ജിഷ വധക്കേസില്‍ വിധി ഇന്ന്

 

കോളിളക്കം സൃഷ്ടിച്ച ജിഷാ വധക്കേസില്‍ വിധി ഇന്നറിയാം.  എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. ആസാം സ്വദേശി അമീറുള്‍ ഇസ്ലാം മാത്രമാണ് കേസിലെ ഏക പ്രതി. ഇതേ സമയം പ്രതിക്ക് വധശിക്ഷ നല്‍കുന്നില്ലങ്കില്‍ അപ്പീല്‍ പോകുമെന്ന് ജിഷയുടെ മാതാവ് മഹേശ്വരി വെക്തമാക്കി.

293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. പ്രതിഭാഗം ഉന്നയിച്ച ആരോപണങ്ങള്‍ക്കും സംശയങ്ങള്‍ക്കും നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ തന്നെ നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദം അവസാനിപ്പിച്ചത്. പ്രതി ആസാം സ്വദേശിയായ അമീറുല്‍ ഇസ്ലാം ഒറ്റയ്ക്ക് തന്നെയാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിമുന്‍പാകെ സമര്‍ഥിച്ചത്.

സാഹചര്യത്തെളിവും ശാസ്ത്രീയ തെളിവും മാത്രമാണ് പ്രോസിക്യൂഷന്‍ നിരത്തിയതെന്നും കൊല നടത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി 100 പേരേയും പ്രതിഭാഗം സാക്ഷികളായി ആറു പേരേയും കോടതി വിസ്തരിച്ചിരുന്നു. 2016 ഏപ്രില്‍ 28നു പെരുമ്പാവൂര്‍ കുറുപ്പുംപടി യിലെ ജിഷയുടെ വീട്ടിലേക്കു പ്രതി അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

അതിക്രമിച്ചു കയറല്‍, വീടിനുള്ളില്‍ അന്യായമായി തടങ്കലിലാക്കല്‍,കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: