എംഎല്‍എ എം വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാഥമികഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉണ്ടാകുമെന്നത് കണ്ട് വിന്‍സെന്റ് എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ അറസ്റ്റ് ഇന്ന് ഉണ്ടാകില്ലെന്ന് സൂചന ഉണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ഉടനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി എം വിന്‍സെന്റിനെ പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലേക്ക് മാറ്റുമെന്നാണ് സൂചന.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, പാറശ്ശാല എസ്ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ വൈകിട്ട് 3.15 വരെ നീണ്ടുനിന്നു. എംഎല്‍എയ്ക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കിലെ വിന്‍സെന്റിന്റെ ഒമ്പതാം നമ്പര്‍ മുറിയിലായിരുന്നു ചോദ്യം ചെയ്യല്‍. വിന്‍സെന്റിന്റെ മൊഴി അന്വേഷണ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അജിത ബീഗത്തിന് കൈമാറി.

തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും ജാമ്യഹര്‍ജിയില്‍ എം വിന്‍സെന്റ് പറയുന്നു. എംഎല്‍എ വീട്ടില്‍ കയറി തന്നെ ബലാത്സംഗം ചെയ്തെന്നാണ യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വീട്ടില്‍ കയറി രണ്ടുതവണ പീഡിപ്പിച്ചു. തുടര്‍ന്ന് കടയില്‍ വന്ന് തന്നെ കയറിപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എം വിന്‍സെന്റ് എംഎല്‍എയ്ക്കെതിരെ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഫോണ്‍ വിളികളും വൈദ്യപരിശോധനാ റിപ്പോര്‍ട്ടും എംഎല്‍എയ്ക്ക് എതിരാണെന്നാണ് പൊലീസ് പറയുന്നത്. എംഎല്‍എ യുവതിയെ നിരവധി തവണ ഫോണ്‍ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞ അഞ്ച് മാസത്തിനിടെ 900 തവണയാണ് എംഎല്‍എ സ്വന്തം ഫോണില്‍ നിന്നും യുവതിയെ വിളിച്ചിരിക്കുന്നത്.

 
ഡികെ

Share this news

Leave a Reply

%d bloggers like this: