ടെക് ലോകത്തെ ഞെട്ടിച്ച് ആപ്പിള്‍ X; നിലവിലെ ഏറ്റവും കരുത്തനായ സ്മാര്‍ട്ട് ഫോണ്‍

 

പത്താം വാര്‍ഷികത്തില്‍ പുതിയ താരങ്ങളെ അവതരിപ്പിച്ച് ആപ്പിള്‍ ഗംഭീരമാക്കി. ഐഫോണിന്റെ ഏറ്റവും പുതിയ എഡിഷന്‍ എക്സ് (ഐഫോണ്‍ 10) ഉള്‍പ്പെടെയുള്ളവയാണ് ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി പതിനൊന്നുമണിക്കുശേഷം പ്രകാശനം ചെയ്തത്. ആപ്പിള്‍ സിഇഒ ടിം കുക്ക് ഉത്പന്നങ്ങള്‍ ലോകത്തിനു സമര്‍പ്പിച്ചു.

ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ ആണ് ഇത്. ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും പഴങ്കഥയായി. ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്സില്‍. മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനാകും. നിങ്ങളുടെ മുഖമാണ് ഇനി പാസ്വേഡ് എന്ന് ആപ്പിള്‍ പറയുന്നു. ടച്ച് ഐഡിക്കു പകരം മുഖം നോക്കി ലോക്ക് തുറക്കാം.

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും ഇതിന്റെ പ്രത്യേകതയാണ്. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേ. താഴെനിന്നു മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍ കാണാം. ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് സജ്ജീകരിച്ചിട്ടുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്പെയ്സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകും.

https://youtu.be/K4wEI5zhHB0

മുന്‍പിലും പിന്നിലും 12 എംപി ക്യാമറ. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്ളാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകളാണ് ഫോണിനുള്ളത്. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് നിലനില്‍ക്കും. സൂപ്പര്‍ റെറ്റിന ഡിസ്പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനം എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. വില 999 ഡോളര്‍ (63,940 രൂപ). നവംബര്‍ മൂന്നുമുതല്‍ ഫോണ്‍ ലഭ്യമാകും.

ഐഫോണ്‍ എക്സ് കൂടാതെ വയര്‍ലസ് ചാര്‍ജറുമായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ 8, 8 പ്ലസും ആപ്പിള്‍ അവതരിപ്പിച്ചു. ആശയവിനിമയത്തിന്റെ നവീനതയിലും സുരക്ഷയും സ്വകാര്യതയും കാത്തുസൂക്ഷിക്കുന്നതിലും പുത്തന്‍ മാതൃകയാണ് ഐഫോണുകള്‍ സമ്മാനിച്ചെതന്നു ടിം കുക്ക് പറഞ്ഞു.

ഒട്ടേറെ പ്രത്യേകതകളാണ് പുതിയ ഐഫോണുകളില്‍ കാത്തിരിക്കുന്നത്. ബയോ ചിപ്പിലാണ് പ്രവര്‍ത്തനം. ശരീര ചലനങ്ങളാല്‍ നിയന്ത്രിക്കാം. സ്വര്‍ണം ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും. വയര്‍ലസ് ചാര്‍ജിങാണ് മറ്റൊരു സവിശേഷത.

64 ജിബി, 256 ജിബി സ്റ്റോറേജ്. ഐഫോണ്‍ 8ന് 699 ഡോളറും 8 പ്ലസിന് 799 ഡോളറുമാണ് വില. ഐഫോണ്‍ 8ന് 12 എംപി റിയര്‍ ക്യാമറയും 8 പ്ലസില്‍ ഡ്യുവല്‍ ക്യാമറയും ഉണ്ട്. പ്രകാശത്തിനും സമയത്തിനും അനുസരിച്ച് തനിയെ ഫില്‍ട്ടറുകള്‍ തിരഞ്ഞെടുക്കുന്ന ക്യാമറകളാണ് പുതിയ മോഡലില്‍ സ്ഥാപിച്ചിട്ടുള്ളത്.

ആപ്പിള്‍ അവതരിപ്പിച്ച മറ്റൊരു ഉല്‍പന്നമാണ് ഹൃദയമിടിപ്പ് അറിയാവുന്ന ആപ്പിള്‍ വാച്ച്.
ലോകത്തിലെ ഏറ്റവും മികച്ച വാച്ച് എന്ന മുഖവുരയോടെ ടിം കുക്ക് ആദ്യം അവതരിപ്പിച്ചത് ആപ്പിള്‍ വാച്ച് ആണ്. 97 ശതമാനം ഉപഭോക്താക്കളും സംതൃപ്തി പ്രകടിപ്പിച്ച ഉത്പന്നമാണ് ആപ്പിള്‍ വാച്ചെന്നും വിപണിയില്‍ ഇതിന് വന്‍കുതിപ്പാണെന്നും അദ്ദേഹം പറഞ്ഞു. ആപ്പിള്‍ വാച്ച് സിരീസ് 3 കമ്പനി അവതരിപ്പിച്ചു.

ഹൃദയമിടിപ്പ് അറിയാവുന്നത്രയും സാങ്കേതിക മികവുള്ള വാച്ച് എന്ന പ്രത്യേകത ഇതിനുണ്ട്. ഫോണ്‍ ഇല്ലാതെതന്നെ, ഫോണിന്റേതായ സൗകര്യങ്ങള്‍ ലഭ്യമാകും. പതിനായിരക്കണക്കിന് പാട്ടുകള്‍ ആസ്വദിക്കാം. സിരീസ് 2ന്റെ അതേ വലുപ്പം. ശബ്ദനിയന്ത്രണ സംവിധാനം ‘സിരി’, ബില്‍റ്റ് ഇന്‍ സെല്ലുലാര്‍ സൗകര്യം എന്നിവ യോജിപ്പിച്ചിരിക്കുന്നു. 70 ശതമാനം അധികവേഗമുള്ള പ്രൊസസറാണ് വാച്ചിന് കരുത്തേകുക.

ഡിസ്പ്ലേ ഭാഗംതന്നെ ആന്റിനയായി പ്രവര്‍ത്തിക്കും. വാച്ച് കയ്യില്‍ കെട്ടിയിരിക്കുമ്പോള്‍ തന്നെ ഫോണ്‍ കോളുകള്‍ സ്വീകരിക്കാം. സെപ്റ്റംബര്‍ 22 മുതല്‍ ഇവ വിപണിയിലെത്തും. ഇന്ത്യയില്‍ പിന്നീടേ എത്തൂ. വില ഇങ്ങനെ; സിരീസ് 1- 249 ഡോളര്‍, സിരീസ്3- 329 ഡോളര്‍, ഫോണ്‍ സൗകര്യമുള്ള സിരീസ്3- 399 ഡോളര്‍.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: