ജോര്‍ജ് ആലഞ്ചേരി വ്യാജരേഖ കേസ്: ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തു

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി രഹസ്യ അക്കൗണ്ടലൂടെ വന്‍തുക കൈമാറ്റം ചെയ്തതായി വ്യാജ രേഖകള്‍ ചമച്ചെന്ന കേസില്‍ എറണാകുളം അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴിയെടുത്തു. ബിഷപ്പ് ഹൗസില്‍ എത്തിയാണ് വ്യാജരേഖാ കേസിലെ രണ്ടാം പ്രതിയായ ബിഷപ്പ് ജേക്കബ് മനത്തോടത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖകള്‍ ചമച്ച് അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് സീറോ മലബാര്‍ ചര്‍ച്ച് ഇന്റര്‍നെറ്റ് മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയിലാണ് നടപടി.

നേരത്തെ കേസില്‍ ഫാ. പോള്‍ തേലക്കാട്ട്, ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവര്‍ക്കെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിയായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ അന്വേഷണത്തിന് പേരില്‍ ഇരുവരെയും അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്ന നിര്‍ദ്ദേശവും കോടതി നല്‍കിയിരുന്നു.

അതേസമയം, വ്യാജരേഖ നിര്‍മ്മാണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഇല്ലെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പരിശോധനക്കായി നല്‍കിയ രേഖ സിനഡിന് മുന്‍പാകെ ഹാജരാക്കുക മാത്രമാണ് ചെയ്തതെന്നും ബിഷപ്പ് മൊഴി നല്‍കിയതായാണ് സൂചനയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണ സംഘം ഡിവൈഎസ്പി പിയുടെ നേതൃത്വത്തില്‍ ആയിരുന്നു മൊഴിയെടുപ്പ്. കേസില്‍ പോള്‍ തേലക്കാട്ട് അടക്കമുള്ളവരുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.

വ്യാജരേഖ ചമച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഫാ. ജോബി മാപ്രക്കാവില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ ഫെബ്രുവരി 25നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. വ്യാജ രേഖ ചമച്ചത് തങ്ങളാണെന്ന് പരാതിയില്‍ ആരോപണമില്ലെന്നും യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്താതെ തങ്ങളെ പ്രതി ചേര്‍ത്തത് അനുചിതമാണെന്നും ചൂട്ടിക്കാട്ടിയിരുന്നു ഇതിന് പിറകെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹര്‍ജിയിലെ വാദം.

Share this news

Leave a Reply

%d bloggers like this: