ഞായറാഴ്ചവരെ കനത്ത മഴ: എട്ട് ജില്ലകളില്‍ ഇന്നും റെഡ് അലര്‍ട്ട് | Live Updates…

10.34pm
ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ മരിച്ച് വീഴുമെന്ന് എംഎല്‍എ സജി ചെറിയാന്‍. അതിഭീതിതമായ സ്ഥിതിയാണ് ഇവിടെ. ഒരു ഹെലികോപ്ടര്‍ എങ്കിലും ഉടന്‍ സഹായത്തിനെത്തിച്ചേ മതിയാകൂ. അല്ലെങ്കില്‍ ആളുകള്‍ ഇവിടെ മരിച്ചു വീഴും.

നേവിയോട് ഏറെ വട്ടമായി ഹെലികോപ്ടറിന് വേണ്ടി അപേക്ഷിക്കുകയാണെന്നും സജി ചെറിയാന്‍ പറയുന്നു. നേവിയോട് ഒരു ഹെലികോപ്ടറെങ്കിലും അയ്ക്കാന്‍ നിങ്ങള്‍ പറയണം. ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥാണ്. നിലയില്ലാതെ എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല.

മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്ന് പറഞ്ഞ് സജി ചെറിയാന്‍. ചെങ്ങന്നൂരില്‍ അമ്പതിനായിരത്തോളം പേര്‍ അപകടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

08.34pm പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് പുറപ്പെട്ടു

08.30pmചാലക്കുടിയിലേക്കും ചെങ്ങന്നൂരിലേക്കും വ്യോമസേനാ ഹെലികോപ്റ്ററുകള്‍ എത്തും. ഇന്ന് രാത്രി കൂടുതല്‍ സൈനിക ബാട്ടുകള്‍ വിമാനമാര്‍ഗം സംസ്ഥാനത്ത് എത്തും
മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വരുന്നുണ്ടെന്ന് മുഖ്യമന്ത്രി

08.25pmമെയ് 29 മുതല്‍ ഇന്ന് രാവിലെ വരെ മഴക്കെടുതിയില്‍ 324 പേര്‍ മരിച്ചു; 3,14,391 പേര്‍ 2094 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇന്ന് പകല്‍ രക്ഷപ്പെടുത്തിയത് 82,442 പേരെ – മുഖ്യമന്ത്രി

08.20pmകൊച്ചിയില്‍ ഇന്ന് നാവികസേന എയര്‍ലിഫ്റ്റ് ചെയ്തത് 176 പേരെ
08.30pm റാന്നിയില്‍ പലയിങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങി

08.15pmവിവിധ സൈനികവിഭാഗങ്ങള്‍ തോളോട് തോള്‍ ചേര്‍ന്നാണ് പ്രളയക്കെടുതി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. നാവികസേന കമാന്‍ഡോകള്‍ രക്ഷിച്ച ഗര്‍ഭിണിയായ യുവതി കൊച്ചിയിലെ സൈനിക ആശുപത്രിയില്‍ പ്രസവിച്ചു. 100 വയസ്സുള്ള വൃദ്ധ മുതല്‍ കൈക്കുഞ്ഞുകളെ വരെ പാടുപെട്ടാണ് സൈന്യം സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്

ഏറെ പാടുപെട്ടാണ് ആലുവ ചെങ്ങമനാട് നിന്നും പൂര്‍ണ്ണ ഗര്‍ഭിണിയായ സജിത ജബിലിനെ നേവി രക്ഷിക്കുന്നത്. വീടു മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ സജീതക്ക് രാവിലെ രക്തസ്രാവവും തുടങ്ങിയിരുന്നു. അതീവ ഗുരുതരാവസ്ഥയിലാണ് നേവി സജിതയെ രക്ഷിക്കുന്നത്.

സഞ്ജീവിനി സൈനിക ആശുപത്രിയിലെത്തിച്ച് ഉച്ചക്ക് രണ്ട് മണിക്ക് ശസ്ത്രക്രിയ നടത്തി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു നേവിയുടെ ഓപ്പറേഷന്‍ ‘മദത്ത്’ ലെ മികച്ച നേട്ടം. 100 വയസ്സായ കാര്‍ത്യായനി അമ്മയെ ചാലക്കുടിയില്‍ നിന്നും വ്യോമനസേന രക്ഷിച്ചതായിരുന്നു മറ്റൊരു പ്രധാന ദൗത്യം.

ഇതേ ഹെലികോപ്റ്ററില്‍ തന്നെ ഇരുപത് ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. ഓപ്പറേഷന്‍ കരുണയിലൂടെ വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ ഇതുവരെ രക്ഷിച്ചത് 314 ജീവനുകള്‍. വിവിധ സേനകളുടെ 23 ഹെലികോപ്റ്ററുകളാണ് രക്ഷാദൗത്യത്തിലുള്ളത്. പ്രളയ ബാധിത സ്ഥലങ്ങളില്‍ ഭക്ഷണവും മരുന്നും സൈന്യം വിതരണം ചെയ്യുന്നു. കരസേനയുടെ ഓപ്പറേഷന്‍ സഹയോഗ് പത്ത് ജില്ലകളില്‍ രാപ്പകലില്ലാതെ തുടരുന്നു.

ബംഗളൂരില്‍ നിന്നും സേനയുടെ പാരാ റെജിമെന്റലിലെ വിദ്ഗദ സംഘം എത്തിയിട്ടുണ്ട്. ഗതാഗതം തടസ്സപ്പെട്ട സ്ഥലങ്ങളില്‍ താല്‍ക്കാലിക പാലങ്ങളും യാത്ര സൗകര്യവും സൈന്യത്തിന്റ എഞ്ചിനിയറിംഗ് വിഭാഗം ഒരുക്കുന്നു. ദേശീയ ദുരന്ത നിവാരണ സേന ഇതുവരെ രക്ഷിച്ചത് 4000 ത്തിലേറെ പേരെ. ജില്ലാ കേന്ദ്രങ്ങളില്‍ സംയുക്ത സൈനിക കണ്‍ട്രോള്‍ റൂമുകളുണ്ട്. ദുരന്തനിവാരണ അഥോറിറ്റിയുടെ സംസ്ഥാന കണ്‍ട്രോള്‍ റൂമില്‍ നിന്നും ജില്ലാ കലക്ടര്‍മാരില്‍ നിന്നും കിട്ടുന്ന സന്ദേശങ്ങള്‍ക്കനുസരിച്ചാണ് ദൗത്യം.

06.25pm ഓഗസ്റ്റ് 26 വരെ കൊച്ചി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് സഹായവുമായി എയര്‍ ഇന്ത്യ. ഈ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് യാത്ര പുറപ്പെടാനിരുന്നവര്‍ക്ക് അതേ ടിക്കറ്റുമായി തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ യാത്ര ചെയ്യാം. ഇതിന് അധിക ചാര്‍ജ്ജ് ഈടാക്കുകയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കൊച്ചി വിമാനത്താവളം അടച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ തിരുവനന്തപുരത്തേക്കും കോഴിക്കോടേക്കും മാറ്റിയിരുന്നു. ഇതിന് പുറമെ യാത്ര പുനഃക്രമീകരിക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമുള്ള അധിക ചാര്‍ജ്ജുകളും ഒഴിവാക്കി. ഇതുകൂടാതെയാണ് യാത്രക്കാര്‍ക്കായി പുതിയ സംവിധാനം കൂടി നടപ്പാക്കുന്നത്. കൊച്ചിയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരുവനന്തപുരത്ത് നിന്നോ കോഴിക്കോട് നിന്നോ വിമാനം കയറാം. ഇതിനായി ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളുടെ ഷെഡ്യൂള്‍ പരിശോധിച്ച ശേഷം അതിനനുസരിച്ച് യാത്ര ക്രമീകരിക്കാം. ടിക്കറ്റുകള്‍ മാറ്റിയെടുക്കണമെന്നില്ല. വിമാനങ്ങളിലെ സീറ്റുകളുടെ ലഭ്യതയനുസരിച്ച് ഇങ്ങനെ എത്തുന്നവരെയും കൊണ്ടുപോകാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.

06.05pmകേരളത്തിലേക്ക് ആര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാന്‍ കാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. കുടിവെള്ളവുമായി പ്രത്യേക തീവണ്ടി നാളെയെത്തും. വാര്‍ത്താവിനിമയത്തിന് വിസാറ്റ് സംവിധാനം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം.

കേരളത്തിലെ സ്ഥിതി വിലയിരുത്താന്‍ തുടര്‍ച്ചയായി രണ്ടാം ദിനമാണ് കാബിനറ്റ് സെക്രട്ടറി യോഗം വിളിച്ചത്. കേരളത്തിലെ ചീഫ് സെക്രട്ടറിക്കു പുറമെ തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായും കാബിനറ്റ് സെക്രട്ടറി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചു. നിലവില്‍ 339 മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകളാണ് കേരളത്തിലുള്ളത്. ഇതിനു പുറമെ സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സേനാ ബല്‍ എന്നീ വിഭാഗങ്ങളുടെ കൂടുതല്‍ ബോട്ടുകള്‍ എത്തിക്കും.

യെലഹങ്കയില്‍ നിന്നും നാഗ്പൂരില്‍ നിന്നും ഹെലികോപ്റ്ററുകള്‍ കേരളത്തിന് നല്കും. 23 ഹെലികോപറ്ററുകളും 11 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളും ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം ലിറ്റര്‍ കുടിവെള്ളം ഉള്‍പ്പടെയുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ഒരു പ്രത്യേക തീവണ്ടി നാളെ കായംകുളത്ത് എത്തും. കരസേനയുടെ നൂറു പേര്‍ വരെയുള്ള പത്ത് സംഘങ്ങള്‍ കേരളത്തിലുണ്ട്. ദുരന്തനിവാരണ സേനയുടെ 43ഉം. കൂടുതല്‍ സൈനികരെ അയയ്ക്കാനാണ് ധാരണ. 1220 കോടി രൂപയുടെ സഹായം നേരത്തെ കേരളം കേന്ദ്രത്തോട് തേടിയിരുന്നു.

പ്രധാനമന്ത്രി എത്തുമ്പോള്‍ ഉദാരസമീപനം കൈക്കൊള്ളണം എന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കൊച്ചി നാവിക വിമാനത്താവളം സാധാരണവിമാനസര്‍വ്വീസിന് ഉപയോഗിക്കാമെന്ന് കാബിനറ്റ് സെക്രട്ടറി കേരളത്തെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ തകരാറിലായ സാഹചര്യത്തില്‍ വിസാറ്റ് ഉപയോഗിച്ചുള്ള ആശയവിനിമയം പ്രയോജനപ്പെടുത്താനാണ് നിര്‍ദ്ദേശം.

05.45pmകേരളത്തില്‍ ദുരിതം വിതയ്ക്കുന്ന പേമാരിയെ ഓസ്‌ട്രേലിയയിലേക്ക് ‘ക്ഷണിച്ച’ നടപടിക്ക് ഓസ്‌ട്രേലിയയുടെ അമേരിക്കന്‍ അംബാസഡര്‍ ജോ ഹോക്കി മാപ്പു പറഞ്ഞു. ബാലിശവും വിഡ്ഢിത്തവുമാണ് ജോ ഹോക്കിയുടെ നടപടിയെന്ന് സോഷ്യല്‍ മീഡിയയില്‍. രൂക്ഷവിമര്‍ശനമുയര്‍ന്നതോടെയാണ് ട്വീറ്റ് ഡെലീറ്റ് ചെയ്ത് അദ്ദേഹം മാപ്പു പറഞ്ഞത്.

ഈ ട്വീറ്റിനെതിരെ അതി രൂക്ഷമായാണ് സോഷ്യല്‍ മീഡിയ പ്രതികരിച്ചത്. മര്യാദകേടും വായാടിത്തവുമാണ് ഓസ്‌ട്രേലിയന്‍ അംബാസഡറുടെ ഈ പ്രസ്താവനയെന്ന് പല ട്വിറ്റര്‍ ഉപയോക്താക്കളും വിമര്‍ശിച്ചു. അമേരിക്കയിലാണ് ഇത്തരമൊരു ദുരന്തമുണ്ടാകുന്നതെങ്കില്‍ ഇതുപോലെ പറയാന്‍ ജോ ഹോക്കി തയ്യാറാകുമോ എന്നാണ് ഒരാള്‍ ചോദിച്ചത്.

വിമര്‍ശനം രൂക്ഷമായതോടെ ട്വീറ്റ് പിന്‍വലിച്ച ജോ ഹോക്കി മാപ്പു പറഞ്ഞു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ എത്ത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സിലിന്റെ മുന്‍ അധ്യക്ഷനും മലയാളിയുമായ സുരേഷ് രാജന്റെ വിമര്‍ശനത്തിനുള്ള മറുപടിയിലാണ് താന്‍ ട്വീറ്റ് ഡെലീറ്റ് ചെയ്യുന്നതായും മാപ്പു പറയുന്നതായും ജോ ഹോക്കി വ്യക്തമാക്കിയത്.

05.35pmസംസ്ഥാനത്തെ പ്രളയക്കെടുതിയിൽ ഇന്ന് മരണം 15. ഇതോടെ രണ്ടുദിവസത്തെ മരണനിരക്ക് 69 ആയി. ആകെ 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി 52, 856 കുടുംബങ്ങളിലെ 2, 23, 000 ആളുകളാണ് ഉള്ളത്. പത്തനംതിട്ടയിൽ മാത്രം 262 ദുരിതാശ്വാസക്യാമ്പുകളിലായി 28000ത്തോളം പേർ ഉണ്ട്. പ്രളയബാധിതമേഖലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ സൈനികസഹായം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെരിയാർ, ചാലക്കുടിപ്പുഴ തീരങ്ങൾ ഒറ്റപ്പെട്ടതിനാൽ പതിനായിരക്കണക്കിനാളുകളാണ് കുടുങ്ങിക്കിടക്കുന്നത്.

04.35pm
കൊച്ചി: പ്രളയത്തില്‍ കുടുങ്ങിപ്പോയ യുവതിക്ക് സുഖപ്രസവം. പ്രളയക്കെടുതിയില്‍ നിന്ന് നാവികസേന ഹെലികോപ്റ്ററിലെത്തി എയര്‍ലിഫ്റ്റിങിലൂടെ രക്ഷപ്പെടുത്തിയ യുവതിയാണ് ആശുപത്രിയില്‍ പ്രസവിച്ചത്. വീട്ടില്‍ വെള്ളം നിറഞ്ഞതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലായിരുന്ന യുവതിയെ ഹെലികോപടറിലെത്തിയ നാവികസേനാംഗങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയതായ വിവരവും നാവികസേന ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയുടെ പ്രസവം കഴിഞ്ഞ വാര്‍ത്തയും, യുവതിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വിവരവും നാവികസേന പുറത്തുവിട്ടിരിക്കുന്നത്. യുവതിയും ആണ്‍കുഞ്ഞും സുരക്ഷിതരാണെന്നും, സുഖമായിരിക്കുന്നുവെന്നും നാവികസേന വ്യക്തമാക്കുന്നു.

 

04.22pm
സംസ്ഥാനത്തെ പ്രളയബാധിതരുടെ ചികിത്സയ്ക്കായി 5000 ഡോക്ടര്‍മാരെ വിന്യസിക്കുമെന്ന് ഐഎംഎ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ പ്രളയബാധിതര്‍ക്ക് സൗജന്യ ചികിത്സയൊരുക്കുമെന്നും ഐഎംഎ വ്യക്തമാക്കി.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അകപ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് ആളുകളാണ് കഴിയുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജലജന്യരോഗങ്ങളുള്‍പ്പെടെ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഐഎംഎ നിര്‍ദ്ദേശിച്ചു.

04.20pm
പ്രളയക്കെടുതിയെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടതോടെ തെക്കന്‍ ജില്ലകളില്‍ കടുത്ത ഇന്ധനക്ഷാമം. പത്തനംതിട്ട, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളെയും ക്ഷാമം ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൊച്ചിയില്‍ നിന്നുള്ള ഇന്ധന ടാങ്കറുകള്‍ക്ക് തെക്കന്‍ജില്ലകളിലേക്ക് എത്താന്‍ കഴിയാത്തതാണ് ഇന്ധനക്ഷാമത്തിന് കാരണം.

തിരുവനന്തപുരം ജില്ലയെ ആണ് ക്ഷാമം ഏറ്റവും ബാധിച്ചത്. നഗരത്തിലെ അഞ്ചോളം പമ്പുകള്‍ ഇതിനോടകം പൂട്ടി. നെടുമങ്ങാട് ഉള്‍പ്പെടെ ഗ്രാമീണമേഖലകളിലെ പമ്പുകളും അടച്ചു. ഇതോടെ ഇന്ധനത്തിനായി വാഹന ഉടമകള്‍ നെട്ടോട്ടത്തിലാണ്. അവശേഷിക്കുന്ന പമ്പുകള്‍ക്ക് മുന്നില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ഇതോടെ പല സ്ഥലങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പലയിടങ്ങളിലും സംഘര്‍ഷങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പെട്രോളും ഡീസലും കിട്ടാനില്ലെന്ന വാര്‍ത്ത പരന്നതോടെ ഇന്ധനം സ്റ്റോക്ക് ചെയ്യുന്നതിന് ആളുകള്‍ തിരക്ക് കൂട്ടുന്നതും പ്രശ്‌നം വഷളാക്കി. ഇന്ധനം വാങ്ങാന്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്ക് പുറപ്പെട്ടവരുമുണ്ട്. ആലപ്പുഴയിലും അടൂരിലും എല്ലാം പെട്രോള്‍ പമ്പുകള്‍ അടച്ചതോടെ രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

തോട്ടപ്പള്ളിയില്‍ ഗതാഗതം തടസപ്പെട്ടതോടെയാണ് ഇന്ധന ടാങ്കറുകള്‍ എത്താതെയായത്. അടിയന്തരമായി സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

04.17pm
ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രകൃതിദുരന്തത്തിലൂടെ കടന്നുപോവുകയാണ് കേരളം. മഴക്കെടുതിയില്‍ ഓഗസ്റ്റ് എട്ടുമുതലുള്ള കണക്കനുസരിച്ച് 164 പേര്‍ മരണപ്പെട്ടു. ഇന്നത്തെ കണക്കനുസരിച്ച് 2,23,000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പതിനായിരക്കണക്കിന് പേര്‍ വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു. വയനാട് ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടപ്പോള്‍ ഒട്ടുമിക്ക ജില്ലകളും വെള്ളപ്പൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും വിറങ്ങലിച്ചു.

ചെന്നൈ നഗരം ഒറ്റപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദപ്പെട്ട അടിയന്തിരസഹായം നല്‍കി രംഗത്തെത്തി. കേരളം ഉള്‍പ്പെടെയുള്ള അയല്‍ക്കാരും സഹായങ്ങളെത്തിച്ചു. എന്നാല്‍ കേന്ദ്രത്തിന്റെ കൂടുതല്‍ സഹായം കൊണ്ടേ കേരളത്തിന് ഇപ്പോള്‍ പ്രളയത്തെ മറികടക്കാനാകൂ. പ്രളയബാധിക പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ അതുണ്ടാകും എന്ന് ഈ ജനത വിശ്വസിക്കുകയാണ്. കേരളത്തിലെ മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതെ മോദി മടങ്ങിയാല്‍ കേരളം തുരുത്താവും.

04.02pm
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയുണ്ടായ നാശനഷ്ടക്കണക്ക് എത്രയെന്ന് പൂര്‍ണ വ്യക്തമല്ല. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കാലമെത്രയെടുക്കും എന്നുമറിയില്ല. സംസ്ഥാന സംവിധാനങ്ങളും കേരള ജനതയും ഒറ്റക്കെട്ടായി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയിട്ടും പ്രശ്‌നങ്ങള്‍ അതിവേഗം പരിഹരിക്കാനായില്ല. അത്രയേറെ വ്യപ്തിയുണ്ടായിരുന്നു ഈ ദുരന്തത്തിന്. 2015ലെ ചെന്നൈ മഹാപ്രളയത്തെക്കാള്‍ വലിയ പ്രകൃതി ദുരന്തമാണിത്.

ചെന്നൈയില്‍ സാധാരണയേക്കാള്‍ 102 ശതമാനം മഴ അധികം ലഭിച്ചപ്പോളാണ് പ്രളയമുണ്ടായത്. 2015 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ചെന്നൈ, ആന്ധ്രാപ്രദേശ്- പുതുച്ചേരി സംസ്ഥാനങ്ങളെ വലച്ച പേമാരിയില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു ചെന്നൈ നഗരം. നവംബര്‍ മാസത്തില്‍ ചെന്നൈയില്‍ പെയ്തിറങ്ങിയത് 1,088 മില്ലിമീറ്റര്‍ മഴ. നവംബര്‍ 24ന് ഈ ന്യൂനമര്‍ദവും പേമാരിയും അവസാനിച്ചെങ്കിലും ഡിസംബര്‍ ഒന്നിന് അടുത്ത ന്യൂനമര്‍ദം ശക്തിപ്രാപിച്ചതോടെ ചെന്നൈ വെള്ളത്തിലായി. ചെന്നൈ വിമാനത്താവളം അടച്ചിടേണ്ടിവന്നു. നാല് ലക്ഷത്തിലേറെ പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലായി.

സര്‍ക്കാര്‍ കണക്കനുസരിച്ച് ഒക്ടോബര്‍ 28നും ഡിസംബര്‍ 31നും ഇടയില്‍ 421 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ചെന്നൈ നഗരത്തില്‍ മാത്രം 500ലധികം പേര്‍ മരിച്ചതായി അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. നവംബര്‍ അവസാനം 2000 കോടി അടിയന്തിര സഹായമാവശ്യപ്പെട്ട് മുഖ്യമന്ത്രി ജയലളിത കേന്ദ്രത്തെ സമീപിച്ചു. എന്നാല്‍ 940 കോടി അനുവദിച്ചു കേന്ദ്രസര്‍ക്കാര്‍. 8,481 കോടിയുടെ നഷ്ടമാണുണ്ടായത് എന്നായിരുന്നു ഈ ഘട്ടത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

എന്നാല്‍ കേരളത്തില്‍ ഇതിനകം പെയ്തത് 257 ശതമാനത്തിലേറെ അധികമഴ. റോഡുമാര്‍ഗമുള്ള ഗതാഗതം വയനാടുള്‍പ്പെടെയുള്ള ജില്ലകളില്‍ പൂര്‍ണമായും നിലച്ചു. റയില്‍വേ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടിവന്നപ്പോള്‍ കൊച്ചി വിമാനത്താവളം അടച്ചിടേണ്ടിവന്നു. തകരാത്ത റോഡുകളും ഉരുള്‍പൊട്ടാത്ത മലകളും അപൂര്‍വ്വം. പലയിടങ്ങളിലും ദിവസങ്ങളോളം വൈദ്യുതി-വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. റെയില്‍വേ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടപ്പോള്‍ കൊച്ചി വിമാനത്താവളം പൂര്‍ണമായും വെള്ളത്തിനടിയിലായി.

കുടിവെള്ളവും ഭക്ഷണങ്ങളും ലഭിക്കാതെ ആയിരക്കണക്കിനാളുകള്‍ വലഞ്ഞു. പുഴകള്‍ നിറഞ്ഞൊഴുകിയപ്പോള്‍ എല്ലാം ജലാശയങ്ങളും ഡാമുകളും തുറന്നു. ഒരു ദിവസം 32 ഡാമുകള്‍ തുറന്നുവിടേണ്ടിവന്ന സാഹചര്യം ഭാവനകള്‍ക്കും അപ്പുറത്താണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളില്‍ ഇപ്പോഴും പ്രശ്നം തുടരുന്നു. ഹെലികോപ്റ്ററുകളടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കേന്ദ്രസേനയും സംസ്ഥാന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. എന്നിട്ടും, അവസാനിക്കാത്ത മഴപോലെ രക്ഷാപ്രവര്‍ത്തനം തുടരുന്നു.

കൂടുതല്‍ കേന്ദ്രസഹായം കൊണ്ട് മാത്രമേ ഈ അത്യപൂര്‍വ്വ സാഹചര്യത്തെ മറികടകടക്കാനാകൂ എന്ന് വ്യക്തം. കേന്ദ്രസര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളും ധനസഹായവും കൂടുതലായി ഉറപ്പുവരുത്തേണ്ട സാഹചര്യമാണ് നിലവിലേത്. എന്നാല്‍ മഹാപ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വെറും 100 കോടി മാത്രമാണ് അടിയന്തിര സഹായമായി കേന്ദ്രം ആദ്യഘട്ടത്തില്‍ അനുവദിച്ചത്. പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തിര ഇടപെടലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനും ഉള്ള തുകയാണിത്.

കൂടുതല്‍ കേന്ദ്ര സഹായം ഉറപ്പുനല്‍കുന്ന ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുവലിഞ്ഞു. നാശനഷ്ടങ്ങളുടെ 10 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് അടിയന്തിര സഹായമായി അനുവദിക്കാമെന്ന ചട്ടം നിലനില്‍ക്കേയാണ് കേന്ദ്രത്തിന്റെ ഉള്‍വലിയല്‍. 8316 കോടിയുടെ നഷ്ടമുണ്ടായെന്നാണ് മുഖ്യമന്ത്രി അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞ പ്രാഥമിക കണക്ക്. അപ്പോള്‍ ആകെ നഷ്ടം 10,000 കോടി കവിഞ്ഞിട്ടുണ്ടാവുമെന്നുറപ്പ്. എന്നാല്‍ വെറും 100 കോടി നല്‍കി കേന്ദ്ര സര്‍ക്കാര്‍ കേരളത്തെയും ദേശീയദുരന്തമെന്ന വാക്കിനെയും മറക്കുകയായിരുന്നു.

01.17pm
എറണാകുളം ജില്ലയിലെ പ്രളയദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനായി 50,000 ഭക്ഷണപ്പൊതികള്‍ ആവശ്യമാണെന്ന് കളക്ടറുടെ അറിയിപ്പ്. പലയിടങ്ങളിലായി കുടുങ്ങിയവര്‍ക്ക് വ്യോമസേനയുടെ ഹേലികോപ്റ്റര്‍ വഴി എത്തിക്കാനാണ് ഇവ. ഭക്ഷണം എത്തിക്കാന്‍ കഴിയുന്നവര്‍ കടവന്ത്ര രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ എത്തിക്കണമെന്നും കളക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഏറ്റവുമധികം ദുരിതം നേരിടുന്ന ജില്ലകളില്‍ ഒന്നാണ് എറണാകുളം. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയവരെക്കൂടാതെ ആയിരങ്ങള്‍ വീടുകളിലും മറ്റും ഒറ്റപ്പെട്ട് പോയിട്ടുണ്ട്.

എന്നാല്‍ ഇടുക്കി അണക്കെട്ട് സംഭരണശേഷിയിലേക്ക് ഉയരുന്നതടക്കമുള്ള സാഹചര്യങ്ങള്‍ എറണാകുളം ജില്ലയില്‍ ഇന്നലെ ആശങ്ക ഉയര്‍ത്തിയെങ്കില്‍ ആശ്വാസകരമായ വാര്‍ത്തകളാണ് ഇന്ന് ഇതുവരെ പുറത്തുവരുന്നത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയില്‍ നിന്ന് താഴെയെത്തുകയും മഴയ്ക്ക് നേരിയ ശമനമുണ്ടാവുകയും ചെയ്തതോടെ ഇവിടെനിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടില്ലെന്ന അറിയിപ്പാണ് അതില്‍ പ്രധാനം. ആലുവ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണെങ്കിലും ഇന്നത്തെ രക്ഷാപ്രവര്‍ത്തനത്തിലൂടെ കുടുങ്ങിക്കിടക്കുന്നവരില്‍ ബഹുഭൂരിപക്ഷത്തെയും പുറത്തെത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സൈന്യവും ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗവും. കൊച്ചിയില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്.

01.07pm
മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസം. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുത് വര്‍ദ്ധിക്കുമെന്നും നിരീക്ഷണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോ?ഗം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 142 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോ?ഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോ?ഗം. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്.

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടരുതെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു.

ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടത്. ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വേണം പ്രവര്‍ത്തിക്കേണ്ടത്. ഇരുസംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

12.19pm
ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചേക്കും. ഇടുക്കി അണക്കെട്ടില്‍ 2403 അടി എന്ന നിലയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വെള്ളം ഒഴുക്കിവിടാന്‍ കെഎസ്ഇബി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് ഉച്ചയോടെ തീരുമാനമുണ്ടായേക്കും.

നിലവില്‍ 15 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്കു വിടുന്നത്. ഇത് 17 ലക്ഷം ലിറ്ററായി ഉയര്‍ത്താനാണ് ആലോചിക്കുന്നത്. 2403 അടിയെത്തുന്നതുവരെ 15 ലക്ഷം ലിറ്റര്‍തന്നെ തുടരും. 2403 അടിയില്‍ എത്തിക്കഴിഞ്ഞാല്‍ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ച് 17 ലക്ഷം ലിറ്ററാക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് എപ്പോള്‍ വേണമെങ്കിലും വര്‍ധിപ്പിക്കേണ്ടിവരും എന്ന സാഹചര്യമാണുള്ളത്. ആ ജലം കൂടി ഇടുക്കി അണക്കെട്ടിലേക്ക് എത്തിയാല്‍ ജലനിരപ്പ് അപകടകരമാംവിധം വര്‍ധിക്കും. ഈ സാഹചര്യത്തെ നേരിടുന്നതിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി അണക്കെട്ടിലെ വെള്ളം കൂടുതലായി തുറന്നുവിടാന്‍ ആലോചിക്കുന്നത്.

അതേസമയം, ഇടമലയാറില്‍നിന്ന് പുറത്തേക്കു വിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുമുണ്ട്. ഇടമലയാറില്‍ ജലനിരപ്പ് താഴുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ഇടുക്കിയില്‍നിന്ന് പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയാലും പെരിയാറിലെ വെള്ളത്തിന്റെ നിലയില്‍ വലിയ വ്യത്യാസം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.

12.15pm:വെള്ളപ്പൊക്ക ദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് കൈത്താങ്ങുമായി തമിഴ് നടൻ സിദ്ധാർഥ് രംഗത്ത്. കേരളത്തിലെ ജനങ്ങൾക്ക് ചെയ്യാവുന്ന എല്ലാ സഹായവും ആവശ്യപ്പെട്ടാണ് സിദ്ധാർഥ് എത്തിയിരിക്കുന്നത്. കേരള ഡൊണേഷൻ ചാലഞ്ച് എന്ന പേരിലാണ് സിദ്ധാർഥിന്റെ അഭ്യർഥന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ടാണ് സിദ്ധാർഥ് ചാലഞ്ചിന് തുടക്കമിട്ടിരിക്കുന്നത്. കേരളത്തിനു വേണ്ടി സംഭാവന ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കത്തും സിദ്ധാർഥ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘ഞാൻ വെല്ലുവിളിക്കുന്നു. ഞാൻ അഭ്യർഥിക്കുന്നു! നിങ്ങൾ ഇത് വായിച്ച് ഷെയർ ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? കേരള ഡൊണേറ്റ് ചാലഞ്ച് ഞാൻ ചെയ്തു കഴിഞ്ഞു. ഇത് മനോഹരമാണ്. ദയവായി നിങ്ങൾക്ക് പറ്റുമോ?’- സിദ്ധാർഥ് ചോദിക്കുന്നു. കേരളത്തിലെ നിലവിലെ അവസ്ഥയ്ക്ക് മതിയായ ശ്രദ്ധ കിട്ടാത്തതിൽ തനിക്ക് വിഷമമുണ്ടെന്നും 2015ലെ തമിഴ്നാട് വെള്ളപ്പൊക്കത്തിനോട് ദേശീയ മാധ്യമങ്ങൾ കാണിച്ച സമാനമായ ഉദാസീനതയെയാണ് ഇത് ഓർമിപ്പിക്കുന്നതെന്നും സിദ്ധാർഥ് ഷെയർ ചെയ്ത കത്തിൽ പറയുന്നു.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിലേക്ക് സംഭാവന ചെയ്യുന്ന ഓരോ രൂപയ്ക്കും ഒരു മാറ്റമുണ്ടാക്കാൻ കഴിയുമെന്നും മാന്ത്രികമായ മാറ്റം ഉണ്ടാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും സിദ്ധാർഥ് വ്യക്തമാക്കുന്നു.

ഈ അത്യാസന്നഘട്ടത്തിൽ നിങ്ങളെക്കൊണ്ടാകുന്നതെന്തും സംഭാവന ചെയ്യണമെന്ന് അഭ്യർഥിക്കുകയാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിങ്ങൾ സംഭാവന ചെയ്യുന്നതിന്റെ തെളിവുകൾ പങ്ക് വയ്ക്കണം. നമുക്കിതിനെ ‘കേരള ഡൊണേഷൻ ചാലഞ്ച്’ എന്ന് വിളിക്കാം- സിദ്ധാർഥ് പറയുന്നു. മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും അവരെക്കൊണ്ട് ആകുന്നത് ചെയ്യണമെന്നും സിദ്ധാർഥ് പറയുന്നു. ഒന്നിച്ച് നിന്ന് മാറ്റം കൊണ്ടുവരാമെന്നും ഒന്നിച്ചു നിന്നാൽ അസാധ്യമായത് സാധ്യമാകുമെന്നും സിദ്ധാർഥ് പറയുന്നു. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത താരങ്ങളുടെ പേരും സിദ്ധാർഥ് നൽകിയിട്ടുണ്ട്.

https://twitter.com/Actor_Siddharth/status/1030163702475943936

12.12pm:കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് കേന്ദ്രസഹായം കുറഞ്ഞതിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ഇദ്ദേഹം ചെയ്ത ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിക്കുന്ന കേരളത്തിന് 100 കോടി രൂപ നല്‍കുമ്പോള്‍ പ്രധാനമന്ത്രിയുടെ യാത്രകള്‍ക്ക് മാത്രമായി 1484 കോടി രൂപയും കേന്ദ്ര സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്കായി 4300 കോടി രൂപയും ചെലവഴിക്കുന്നതായി ട്വീറ്റില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കുന്നു.

കുംഭമേള (4200 കോടി രൂപ), ശിവാജി പ്രതിമ ( 3600 കോടി രൂപ), പട്ടേല്‍ പ്രതിമ (2989 കോടി രൂപ), പ്രധാനമന്ത്രിയുടെ യാത്രകള്‍ ( 2484 കോടി രൂപ)എന്നിങ്ങനെയാണ് ട്വീറ്റില്‍ വ്യക്തമാക്കിയിരിക്കുന്ന കണക്കുകള്‍.

12.10pm:
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മൂന്നു മരണം. മലപ്പുറം ഒതുക്കുങ്ങല്‍ ദുരിതാശ്വാസ ക്യാംപില്‍ സ്ത്രീ മരിച്ചു. മോതിയില്‍ കാളിക്കുട്ടി (72) ആണ് മരിച്ചത്. വെള്ളപ്പൊക്കം മൂലം ഡോക്ടര്‍മാര്‍ക്ക് ഇങ്ങേട്ടേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിരുന്നില്ല. പത്തനംതിട്ട സീതത്തോടില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്തി.

മലപ്പുറം കൊണ്ടോട്ടിക്ക് സമീപം കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുഴിമണ്ണ ചക്കാലക്കുന്ന് സ്വദേശി ഹക്കീമിന്റെ (23) മൃതദേഹമാണ് കിട്ടിയത്.
ബുധനാഴ്ചയാണ് ഒഴുക്കില്‍പ്പെട്ടത്. ഇതോടെ, വ്യാഴം, വെള്ളി ദിവസങ്ങളിലായി മരിച്ചവരുടെ എണ്ണം 56 ആയി.

12.05pm:
സംസ്ഥാനത്ത് ഇതുവരെ പെയ്ത മഴയുടെ അളവില്‍ റെക്കോര്‍ഡ് വര്‍ധനവ്. 1600 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 30.7 ശതമാനം അധികമഴയാണ് കേരളത്തില്‍ ഇത്തവണ പെയ്തത്. ഇടുക്കിയും വയനാടുമാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയ ജില്ലകള്‍. അതേസമയം, ഈ നൂറ്റാണ്ടില്‍ കേരളം ഇതുവരെ കാണാത്ത പ്രളയമാണ് ഇപ്പോഴത്തേത്.

കഴിഞ്ഞ ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് പതിനഞ്ചുവരെ കേളത്തില്‍ 30.7 ശതമാനം മഴ കൂടുതല്‍ പെയ്തു. അതില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇന്നലെ വരെ പെയ്ത മഴയുടെ അളവ് 257 ശതമാനം. ഇന്ത്യന്‍ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്ക് പ്രകാരം ജൂണ്‍ ഒന്ന് മുതല്‍ ഇന്നലവെര 2091.1 മില്ലിമീറ്റര്‍ മഴ കേരളത്തില്‍ പെയ്തു. അതായത് 1600 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് കൂടുതലായി ലഭിച്ചത് 30.7 ശതമാനം മഴ.

മണ്‍സൂണ്‍ ആരംഭിച്ചത് മുതലുള്ള മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു. ലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരായി. സര്‍ക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നൂറു കടന്നു.

ഏറ്റവും ഇടുക്കിയില്‍ പെയ്തത് റെക്കോര്‍ഡ് മഴ. 126.3 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട ഇടുക്കിയില്‍ പെയ്തത് 679 മില്ലി മീറ്റര്‍. 447.6 ശതമാനം മഴയുടെ വര്‍ധനവ്.

12.00pm:ഞായറാഴ്ചവരെ കനത്തമഴ

ഞായറാഴ്ചവരെ കനത്തമഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അതിജാഗ്രത വേണ്ടതിനാൽ എട്ടുജില്ലകളിൽ വെള്ളിയാഴ്ച റെഡ് അലർട്ടും മൂന്നുജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എന്നാൽ 19, 20 തീയതികളിൽ മഴ കുറയാൻ സാധ്യതയുള്ളതായും കാലാവസ്ഥാനിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച റെഡ് അലർട്ട്. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ കനത്തമഴയ്ക്ക് കാരണമായി ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി ഛത്തീസ്ഗഢിൽ കരയിലേക്ക് കടന്നിട്ടുണ്ട്. 19-ന് ബംഗാൾ ഉൾക്കടലിന്റെ വടക്കുഭാഗത്ത് വീണ്ടും ന്യൂനമർദം രൂപംകൊള്ളാൻ സാധ്യതയുണ്ട്. എന്നാൽ, ഇത് കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.

ഈ എടവപ്പാതിയിൽ ഇതുവരെ 38 ശതമാനം അധികമഴയാണ് കേരളത്തിൽ ലഭിച്ചത്. ഇടുക്കി ജില്ലയിൽ 84 ശതമാനം അധികമഴ പെയ്തു. പാലക്കാട് 70 ശതമാനവും മലപ്പുറത്ത് 50 ശതമാനവും കോട്ടയത്ത് 47 ശതമാനവും അധികമഴ പെയ്തു. ഇടുക്കിയിൽ കഴിഞ്ഞ മൂന്നുദിവസത്തിനകമാണ് 25 ശതമാനത്തോളം അധികം മഴ കിട്ടിയത്.

വടക്കൻ കേരളത്തിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിലും തെക്കൻ കേരളത്തിൽ 55 കിലോമീറ്റർ വേഗത്തിലും കാറ്റുവീശാം. മത്സ്യത്തൊഴിലാളികൾ കടലിൽപ്പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

11.57am:ഒരാഴ്ചയായി തുടരുന്ന കനത്തമഴക്ക് ചില ജില്ലകളിലെങ്കിലും നേരിയ കുറവുകളുണ്ടെങ്കിലും ദുരിതങ്ങള്‍ക്ക് ഒട്ടും കുറവില്ല. മണ്ണിടഞ്ഞും വെള്ളംകയറിയും സംസ്ഥാനത്തെ മിക്കവാറും റോഡുകളെല്ലാം താറുമാറായിരിക്കയാണ്. വ്യാഴാഴ്ച മുതല്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരുന്നു. ഇതിന് പുറമെ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകളും താളംതെറ്റികൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് വളരെ നാമമാത്രമായ സര്‍വീസുകള്‍ മാത്രമാണ് കെ.എസ്.ആര്‍.ടി.സിക്ക് നടത്താന്‍ കഴിയുന്നത്.

വെള്ളപ്പൊക്കത്തിന് പുറമെ ഇന്ധന ക്ഷാമവും സർവീസുകളെ ബാധിക്കുന്നുണ്ട്. റോഡുകൾ തകർന്നതും വെള്ളപ്പൊക്കവും മൂലം പമ്പുകളിലേത്ത് ഇന്ധനം എത്തുന്നില്ല.  ഇതു മൂലം മഴ കുറവുള്ള സ്ഥലങ്ങളിൽ പോലും ബസുകൾ സർവീസ് നടത്തുന്നില്ല. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് ഇന്ധനക്ഷാമമില്ലെന്ന് അധികൃതർ അറിയിച്ചു.

കേരളത്തിലെ കെ.എസ്.ആര്‍.ടി സിയുടെ പല ഡിപ്പോകളും പൂര്‍ണമായി വെള്ളത്തിലാണ്. ഇവിടങ്ങളിലെ സര്‍വീസുകള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. പല ഡിപ്പോകളിലും ഫോണ്‍, ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പൂര്‍ണമായും തകരാറിലാണ്. ഇത് കാരണം ഇവിടങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കയാണ്. സര്‍വീസുകള്‍ പുന:സ്ഥാപിക്കാനും ഉള്ള വലിയ വെല്ലുവിളി ഇതാണ്. ഇതിനിടയിലും സര്‍വീസ് നടത്തിയ പല സ്ഥലങ്ങളിലും ബസ്സുകള്‍ വഴിയില്‍ കുടുങ്ങി കിടക്കുകയാണ്.

ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളും  പൂര്‍ണമായും നിലച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി കര്‍ണാടക ആര്‍.ടി.സി.യുടെ മൂന്നു ബസുകള്‍ പാലക്കാട്ടേക്ക് സര്‍വീസ് നടത്തിയതൊഴിച്ചാല്‍ തെക്കല്‍ ജില്ലകളിലേക്കും വടക്കന്‍ജില്ലകളിലേക്കുമുള്ള ബസ് സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. കര്‍ണാടക ആര്‍.ടി.സി.യുടെ തെക്കന്‍ ജില്ലകളിലേക്കുള്ള പതിനഞ്ചോളം ബസ്സുകള്‍ കഴിഞ്ഞദിവസം പാലക്കാട്ട് ഓട്ടം അവസാനിപ്പിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സി സൗത്ത് സോണില്‍ മഞ്ഞപ്പള്ളി, റാന്നി, പദ്ധളം എന്നീ ഡിപ്പോകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പത്തനംതിട്ടയിലെ ഡിപ്പോകളിലേക്കുള്ള ബന്ധങ്ങളെല്ലാം നഷ്ടപ്പെട്ടു. ചുരുക്കം പ്രാദേശിക സര്‍വീസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. സെന്‍ട്രല്‍ സോണില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ കോട്ടയം ജില്ലകളിലെ വലിയ വിഭാഗം ബസ്സുകള്‍ സര്‍വീസ് നടത്തുന്നില്ല. മിക്കവാറും പ്രധാന റോഡുകള്‍ ബ്ലോക്കാണ്. എറണാകുളം ആലപ്പുഴ നിരവധി ബസ്സുകളാണ് വഴിയില്‍ കുടുങ്ങി കിടക്കുന്നത്.

നോര്‍ത്ത് സോണില്‍ കണ്ണൂര്‍-വടകര മേഖലയിലെ ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. വയനാട്ടിലേക്കുള്ള സര്‍വീസുകളും വയനാട്ടിലെ പ്രാദേശിക സര്‍വീസുകളും പൂര്‍ണമായും നിലച്ചു. പല ഡിപ്പോകളിലും ജില്ലാ ഭരണകൂടം പൂര്‍ണമായ പിന്തുണ തന്നാല്‍ മാത്രമേ സര്‍വീസ് തുടരുകയുള്ളു എന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. സ്വകാര്യ സര്‍വീസുകളും നിലച്ചതോടെ പല കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്. ജലനിരപ്പ് ഉയരുന്നതിനാല്‍ സര്‍വീസുകള്‍ എന്ന് പുനരാരംഭിക്കും എന്ന കാര്യത്തില്‍ അധികൃതര്‍ക്ക് വലിയ ധാരണയില്ല.

11.50am:സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്സും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

സംസ്ഥാനത്ത് മിക്കവാറും ഇടങ്ങളില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്. പലയിടത്തും വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും ലഭ്യമല്ല.

എന്‍ഡിആര്‍എഫിന്റെ വ്യോമ നാവിക സേനകള്‍ പത്തനംതിട്ട, എറണാകുളം മേഖലകളില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ എത്തിക്കുന്നുണ്ട്. ഇടുക്കിയില്‍ ജലനിരപ്പ് ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ. 2402.20 അടിയായി. ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പ് 2403 അടിയാണ്.

പത്തനംതിട്ടയില്‍ ഇന്നലെ അയ്യായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചു. ഇപ്പോഴും നൂറുകണക്കിനു പേര്‍ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവിടേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

ആലുവ മേഖലയില്‍ മഴ തുടരുന്നുണ്ട്. ഏലൂക്കര മുസ്ലീം പള്ളിക്കു മുകളില്‍ നാന്നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഈ പ്രദേശത്തെ പല വീടുകള്‍ക്കും മുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇപ്പോള്‍ മത്സ്യത്തൊഴിലാളികളടക്കളും സൈന്യവും പോലീസ്, ഫയര്‍ഫോഴ്സും അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ രക്ഷപ്പെടുത്തിത്തുടങ്ങി. പറവൂര്‍ കവല ഭാഗത്ത് ഇപ്പോഴും നദിയില്‍നിന്ന് വെള്ളം പ്രവഹിച്ചു കാണ്ടിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലുവ മേഖലകളില്‍ അയ്യായിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

തൃശ്ശൂരിന്റെ തെക്കന്‍ മേഖലയിലാണ് കൂടുതല്‍ വെള്ളം കയറിയിരിക്കുന്നത്. ചാലക്കുടി നഗരത്തിലെ കെട്ടിടങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. കുണ്ടൂരിലെ അയ്യായിരത്തോളം പേര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് വെള്ളം കയറുന്നതായി റിപ്പോര്‍ട്ടുണ്ട്. മുരിങ്ങൂര്‍ പാലത്തില്‍ വെള്ളം കയറി അന്‍പത് പോലീസുകാരുള്ള വാന്‍ കുടുങ്ങിക്കിടക്കുന്നു. പാലിയേക്കര ടോള്‍ പ്ലാസയും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ദേശീയ പാതയും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

പന്തളം നഗരത്തില്‍ പുലര്‍ച്ചയോടെ പെട്ടെന്ന് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ രാത്രിവരെ വെള്ളമില്ലാതിരുന്ന പ്രദേശങ്ങള്‍ പലതും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. പലരും വീടുകളില്‍ അകപ്പെട്ടിരിക്കുകയാണ്. കടകള്‍ തുറക്കാനാകുന്നില്ല. റോഡുകള്‍ പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തിക്കൊണ്ടിരിക്കുകയാണ്.

മലബാര്‍ മേഖലയില്‍ പൊതുവെ മഴ കുറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പുഴകളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ഡാമുകളെല്ലാം തുറന്നിരിക്കുന്നതിനാല്‍ ജലപ്രവാഹത്തിന് കുറവില്ല.

മലപ്പുറത്ത് 2000ല്‍ അധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഭാരതപ്പുഴയിലും ചാലിയാറിലും വെള്ളം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പട്ടണങ്ങള്‍ ഒറ്റപ്പെട്ടു. മലപ്പുറത്തുനിന്ന് പുറത്തേക്കുള്ള വഴികള്‍ വെള്ളം കയറി. മഴ മാറിനില്‍ക്കുന്നതിനാല്‍ മലവെള്ളപ്പാച്ചിലിന് ശമനമുണ്ട്. ഭാരതപ്പുഴ മൂന്ന് കിലോമീറ്ററോളം ഇരുവശത്തേക്കും കയറിയിട്ടുണ്ട്.

പാലക്കാട് ഇന്നലെ വൈകുന്നേരം മുതല്‍ മഴ കുറഞ്ഞിരിക്കുകയാണ്. ഭാരതപ്പുഴ, ചിറ്റൂര്‍ പുഴ, ഗായത്രിപുഴ എന്നീ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. മലമ്പുഴ അണക്കെട്ടില്‍ നാല് അടി ഉയര്‍ത്തിയിരിക്കുകയാണ്. അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നുണ്ട്. ഗ്രമങ്ങള്‍ പലതു ഒറ്റപ്പെട്ടിരിക്കുകയാണ്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

Share this news

Leave a Reply

%d bloggers like this: