ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടന്‍ അമേരിക്കയ്ക്ക് കൈമാറാന്‍ ഒരുങ്ങുന്നു….

വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ അമേരിക്കയ്ക്ക് വിട്ടുനല്‍കാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പ് വച്ചു. യുഎസ് സൈനിക, സുരക്ഷാ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന കുറ്റത്തിന് അസാന്‍ജിന്റെ പേരില്‍ അമേരിക്കയില്‍ കേസുണ്ട്. കംപ്യൂട്ടര്‍ ഹാക്കിംഗുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍. എക്സ്ട്രാഡിഷന്‍ ഓര്‍ഡര്‍ കോടതിയില്‍ നല്‍കുമെന്നും സാജിദ് ജാവിദ് പറഞ്ഞു. ബ്രിട്ടീഷ് കോടതിയുടെ തീരുമാനവും അനുകൂലമായാല്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടന്‍ അമേരിക്കയ്ക്ക് കൈമാറും. ചാരവൃത്തി തടയുന്ന എസ്പിയൊണേജ് ആക്ട് അടക്കമുള്ള വിഷയങ്ങളിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് അസാന്‍ജിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഇനി എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. നീതി നടപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആഭ്യന്തര സെക്രട്ടറിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. അസാന്‍ജിനെ എക്സട്രാഡിറ്റ് ചെയ്യാനുള്ള അപേക്ഷ ന്യായമാണ് – ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നിലവില്‍ ബെല്‍മാഷ് ജയിലിലാണ് 47കാരനായ ജൂലിയന്‍ അസാന്‍ജ്. അസുഖബാധിതനായ അസാന്‍ജ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ കഴിഞ്ഞ ഹിയറിംഗില്‍ പങ്കെടുത്തിരുന്നില്ല.

ഓസ്ട്രേലിയന്‍ പൗരനായ ജൂലിയന്‍ അസാന്‍ജ് യുഎസ് വിവിധ ലോകരാജ്യങ്ങളില്‍ നടത്തിയ സൈനികവും അല്ലാത്തതുമായ ഇടപെടുകളുടേയും ചാരപ്പണികളുടേയും വിവരങ്ങള്‍ പുറത്തുവിട്ടാണ് ശ്രദ്ധ നേടിയത്. അഫ്ഗാനിസ്താന്‍, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട് നിരവധി സൈനിക വിവരങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച ജൂലിയന്‍ അസാന്‍ജിനെതിരെ യുഎസ് ക്രിമിനല്‍ നടപടികള്‍ തുടങ്ങുകയായിരുന്നു. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയത്തില്‍ കഴിയുകയായിരുന്ന ജൂലിയന്‍ അസാന്‍ജിനുള്ള അഭയം ഇക്വഡോര്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ബ്രിട്ടീഷ് പൊലീസ് അസാഞ്ജിനെ അറസ്റ്റ് ചെയ്തു. സ്വീഡനില്‍ ഒരു ലൈംഗിക പീഡന കേസും അസാന്‍ജിനെതിരെയുണ്ട്.

Share this news

Leave a Reply

%d bloggers like this: