ജോലിഭാരം കൂടി: സൈക്യാര്‍ട്ടിക് നഴ്സുമാര്‍ ഓവര്‍ ടൈം ജോലി നിര്‍ത്തിവെയ്ക്കുന്നു; പ്രതിഷേധ നടപടി 700 ഓളം ഒഴിവുകള്‍ നികത്താത്തതിനാല്‍

ഡബ്ലിന്‍ :രാജ്യത്തെ സൈക്യാര്‍ട്ടിക് നഴ്‌സുമാര്‍ നേരിടുന്നത് അതി രൂക്ഷമായ പ്രതിസന്ധി. ഈ വകുപ്പുകളില്‍ നിലവില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഓവര്‍ ടൈം ജോലി ചെയ്യുന്നത് നിര്‍ത്തിവെച്ചതായി ഇവരുടെ സംഘടനയായ പി.എന്‍.എ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വര്‍ഷങ്ങളായി മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലിചെയ്യുന്ന നഴ്‌സുമാര്‍ ഓവര്‍ടൈം ജോലിയും ചെയ്തുവരികയാണ്. ഈ വകുപ്പുകളില്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചതോടെ കൂടുതല്‍ സമയം ജോലിയില്‍ തുടരേണ്ട സാഹചര്യമാണ് തങ്ങള്‍ നേരിടേണ്ടി വന്നതെന്ന് ഇവര്‍ പറയുന്നു.

കോണ്‍ട്രാക്ടില്‍ പറഞ്ഞിരിക്കുന്ന സമയത്തില്‍ കൂടുതല്‍ ജോലിയില്‍ തുടര്‍നാകില്ലെന്നാണ് നഴ്‌സിംഗ് സംഘടന അറിയിച്ചരിക്കുന്നത്. രണ്ടുവര്‍ഷത്തോളമായി ഈ വകുപ്പുകളില്‍ ശരിയായി നിയമനം നടക്കുന്നില്ല. ദേശീയാടിസ്ഥാനത്തില്‍ 700 സൈക്യാര്‍ട്രിക് നഴ്‌സുമാരുടെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ രാജ്യത്ത് സൈക്യാര്‍ട്രിക് കണ്‍സല്‍ട്ടന്റ് ഡോക്ടര്‍മാരുടെ ഒഴിവുകളും നികത്തപ്പെട്ടിട്ടില്ല. ഒട്ടുമിക്ക ആശുപത്രികളിലും ഈ തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.

ഐറിഷ് ആശുപത്രികളില്‍ അപ്രഖ്യാപിത നിയമന നിരോധനം തുടരുന്നതിനാലാണ് നിയമനം നടത്താത്തതെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ജോബ് ഓഫര്‍ ലഭിച്ചവര്‍ക്കുപോലും എച്.എസ്.ഇ നിയമനം നല്‍കാത്തതിനാല്‍ എല്ലാ വകുപ്പുകളിലും നിയമന നിരോധനം തന്നെയാണ് നടക്കുന്നത് എന്ന് വിവിധ തൊഴില്‍ സംഘടനകള്‍ പറയുന്നു. എന്നാല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടും ആവശ്യത്തിന് ഉദ്യോഗാര്‍ത്ഥികളെ ലഭിക്കുന്നില്ലെന്നാണ് ഇതിന് എച്.എസ് .ഇ നല്‍കുന്ന മറുപടി.

സൈക്യാര്‍ട്ടിക് നഴ്‌സുമാര്‍ ഓവര്‍ടൈം ഡ്യൂട്ടിയില്‍ നിന്നും മാറിനില്‍കുന്നത് മാനസികാരോഗ്യ വകുപ്പിനെ പ്രതികൂലമായി ബാധിക്കും. ഈ വകുപ്പുകളില്‍ ചികിത്സയ്ക്കു വേണ്ടി കാത്തിരിക്കുന്നവരും അനവധിയാണ്. മാനസികാരോഗ്യം പോലുള്ള കാര്യത്തില്‍ രോഗികള്‍ക്കു ഉടന്‍ ചികിത്സ ലഭിക്കേണ്ടത് അത്യാവശ്യമായിരിക്കെ എച്.എസ് .ഇ ആശുപത്രികളെ ആശ്രയിക്കുന്ന രോഗികളുടെ അവസ്ഥ ശോചനീയമാണ്. ചികിത്സ ലഭിക്കാന്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: