ജെഎന്‍യു സംഘര്‍ഷഭരിതം: പാര്‍ലമെന്റിന് മുന്നിലേക്ക് ലോങ്ങ് മാര്‍ച്ച്; ക്യാമ്പസിലും പരിസരങ്ങളിലും നിരോധനാജ്ഞ…

ഡല്‍ഹി: ജെ.എന്‍.യു ക്യാംപസില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഫീസ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ പാര്‍ലമെന്റിന് മുന്നിലേക്ക് പ്രതിഷേധ ലോങ് മാര്‍ച്ച് നടത്തുന്ന സാഹചര്യത്തിലാണ് നിരാധനാജ്ഞ പ്രഖ്യാപിച്ചത്. പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പ്രധാന ഗേറ്റിലേക്ക് മാര്‍ച്ച് തുടങ്ങി. ഭാഗികമായി റദ്ദാക്കിയ ഫീസ് വര്‍ധന പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള നീക്കം ജെ.എന്‍.യു അധികൃതര്‍ ഭാഗികമായി റദ്ദാക്കിയിരുന്നു. സര്‍വ്വീസ് ചാര്‍ജായി തുക ഈടാക്കാനുള്ള തീരുമാനം പിന്‍വലിച്ചിരുന്നില്ല. പ്രധാന ഗേറ്റില്‍ പ്രതിഷേധക്കാരെ തടയുമെന്നാണ് പോലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടുതല്‍ പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ പതിനൊന്ന് കിലോമീറ്റര്‍ പിന്നിട്ട് ലോങ് മാര്‍ച്ച് പാര്‍ലമെന്റില്‍ എത്തുക തന്നെ ചെയ്യുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

ജെ.എന്‍.യുവില്‍ നിന്ന് പാര്‍ലമെന്റ് വരെ കാല്‍നടയായി പ്രതിഷേധസമരം നടത്തിയാണ് വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച്. പാര്‍ലമെന്റില്‍ ഇന്ന് ശീതകാല സമ്മേളനം ആരംഭിച്ചിരിക്കെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്. അതേസമയം വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ നിന്നും പിന്മാറണെന്നും ക്ലാസുകള്‍ തടസ്സപ്പെടുത്തരുതെന്നും ജെ.എന്‍.യു വി.സി ജഗദീഷ് കുമാര്‍ അറിയിച്ചിരുന്നു. കാമ്പസിനകത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കരുതെന്നും വി.സി നിര്‍ദേശം നല്‍കി.

മെസ് സെക്യൂരിറ്റിയായി കൊടുക്കേണ്ട തുക 5500ല്‍ നിന്നും 12000 രൂപയാക്കിയും ഹോസ്റ്റല്‍ ഫീസ് ഒറ്റക്കുള്ള റൂമിന് 20ല്‍ നിന്നും 600 ആയും രണ്ടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ താമസിക്കുന്ന റൂമിന് 10 രൂപയില്‍ നിന്നും 300 രൂപയായുമാണ് വര്‍ധിപ്പിച്ചത്. ഒപ്പം ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കുകയും വേണമെന്നായിരുന്നു തീരുമാനം. എന്നാല്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ അധികൃതര്‍ ഫീസ് വെട്ടികുറച്ച് രണ്ട് പേര്‍ താമസിക്കുന്ന റൂമിന് 100 രൂപയും ഒരാള്‍ താമസിക്കുന്ന റൂമിന് 200 രൂപയും ആക്കി. പക്ഷെ ഹോസ്റ്റല്‍ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 1700 രൂപ വീതം വിദ്യാര്‍ഥികള്‍ അടക്കണം എന്ന തീരുമാനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: