ജീവനക്കാരെ സഹായിക്കാന്‍ തലയില്‍ അരിച്ചാക്കുമായി രണ്ട് ഐഎഎസുകാര്‍: രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും; സോഷ്യല്‍ മീഡിയയില്‍ കൈയടി

അരിച്ചാക്ക് ചുമക്കുന്ന കളകടര്‍മാരേയും സബ് കളക്ടര്‍മാരേയും ഐഎഎസ് ഉദ്യോഗസ്ഥരേയും അധികം കണ്ടിട്ടുണ്ടാകാന്‍ വഴിയില്ല. അത്തരമൊരു കാഴ്ചയാണ് കല്‍പ്പറ്റയിലെ വയനാട് കളക്ടറേറ്റില്‍ ഇന്നലെ രാത്രി പലരും കണ്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും അരിച്ചാക്ക് തലയില്‍ ചുമന്ന് ജീവനക്കാരെ സഹായിച്ചത് ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകളാണ് പ്രോട്ടോകോളും പദവിയുമെല്ലാം തല്‍ക്കാലം മാറ്റിവെച്ച് ഈ രണ്ട് ഐഎഎസുകാര്‍ ചുമന്നത്.

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും കളക്ടറേറ്റില്‍ മടങ്ങിയെത്തിയത് രാത്രി 9.30ഓടെയാണ്. രാവിലെ മുതല്‍ അവിടെ ജോലിയിലുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിതരായി വിശ്രമിക്കാന്‍ പോയിരിക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി ഈ സമയമാണ് കളക്ടറേറ്റിലെത്തിയത്. അവിടെ കുറച്ച് ജീവനക്കാരെ ഉള്ളൂവെന്ന് മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവര്‍ക്കൊപ്പം ചേര്‍ന്ന് ലോഡിറക്കുകയായിരുന്നു. ലോഡ് മുഴുവന്‍ ഇറക്കി കഴിഞ്ഞ ശേഷം മാത്രമാണ് ഇരുവരും പോയത്. ജീവനക്കാരെ സഹായിക്കാന്‍ സമയോചിതമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പ്രശംസ കൊണ്ട് പൊതിയുകയാണ് നാട്ടുകാരും സോഷ്യല്‍ മീഡിയയും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: