ജിഹാദി ജോണ്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് യുഎസ്

 

വാഷിംഗ്ടണ്‍: സിറിയയിലെ വ്യോമാക്രമണത്തില്‍ ഐഎസ് കൊടും ഭീകരന്‍ മുഹമ്മദ് എംവാസി എന്ന ജിഹാദി ജോണ്‍ കൊല്ലപ്പെട്ടെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണു ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്. സിറിയയിലെ ഐഎസ് പ്രബല കേന്ദ്രമായ റാഖയില്‍ ജിഹാദി ജോണിനെ ലക്ഷ്യംവച്ച് യുഎസ് വ്യോമാക്രമണം ശക്തമാക്കിയിരുന്നു. പെന്റഗണ്‍ മാധ്യമ വിഭാഗം സെക്രട്ടറി പീറ്റര്‍ കുക്കാണ് ഇക്കാര്യം അറിയിച്ചത്. ജോണ്‍ യാത്രചെയ്യുകയായിരുന്ന വാഹനം യുഎസിന്റെ ആളില്ലാ യുദ്ധവിമാനം തകര്‍ക്കുകയായിരുന്നു.

ബ്രിട്ടീഷ് പൗരനായ എംവാസിയാണ് ഐഎസ് നടത്തിയ കൊലപാതക പരമ്പരകളുടെ വീഡിയോകളില്‍ പ്രത്യക്ഷപെടാറുള്ളത്. യുഎസ് മാധ്യമപ്രവര്‍ത്തകനായ സ്റ്റീവന്‍ സോട്ട്‌ലോഫ്, ജയിംസ് ഫോളി, അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകനായ അബ്ദുള്‍ റഹ്മാന്‍ കാസിംഗ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകന്‍ ഡേവിഡ് ഹെയ്‌നസ്, അലന്‍ ഹെന്നിംഗ്, ജാപ്പനീസ് മാധ്യമപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോ തുടങ്ങിയവരെ കൊലചെയ്യുന്ന വീഡിയോകളില്‍ പ്രത്യക്ഷപെട്ടത് ജിഹാദി ജോണായിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: