‘ഞങ്ങള്‍ക്ക് തല ചായ്ക്കാന്‍ ഒരിടം വേണം’- ഡബ്ലിനിലും, കോര്‍ക്കിലും പ്രതിഷേധ കടല്‍

ഡബ്ലിന്‍: ലിയോ വരേദ്കര്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ വ്യാപകപ്രതിഷേധം അഴിച്ചുവിട്ടുകൊണ്ട് ഡബ്ലിനിലും, കോര്‍ക്കിയിലും ജനസമുദ്രം. ഭവനരഹിതരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടന്നത്. പതിനായിരക്കണക്കിന് ആളുകള്‍ ഈ സമരത്തിന്റെ ഭാഗമായി. ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, വീടില്ലാത്തവര്‍, സമരത്തെ പിന്‍താങ്ങുന്ന സാധരണ ജനങ്ങള്‍ തുടങ്ങി വമ്പന്‍ പടയാണ് അയര്‍ലണ്ടിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിലായി ഒത്തുകൂടിയത്. ഒരു ക്രിസ്മസ് കാലം കൂടി അടുത്തുവരുമ്പോള്‍ തെരുവിലാക്കപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.

ഐറിഷ് ഭവനമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് പതിനൊന്നായിരത്തോളം കുടുംബങ്ങളാണ് രാജ്യത്ത് ഭവന രഹിതരായി തുടരുന്നത്. ഇതില്‍ നൂറോളം കുരുന്നുകളുടെ ആദ്യത്തെ ക്രിസ്മസ് ആഘോഷിക്കപ്പെടുക തെരുവുകളിലോ, അഭയകേന്ദ്രങ്ങളിലോ ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭവനരഹിതരായവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് അയര്‍ലണ്ട് വീടില്ലാത്തവരുടെ കണക്കുകള്‍ നിരത്തി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലിയോ വരേദ്കര്‍ നയിക്കുന്ന സര്‍ക്കാര്‍ ഭവനരഹിതര്‍ക്ക് വീടൊരുക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് സമരക്കാര്‍ പറയുന്നത്.

രാജ്യത്ത് ഡബ്ലിന്‍ നഗരത്തിലാണ് ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ ഉള്ളത്. സോഷ്യല്‍ ഹൗസിങ് യൂണിറ്റുകളും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ കാര്യമായി നിര്‍മ്മിക്കപ്പെട്ടിരുന്നില്ല. ഭവന പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ‘ഞങ്ങള്‍ക്ക് വീടുകള്‍ ആണ് വേണ്ടത്; പ്രിന്റര്‍ അല്ല’ എന്ന് തുടങ്ങുന്ന മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ മുഴക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഫിനഗേലിനെതിരെയുള്ള ഒരു ആയുധമായി ഭവനരഹിത പ്രശ്‌നങ്ങള്‍ ഉയര്‍ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: