ടെക് കമ്പനികളുടെ വരവ് ഡബ്ലിനെ യൂറോപ്പിലെ മികച്ച പ്രോപ്പര്‍ട്ടി മാര്‍ക്കറ്റാക്കി ഉയര്‍ത്തിയതായി പഠനം

ഡബ്ലിന്‍: ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ ലോകോത്തര കമ്പനികളുടെ വ്യാപനത്തോടെ യൂറോപ്പിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, റിയല്‍ എസ്റ്റേറ്റ് തലസ്ഥാനമായി മാറാന്‍ ഒരുങ്ങുകയാണ് ഡബ്ലിന്‍ നഗരം. പ്രൊഫഷണല്‍ സര്‍വീസ് ഏജന്റായ PwC യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ല്‍ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റിനും ഡെവലപ്മെന്റിനും മികച്ച സാധ്യത കല്പിക്കുന്ന യൂറോപ്പിലെ നഗരമാണ് ഡബ്ലിന്‍. തിരഞ്ഞെടുത്ത 31 നഗരങ്ങളുടെ പട്ടികയില്‍ ലിസ്ബണ്‍, ബെര്‍ലിന്‍ നഗരങ്ങള്‍ക്ക് പിന്നാലെ അയര്‍ലണ്ട് തലസ്ഥാനത്തിന് മൂന്നാം സ്ഥാനമാണുള്ളത്. ഡബ്ലിന് പിന്നാലെ മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളും ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ട്. PwC യുടെ അഭിപ്രായത്തില്‍ ഐടി മേഖലയില്‍ വളരെ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് ഡബ്ലിന്‍ നടത്തിയത്. ഈ നഗരങ്ങളില്‍ റെസിഡന്‍ഷ്യല്‍, കൊമേര്‍ഷ്യല്‍ തുടങ്ങി മൊത്തം റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയും മികച്ചതാകുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

യൂറോപ്പിലെ കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വികസനവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ അുസരിച്ച് 30ശതമാനത്തോളം ഓഫീസുകളും ഐടി മേഖലയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. 2010- 2016 കാലഘട്ടത്തിനിടയില്‍ അയര്‍ലണ്ടില്‍ യുഎസ് ഐടി ഭീമന്‍മാര്‍ മാത്രം 130 ബില്ല്യന്‍ ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്. യൂറോപ്പിലെ ഡാറ്റാ സെന്റര്‍ ഓപറേഷനുകളുടെ വളര്‍ച്ച ഏറ്റവും വേഗത്തില്‍ നടക്കുന്നതും അയര്‍ലണ്ടിലെ നഗരങ്ങളില്‍ തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടെക്നിക്കല്‍ മേഖലയാണ് ഡബ്ലിന്റെ മോശം കാലത്തിന് അറുതി വരുത്തിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡബ്ലിനിലെ ടെക്നോളജി വളര്‍ച്ച കാരണം ഇപ്പോള്‍ അവടെയുള്ള വാടകയും 25ശതമാനത്തോളം വര്‍ദ്ധിച്ചതായും വെളിപ്പെടുത്തുന്നു. 2018 ന്റെ ആദ്യപകുതിയില്‍ തന്നെ ഇവിടുത്തെ 43 ശതമാനം ഓഫീസ് സ്ഥലങ്ങളും വിവിധ കമ്പനികള്‍ കൈയടക്കികഴിഞ്ഞു. ഇപ്പോള്‍ വമ്പന്‍ കമ്പനികള്‍ ഡബ്ലിനില്‍ ഇടം പിടിക്കാനായി ഓഫീസ് സ്ഥലങ്ങള്‍ അന്വേഷിച്ചുവരികയാണ്. കമ്പനികളില്‍ പലതിനും ഡബ്ലിനില്‍ തന്നെ 5000 സ്‌ക്വയര്‍ഫീറ്റില്‍ ഓഫീസ് കെട്ടിടമാണ് ആവശ്യം. എന്നാല്‍ ഈ പ്രദേശങ്ങളില്‍ കെട്ടിടങ്ങള്‍ കിട്ടാനില്ലാത്ത അവസ്ഥയിലാണ് ഇപ്പോള്‍. ഈ ലഭ്യതക്കുറവ് ഒഴിച്ചു നിര്‍ത്തിയാല്‍ ഡബ്ലിനില്‍ എല്ലാ ടെക് കമ്പനികളുടെയും സ്ഥല സൗകര്യങ്ങള്‍ ഈയടുത്ത കാലങ്ങളില്‍ മെച്ചപ്പെടുത്തിയിട്ടുമുണ്ട്.

ഫേസ്ബുക്ക് തങ്ങളുടെ ഹെഡ്ക്വര്‍ട്ടേഴ്സ് ബാള്‍സ് ബ്രിഡ്ജിലെ തങ്ങളുടെ പുതിയ ക്യാമ്പസിലേക്ക് മാറ്റുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അധികമായി 5,000 ജീവനക്കാരെയും ഇവിടെ നിയമിക്കും. അതേസമയം ഗൂഗിള്‍ ഡബ്ലിന് നഗരത്തില്‍ രണ്ട് പുതിയ ഓഫീസുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. 700 തൊഴിലവസരങ്ങളും ഇവിടെ പ്രഖ്യാപിച്ചു കഴിഞ്ഞു.

വളരെ മികച്ച കഴിവുകളുള്ള ചെറുപ്പക്കാരെ ഡബ്ലിന്‍ തങ്ങള്‍ക്ക് ജോലിക്കായി നല്‍കുന്നുവെന്നാണ് പല ടെക് കമ്പനികളും പറയുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലന്വേഷകരായ ആളുകളെപ്പോലും ഡബ്ലിന്‍ ആകര്‍ഷിക്കുന്നു. ഡബ്ലിനില്‍ ടെക്നോളജി, ഇന്‍ഫോര്‍മേഷന്‍ വിഭാഗങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരില്‍ 55ശതമാനത്തോളം പേരും പ്രവാസികള്‍ തന്നെയാണ്. ഇനി വരുന്ന ദശകത്തിലും ,എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഐ ടി മേഖലയില്‍ ആവും ഉണ്ടാകാന്‍ പോകുന്നത് എന്നതും ഡബ്ലിനെ ഐ ടി മേഖലയിലെ പ്രിയപ്പെട്ട നഗരമാക്കുന്നു. ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ലഭ്യത കുറയുകയും കെട്ടിടങ്ങള്‍ക്ക് വില കുതിച്ചുയരുകയും ചെയ്യുന്ന പ്രതീതിയും ഡബ്ലിനില്‍ കാണാം.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള ബ്രിട്ടന്റെ തീരുമാനവും ഡബ്ലിന് ഉപകാരമാകാനാണ് സാധ്യത. യൂറോപ്പിലെ അടുത്ത ടെക്‌നോളജി ഹബ് ആയി ഉയരാനുള്ള സാധ്യതയാണ് ഇതോടെ ഡബ്ലിന് വീണുകിട്ടുന്നത്. നിലവില്‍ ലണ്ടന്‍ ആണ് ടെക്‌നോളജി രംഗത്തെ വന്‍കിട കമ്പനികളുടെ ഇഷ്ട സങ്കേതം. യുകെ കഴിഞ്ഞാല്‍ യൂറോപ്പ്യന്‍ യൂണിയനിലെ ഇംഗ്ലീഷ് സംസാരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണ് അയര്‍ലണ്ട്. നിലവില്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റെര്‍ തുടങ്ങി നിരവധി കോര്‍പ്പറേറ്റ് ഭീമന്മാരുടെ യൂറോപ്പ്യന്‍ യൂണിയന്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ഡബ്ലിനിലാണ്. ഈ കാരണങ്ങളാല്‍ കൂടുതല്‍ ടെക് കമ്പനികള്‍ ഡബ്ലിനിലേക്ക് വരാന്‍ സാഹചര്യമൊരുങ്ങുകയാണ്. അതോടെ ഇവിടത്തെ തൊഴിലവസരങ്ങളും വര്‍ധിക്കും.

യൂറോപ്പില്‍ കമേഴ്ഷ്യല്‍ പ്രോപ്പര്‍ട്ടി വില നിലവാരത്തില്‍ ഡബ്ലിന്‍ അടുത്തിടെ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്‍പതാം സ്ഥാനത്തായിരുന്ന ഡബ്ലിന്‍ വളരെപെട്ടെന്നാണ് വസ്തുവിലയില്‍ മുന്‍പന്തിയില്‍ എത്തിയത്. ലണ്ടന്‍, സൂറിച്ച്, പാരീസ്, വിയന്ന തുടങ്ങിയ നഗരങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വസ്തു വില നിലവില്‍ ഉള്ളത് ഡബ്ലിനില്‍ ആണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ന്നതോടെ വിലനിലവാരത്തില്‍ കാതലായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ഡബ്ലിനില്‍ നിക്ഷേപം നടത്താന്‍ ബഹുരാഷ്ട്ര കമ്പനികള്‍ തയ്യാറെടുത്ത് വസ്തുവിലയില്‍ മത്സരം നിലനിര്‍ത്തി. ഐറിഷ് സാമ്പത്തിക രംഗം മെച്ചപ്പെട്ടതും നിക്ഷേപകരെ ആകര്‍ഷിച്ചു. കമേഴ്ഷ്യല്‍ പ്രോപര്‍ട്ടിക്ക് ഡബ്ലിനില്‍ ഏറ്റവും കൂടുതല്‍ വിലയുള്ളത് ഗ്രാഫ്റ്റണ്‍ സ്ട്രീറ്റിലാണ്. ബ്രക്‌സിറ്റ് വന്നതോടെ ബ്രിട്ടീഷ് കമ്പനികള്‍ കൂട്ടത്തോടെ അയര്‍ലണ്ടിലേക്ക് പലായനം ചെയ്തതും വസ്തു വിലയില്‍ മത്സരം കൊണ്ടുവന്നിരിക്കുകയാണ്.

ലോകത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയിലും ഡബ്ലിന്‍ നഗരത്തിന് മികച സ്ഥാനമാണുള്ളത്. അതേസമയം നഗരത്തിലെ ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്കുള്ള സ്ഥലപരിമിതിയാണ് ബിസിനസുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. യൂറോപ്പില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന നഗരം, ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്, മറ്റ് യൂറോപ്യന്‍ മാര്‍ക്കറ്റുകളെ അപേക്ഷിച്ച് മികച്ച മൂല്യം, യുവജനങ്ങളുടെ വളര്‍ച്ച തുടങ്ങിയ കാരണങ്ങളാണ് ഡബ്ലിനെ യൂറോപ്പിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതെന്ന് PwC അയര്‍ലണ്ടിന്റെ റിയല്‍ എസ്റ്റേറ്റ് പാര്‍ട്ട്ണര്‍ ജോഹന്ന കെല്ലി വ്യക്തമാക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: