ജീവനാണ് താരം; ഒരിക്കല്‍ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട സ്‌പെഷ്യല്‍ ബ്രാഞ്ചിലെത്തിയ ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേരള പൊലീസിന് തന്നെ അഭിമാനതാരമായി

കോഴിക്കോട് : കേരള പോലീസിന്റെ യശസ് ലോകത്തിന് മുന്നില്‍ ഉയര്‍ത്തിയ കോഴിക്കോട് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ജീവന്‍ ജോര്‍ജ് ആണ് ഇപ്പോള്‍ കേരളത്തിലെ താരം. വര്‍ഷങ്ങളോളം നിഗൂഢത്തില്‍ തുടര്‍ന്ന രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവന്നതോടെ കേരള ജനത ഇന്നോളം കേട്ടിട്ടില്ലാത്ത തുടര്‍ച്ചയായ കൊലപതാക രഹസ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രൊഫഷണല്‍ കില്ലെര്‍മാര്‍ക് പോലും ഒരുപക്ഷെ ചുവട്പിഴക്കാവുന്ന കൊലകള്‍ ക്രിത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഈ കേസ് ന്റെ അന്വേഷണം ജൂണില്‍ തുടങ്ങിയിരുന്നു.

വ്യാജ ഒസ്യത്തിലും മരണങ്ങളിലും സംശയമുന്നയിച്ച് മരണപ്പെട്ട റോയി തോമസിന്റെ സഹോദരന്‍ അമേരിക്കയിലുള്ള റോജോ ഇക്കഴിഞ്ഞ ജൂണിലാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിത്. എസ്പി ഈ പരാതി താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്പി സ്വത്തുതര്‍ക്കം മാത്രമെന്ന് പറഞ്ഞ് പരാതി എഴുതിത്തള്ളി. പക്ഷെ പരാതി കണ്ട സ്‌പെഷ്യല്‍ ബ്രാഞ്ചിന് സംശയമുണ്ടായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മയില്‍ അന്വേഷണത്തിനായി എസ്‌ഐ ജീവന്‍ ജോര്‍ജ്ജിനെ ചുമതലപ്പെടുത്തി.

പിന്നീട് അങ്ങോട്ട് ജീവന്‍ ജോര്‍ജിന്റെ രഹസ്യാന്വേഷാങ്ങളായിരുന്നു. പരാതി കണ്ട ആദ്യ മാത്രയില്‍ തന്നെ കേസിന്റെ സ്വഭാവം മനസിലാക്കാനായിരുന്നു വേഷം മാറിയുള്ള ജീവന്റെ അന്വേഷണം നടന്നത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലായിരുന്നു എസ്‌ഐ ജീവന്‍ ജോര്‍ജ് പരിശോധനയ്ക്കായി ഇറങ്ങിയത്. എന്‍ഐടിയിലും കൂടത്തായി, കൂരാച്ചുണ്ട്, കോടഞ്ചേരി, ഓമശ്ശേരി എന്നിവിടങ്ങളിലും പരിശോധന നടത്തി. അന്വേഷണത്തിന്റെ ഓരോ ഘട്ടവും രഹസ്യമായിരുന്നു. ഏറ്റവും ഒടുവില്‍ മരണപ്പെട്ടവരുടെ കല്ലറകള്‍ പൊളിക്കാനുള്ള നീക്കത്തില്‍ മാത്രമായിരുന്നു കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കാര്യം അറിഞ്ഞത്.

അപ്പോഴേക്കും ജോളിയെ പൂട്ടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിരുന്നു. ഈ കേസ് ഇത്ര രഹസ്യ സ്വഭാവത്തില്‍ മുന്നോട്ട് കൊണ്ടുപോകാനും, പ്രതിയെക്കുറിച്ചുള്ള വ്യക്തമായ ധാരണകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രഹസ്യാന്വേഷണം നടത്തി അദ്ദേഹം തയ്യാറാക്കിയ മൂന്നു പേജുള്ള റിപ്പോര്‍ട്ടാണ് കേസിലെ പ്രധാന വഴിത്തിരിവായി മാറിയത്. കൂടത്തായിയിലെ ആറ് മരണങ്ങള്‍ കൊലപാതകങ്ങളാണ്. വെറും സ്വത്തു തര്‍ക്കം മാത്രമായി ഇതിനെ പരിഗണിക്കാവില്ല. അസ്വാഭാവിക മരണങ്ങള്‍ സംഭവിച്ചയിടത്തെല്ലാം ജോളിയുടെ സംശയകരമായ സാന്നിധ്യമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വ്യാജ ഒസ്യത്തുമെല്ലാം ദുരൂഹത കൂട്ടുന്നതാണ്. അതിനാല്‍ സമഗ്ര അന്വേഷണം വേണം ഇതായിരുന്നു റിപ്പോര്‍ട്ടിന്റെ അവസാനം ജീവന്‍ ജോര്‍ജ് എഴുതിച്ചേര്‍ത്തിരുന്നത്.

റോജോ കോഴിക്കോട് റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്പി ഈ പരാതി താമരശ്ശേരി ഡിവൈഎസ്പിക്ക് കൈമാറി. പലരുടെയും മൊഴിയെടുത്ത ഡിവൈഎസ്പി സ്വത്തുതര്‍ക്കം മാത്രമെന്ന് പറഞ്ഞ് പരാതി എഴുതിത്തള്ളുകയായിരുന്നു. കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് റൂറല്‍ എസ് പി യായി കെ ജി സൈമണ്‍ ചുമതലയേല്‍ക്കുന്നത്. റിപ്പോര്‍ട്ട് നല്‍കിയ എസ്‌ഐ ജീവന്‍ ജോര്‍ജിനെ എസ്പി നേരിട്ട് വിളിച്ച് അനുമോദിച്ചു. കോടഞ്ചേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത 189 /2011 കേസ് ഫയല്‍ വീണ്ടും തുറക്കാന്‍ പൊലീസ് തീരുമാനിച്ചു. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസായിരുന്നു അത്.

ജീവന്‍ ജോര്‍ജിന്റെ അന്വേഷണ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും, വിശദമായ അന്വേഷണത്തിന് കണ്ണൂര്‍ റെയ്ഞ്ച് ഐജി സേതുരാമന്‍ ഉത്തരവിറകുകയും ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി രൂപീകരിച്ച സംഘത്തില്‍ ജീവന്‍ ജോര്‍ജ്ജിനെയും ഉള്‍പ്പെടുത്തി.

അതീവരഹസ്യമായിട്ടായിരുന്നു പിന്നെ സംഘത്തിന്റെ നീക്കം. തെളിവുകള്‍ ഓരോന്നായി ശേഖരിച്ചു. ജോളിയുടെ ഓരോ നീക്കങ്ങളും പരിശോധിച്ചു. ഓരോ ദിവസത്തെയും പുരോഗതി എസ്പി കെ ജി സൈമണ്‍ നേരിട്ട് വിലയിരുത്തി. തുടര്‍ന്നാണ് മൃദദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്; ഈ ഘട്ടത്തില്‍ ആണ് പുറംലോകം, കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളെ കുറിച്ച് അറിഞ്ഞത്.

അന്വേഷണത്തിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയാക്കിയാക്കിയത് എന്ന് എസ് .ഐ ജീവന്‍ ജോര്‍ജ് റോസ് മലയാളത്തിനോട് പറഞ്ഞു. കേരളത്തിലെ എക്കാലത്തെയും, സെന്‍സേഷണല്‍ കേസിനു ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ റൂറല്‍ എസ്.പി സൈമണ്‍ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ എത്തുമെന്നും എസ് ഐ ജീവന്‍ വ്യക്തമാക്കി.

ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടെയുണ്ടായ ചെറിയ വീഴ്ചകളുടെ പേരില്‍ സ്ഥാന കയറ്റം നിഷേധിക്കപ്പെട്ട എസ് ഐ ജീവന്‍ ലോക്കല്‍ പൊലീസിംഗ് ഉപേക്ഷിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്കെത്തിയ ഉദ്യോഗസ്ഥന്‍ ആണ്. കേരളത്തില്‍ തേഞ്ഞുമാഞ്ഞു പോയ ഒരു സുപ്രധാന കേസിന്റെ വഴിത്താരയിലെ നിര്‍ണ്ണായക കണ്ണിയായി കേരള പോലീസിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് എസ് ഐ ജീവന്‍.

Share this news

Leave a Reply

%d bloggers like this: