ജോലിഭാരം വര്‍ധിക്കുന്നു; ഐറിഷ് നഴ്സുമാര്‍ സമരപ്രഖ്യാപനവുമായി രംഗത്ത്; ആരോഗ്യമേഖല നിശ്ചലമാക്കാന്‍ സാധ്യത

ഡബ്ലിന്‍: ഐറിഷ് ആരോഗ്യമേഖലയില്‍ ജീവനക്കാര്‍ക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ സഹിക്കാവുന്നതിന്റെ പരിധി കടന്നുവെന്നും അവസാനഘട്ടമെന്ന നിലയില്‍ സമര നടപടികളിലേക്ക് കടക്കുകയാണെന്നും ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫറി ഓര്‍ഗനൈസേഷന്‍. സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ് വൈഫ്സ് ഓര്‍ഗനൈസേഷന്‍ ബാലറ്റുകള്‍ നല്‍കി തുടങ്ങി. അമിത ജോലി ഭാരം മൂലം നഴ്സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. അംഗങ്ങള്‍ പിന്തുണച്ചാല്‍ ക്രിസ്മസിനു മുന്‍പായി രാജ്യത്തൊട്ടാകെ സമരം നടത്തുമെന്ന് ഐഎന്‍എംഒ അറിയിച്ചു.

ഐഎന്‍എംഒ യൂണിയന് കീഴില്‍ ഏകദേശം 40,000 ത്തോളം നഴ്സുമാരും മിഡ്വൈഫുമാരുമാണ് ഉള്ളത്. പൊതുആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന എല്ലാ INMO അംഗങ്ങള്‍ക്കും സമരം നടത്തണമോ എന്നതില്‍ ബാലറ്റ് വോട്ടെടുപ്പില്‍ പങ്കാളിയാകാവുന്നതാണ്. സമരം നടത്തണമെന്നാണ് ഭൂരിഭാഗം അഭിപ്രായം ഉയരുന്നതെങ്കില്‍ ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്കും പരിഹാരം കണ്ടിലെങ്കില്‍ തുടര്‍ന്നും 24 മണിക്കൂറും നേഴ്‌സ് സമരം അരങ്ങേറും.

രോഗികളുടെ തിരക്ക് വന്‍ തോതില്‍ വര്‍ധിക്കുകയാണെന്നും അതിനനുസരിച്ച് കൂടുതല്‍ നഴ്സുമാരെ ജോലിക്ക് നിയോഗിക്കണമെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷീഗ്ദ ആരോപിച്ചു. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത സംഘടനയ്ക്കുണ്ട്. രോഗികളും ഇതിനെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. നഴ്സുമാരുടെ ജോലി ഭാരം വര്‍ധിക്കുന്നതു കൊണ്ട് ഏറ്റവു മധികം പ്രശ്നങ്ങള്‍ രോഗികള്‍ക്ക് തന്നെയാണെന്നും അവര്‍ പറഞ്ഞു.

ഗവണ്‍മെന്റുമായി കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ചര്‍ച്ചകളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകാത്ത സാഹചര്യത്തിലാണ് വോട്ടെടുപ്പും സമരനടപടികളും സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് ഐഎന്‍എംഒ വ്യക്തമാക്കി. ശൈത്യകാലം ആരംഭിച്ചതോടെ ജീവനക്കാരുടെ അഭാവം പരിഹരിക്കാനും സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും അടിയന്തര റിക്രൂട്ട്‌മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ എന്നിവ സ്വീകരിക്കുക, എമര്‍ജന്‍സി വിഭാഗത്തില്‍ ഒരു വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി റിവ്യൂ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് ഐഎന്‍എംഒ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

പബ്ലിക് സര്‍വീസ് പേ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം ഓരോരുത്തര്‍ക്കും 4,500 യൂറോ വീതം മൊത്തം 20 മില്യണ്‍ യൂറോയുടെ ശമ്പള പാക്കേജാണ്
പൊതുമേഖല ജീവനക്കാര്‍ക്കായി ഗവണ്മെന്റ് മുന്നോട്ടു വെച്ചിട്ടുള്ളത്. അതേസമയം ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇത് മതിയാകില്ലെന്ന നിലപാടിലാണ് വിവിധ യൂണിയനുകള്‍. നേഴ്സുമാരോടൊപ്പം ഐറിഷ് ടീച്ചേഴ്സ് യൂണിയനും ഗവണ്മെന്റിന്റെ ശമ്പള വര്‍ധനവിനുള്ള പ്രൊപ്പോസലിനെ നിരാകരിച്ചിരുന്നു. ഇവരും സമര നടപടികളിലേക്ക് തിരിയാന്‍ ആലോചനയിലാണ്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: