ജീവനക്കാര്‍ക്ക് ശമ്പളം നിശ്ചയിക്കുന്നതിനുള്ള സ്വയംഭരണാധികാരം ആശുപത്രികള്‍ക്കു നല്‍കുന്നതായി ആരോഗ്യമന്ത്രി

ഡബ്ലിന്‍: രാജ്യത്തെ ആശുപത്രികളില്‍ ജോലി നോക്കുന്ന ഡോക്ടര്‍മാര്‍ക്കും സീനിയര്‍ മാനേജര്‍മാര്‍ക്കും ശമ്പള സ്‌കെയില്‍ നിശ്ചയിക്കാനുള്ള അധികാരം അതേ ആശുപത്രികള്‍ക്കു തന്നെ നല്‍കുന്നതായി ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍.

നിലവില്‍ ഡോക്ടര്‍മാരുടേയും മാനേജര്‍മാരുടേയും ശമ്പളം നിശ്ചയിക്കുന്നത് പബ്ലിക് എക്‌പെന്‍ഡീച്ചര്‍ ആന്‍ഡ് റീഫോം ഡിപ്പാര്‍ട്ടുമെന്റാണ്. ഈ മേഖലയില്‍ നിന്നുമാണ് ആശുപത്രികള്‍ക്ക് സ്വയംഭരണാധികാരം നല്‍കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവരുടെ ശമ്പളം സ്‌കെയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു.

ട്രസ്റ്റുകള്‍ക്ക് സെമി സ്റ്റേറ്റ് കമ്പനികളായി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിയും നല്‍കുന്നതിനായി വരേദ്കര്‍ പറഞ്ഞു. രാജ്യത്തെ ആശുപത്രികള്‍ ട്രസ്റ്റുകളുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെങ്കില്‍ പൊതുമേഖല നിയമങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് ആശുപത്രിയിലേക്കുള്ള മാനേജര്‍മാരേയും സ്‌പെഷ്യലിസ്റ്റുകളേയും തിരഞ്ഞെടുക്കുന്നതിനുള്ള അധികാരവും ഇവര്‍ക്കായിരിക്കും.

പരസ്പരമുള്ള കൂടിയാലോചനകളിലൂടെ വേണ്ട നടപടികള്‍ എടുക്കാവുന്നതാണെന്നും അതിനായി ആശുപത്രികളേയും ട്രസ്റ്റുകളേയും ചുമതലപ്പെടുത്തുന്നതായും വരേദ്കര്‍ പറഞ്ഞു.

2012 ഓക്ടോബറിനു ശേഷം ജോലിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ക്ക് അതുവരെ ഉണ്ടായിരുന്ന ശമ്പളത്തില്‍ നിന്നും 30 ശതമാനം കുറവാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പിലാക്കിയത്. ഇത് സീനിയര്‍ മെഡിക്കല്‍ സ്റ്റാഫുകളെ ലഭിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വലിയ വെല്ലുവിളിയാണ് ആശുപത്രികള്‍ക്ക് സൃഷ്ടിച്ചിരുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 300 ഡോക്ടര്‍മാരുടെ ഒഴിവാണ് ഉണ്ടായിരുന്നത്.

ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനുള്ള ശ്രമമാണ് ആരോഗ്യമന്ത്രിയുടേത്. സ്വയംഭരണാധികാരം നല്‍കുന്നതു വഴി പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിനായി ആശുപത്രികള്‍ തമ്മില്‍ നിലനിന്നിരുന്ന മല്‍സരം എന്തായാലും ചൂടുപിടിക്കുമെന്നുറപ്പ്.
എഎസ്

Share this news

Leave a Reply

%d bloggers like this: