ജീവന്റെ മഹത്വം മാനിക്കാതെ ഗര്‍ഭച്ഛിദ്രത്തിന് അനുകൂലമായി വിധിയെഴുതി ഐറിഷ് ജനത; ജീവഹത്യയ്ക്ക് അനുകൂലമായ തീരുമാനം ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് വിലയിരുത്തല്‍

പ്രമുഖ കത്തോലിക്ക രാജ്യമായ അയര്‍ലന്റില്‍ അബോര്‍ഷനുമായി ബന്ധപ്പെട്ട – നിയമത്തില്‍ രാജ്യത്തെ മൂന്നില്‍ രണ്ട് – ഭാഗത്തിലധികം ജനവും നിയമഭേദഗതി വേണമെന്നു പറഞ്ഞു പാസാക്കി. ഉദരശിശുവിന്റെ – അവകാശവും സ്ത്രീയുടെ അവകാശവും ത്രാസിലാക്കി ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടിനിട്ടപ്പോള്‍ ഉദരശിശുവിനായി വാദിക്കാനുള്ളവരുടെ എണ്ണത്തില്‍ വലിയ കുറവ് വന്നു. ഇനി മുതല്‍ സ്ത്രീയുടെ അഭിവാഞ്ചയനുസരിച്ച് ഉദരശിശുവിനെ കൊല്ലുകയോ, ജീവിപ്പിക്കുകയോ ചെയ്യാം, ആദ്യ മൂന്ന് മാസം. തുടര്‍ന്നുള്ള മൂന്ന് മാസങ്ങളില്‍ ഗൗരവമേറിയതെന്ന് പറയാവുന്ന എന്തെങ്കിലും കുഞ്ഞില്‍ കണ്ടാല്‍ കൊല്ലാനുള്ള നിയമമാണിത്.

മൂന്ന് വര്‍ഷം മുമ്പ് 2015 മെയ് 22നാണ് സ്വവര്‍ഗ്ഗവിവാഹ നിയമം അയര്‍ലന്റില്‍ പാസായത്. അന്നത്തെ ഭൂരിപക്ഷം അറുപത്തി രണ്ടു ശതമാനമെങ്കില്‍, ജീവഹത്യയ്ക്കുള്ള ഭൂരിപക്ഷം അറുപത്തിയാറ് ആണ്. ഇന്നും എണ്‍പത് ശതമാനം കത്തോലിക്കരുള്ള ഈ രാജ്യത്ത് ജീവഹത്യയ്ക്ക് അനുകൂലമായ തീരുമാനം ഭാവിയില്‍ ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കും. 1983ല്‍ ഐറിഷ് ജനം ഒന്നടങ്കം ഉദരശിശുവിനായി അനുകൂല തീരുമാനമെടുത്തു. കാല്‍ നൂറ്റാണ്ടു കൊണ്ട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ലോകം മുഴുവനുമുള്ള പ്രോ – ലൈഫ് പ്രവര്‍ത്തകരും സഭാധികാരികളും വേദനയോടെയാണ് ഫലപ്രഖ്യാപനം ശ്രവിച്ചത്.

ഭരണഘടന മാറിയാലും ഗര്‍ഭച്ഛിദ്ര ഭീകരത എന്ന യാഥാര്‍ഥ്യം അങ്ങനെതന്നെ നില്‍ക്കുമെന്ന് ഹിതപരിശോധന ഫലത്തോട് പ്രോലൈഫ് വിഭാഗം പ്രതികരിച്ചു. അമ്മയുടെ ജീവിക്കാനുള്ള അവകാശത്തിനായി വലിയൊരു വിഭാഗം രംഗത്തുള്ളപ്പോള്‍ത്തന്നെ ഗര്‍ഭസ്ഥശിശുവിനും ഇതേ അവകാശമുണ്ടെന്ന സന്ദേശവുമായാണ് Savethe8th പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. രാജ്യത്തെ പ്രധാന പാര്‍ട്ടികളൊന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ രംഗത്തിറങ്ങിയിരുന്നില്ല. മറിച്ച് വ്യക്തിപരമായിരുന്നു പ്രചാരണങ്ങള്‍. പ്രധാനമന്ത്രി ഗര്‍ഭച്ഛിദ്രത്തെ അനുകൂലിക്കുന്നവര്‍ക്കൊപ്പമായിരുന്നു. എക്‌സിറ്റ് പോളുകളിലൊന്ന് 68 ശതമാനം വിജയമാണ് ‘യെസ്’ അനുകൂലികള്‍ക്കു പ്രവചിച്ചത്; രണ്ടാമത്തെ എക്‌സിറ്റ് പോളില്‍ 69 ശതമാനവും.

ഗര്‍ഭഛിദ്രത്തിന് അനുകൂലമായ തീരുമാനം വന്നതോടെ വരുന്ന ഓഗസ്റ്റ് മാസം 21 മുതല്‍ 26 വരെ അയര്‍ലണ്ടില്‍ നടക്കുന്ന ലോക കുടുംബസംഗമം നിര്‍ണ്ണായകമാകും. സ്വവര്‍ഗ്ഗവിവാഹവും ഗര്‍ഭച്ഛിദ്രവും നിയമമായി അംഗീകരിച്ച ഒരു ജനതതിയുടെ മുമ്പില്‍ ജീവന്റെ മഹത്വത്വത്തെ മാനിക്കുന്ന കത്തോലിക്കാ സഭ തലവന്‍ കുടുംബത്തിന്റെയും ജീവന്റെയും മഹത്വം വിളംബരം ചെയ്യുന്നത് കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.

Share this news

Leave a Reply

%d bloggers like this: