ജിഷ വധം: ചെരിപ്പടക്കം 36 തൊണ്ടിമുതല്‍, നൂറുസാക്ഷികള്‍ കേസിന്റെ നാള്‍വഴികള്‍

 

കേരള സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു പെരുമ്പാവൂര്‍ സ്വദേശിനി ജിഷയുടെ കൊലപാതകം. ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിനെതിരെ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളെല്ലാം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശരിവച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കേസിന്റെ നാള്‍ വഴികള്‍:

ഏപ്രില്‍ 28- പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോല്‍ ഇരവിച്ചിറ കനാല്‍പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ രാത്രി 8.30 ഓടെ ദളിത് നിയമവിദ്യാര്‍ഥിനി ജിഷയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ അമ്മ രാജേശ്വരി കണ്ടെത്തി.

ഏപ്രില്‍ 29- പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം രാത്രിയില്‍ മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. തിടുക്കപ്പെട്ട് മൃതദേഹം സംസ്‌കരിച്ചത് പിന്നീട് വിവാദമായി.

മേയ് ഒന്ന്- കൊലയാളി അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സൂചന. ജിഷയുടെ വീടിനടുത്തുള്ള തൊഴിലാളികളെ ചോദ്യംചെയ്തു.

മെയ് രണ്ട്- ജിഷ ലൈംഗികപീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്ത് 38 മുറിവുകള്‍. രാജ്യമൊട്ടാകെ പ്രതിഷേധം. അന്വേഷണ മേല്‍നോട്ടം കൊച്ചി റേഞ്ച് ഐജി മഹിപാല്‍ യാദവിന്. ജിഷയുടെ വീടിനോടു ചേര്‍ന്നുള്ള വൈദ്യുത പോസ്റ്റിന് സമീപത്തുനിന്ന് അന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന രണ്ട് ചെരുപ്പുകള്‍ പൊലീസ് കണ്ടെത്തി. സിമന്റില്‍ പുതഞ്ഞതും അന്യസംസ്ഥാനക്കാര്‍ ഉപയോഗിക്കുന്നതുമാണെന്ന് കണ്ടെത്തി. ഇതിലെ രക്തക്കറയില്‍നിന്നു സാമ്പിളുകള്‍ ശേഖരിച്ചു.

മെയ് നാല്- പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ പ്രതിഷേധം. ലാത്തിച്ചാര്‍ജ്. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയെന്ന് ആക്ഷേപം.

മെയ് അഞ്ച്- അന്വേഷണസംഘം വിപുലീകരിച്ചു. അന്വേഷണചുമതല ആലുവ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ജിജിമോന്. പൊലീസിന് ഗുരുതര വീഴ്ച വന്നതായി ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ചെയ്തത് കൊലക്കുറ്റം മാത്രം ചുമത്തി.

മെയ് ഏഴ്- മൂന്നു വീട്ടമ്മമാരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പ്രതിയെന്നു സംശയിക്കുന്നയാളുടെ അവ്യക്തമായ രേഖാചിത്രം തയ്യാറാക്കി

മെയ് 17- തെളിവ് സംരക്ഷിക്കുന്നതില്‍ പൊലീസ് അനാസ്ഥ കാട്ടിയെന്ന് പൊലീസ് കംപ്‌ളയിന്റ്‌സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍.

മെയ് 25- ജിഷ വധക്കേസ് അന്വേഷണം എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് വിട്ടു.

മെയ് 26- എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണസംഘം ചുമതലയേറ്റു. എസ്പിമാരായ പി എന്‍ ഉണ്ണിരാജനും പി കെ മധുവും സംഘത്തില്‍.

ജൂണ്‍ രണ്ട്- പ്രതിയുടേതെന്നു സംശയിക്കുന്ന കളര്‍ രേഖാചിത്രം അന്വേഷണസംഘം പുറത്തുവിട്ടു.

ജൂണ്‍ നാല്- ജിഷയുടെ അമ്മ രാജേശ്വരിയുടെയും സഹോദരി ദീപയുടെയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തി.

ജൂണ്‍ ആറ്- ജിഷയുടെ ഫോണില്‍ സേവ്‌ചെയ്ത നമ്പറിന്റെ ഉടമകളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു.

ജൂണ്‍ ഏഴ്- പൊതുജനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ പെരുമ്പാവൂര്‍ ടൌെണില്‍ മൂന്ന് ബോക്‌സ് സ്ഥാപിച്ചു. ജിഷയുടെ മൊബൈലില്‍ കണ്ടെത്തിയ മൂന്ന് യുവാക്കളുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ജൂണ്‍ ഒമ്പത്- പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പു മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ജൂണ്‍ 10- ജിഷയെന്ന് കരുതുന്ന യുവതിയും രേഖാചിത്രത്തിലേതെന്നു കരുതുന്ന യുവാവും ജിഷയുടെ വീട്ടിലേക്കുള്ള റോഡിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തുള്ള വളക്കടയിലെ സിസി ടിവി ക്യാമറിയില്‍നിന്ന് ലഭിച്ചു.

ജൂണ്‍ 11- വീടിന്റെ പരിസരത്തുനിന്നു ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി.

ജൂണ്‍ 12- കുറുപ്പംപടിയിലെ ചെരുപ്പുകടയുടമ പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ നല്‍കി. ജിഷയുടെ വീടീന് സമീപമുള്ള മൊബൈല്‍ ടവറുകളിലൂടെ കടന്നുപോയ 27 ലക്ഷം നമ്പറുകളുടെ പരിശോധന സൈബര്‍സെല്‍ ആരംഭിച്ചു

ജൂണ്‍ 16- പ്രതിയായ അസാം സ്വദേശി അമിറുള്‍ ഇസ്‌ളാം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് പിടിയിലായെന്ന് മുഖ്യമന്ത്രിയുടെ സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനാഫലവും അമിറുള്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചു.

സെപ്തംബര്‍ 17
അമിറുള്‍ ഇസ്‌ളാമിനെതിരെ 1500 പേജുള്ള കുറ്റപത്രം പൊലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു

സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും നിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 2016 നവംബര്‍ 2 തുടങ്ങിയ വിചാരണയില്‍ 74 ദിവസം 100 സാക്ഷികളെ വിസ്തരിച്ചു. 291രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്ത് അഞ്ച് സാക്ഷികളും 19 രേഖകളുമാണ് ഉണ്ടായിരുന്നത്. 923 ചോദ്യങ്ങള്‍ക്ക് രണ്ടു ദിവസംകൊണ്ടാണ് കോടതി വിശദീകരണം തേടിയത്.

ഡിസംബര്‍ 21
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

2017 മാര്‍ച്ച് 13
രഹസ്യ വിചാരണ നടത്താന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനിച്ചു

ഒക്ടോബര്‍ 25
വിചാരണ കോടതിയില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

നവംബര്‍ 1
പ്രോസിക്യൂഷന്‍ വിചാരണ പൂര്‍ത്തിയായി

നവംബര്‍ 21
അന്തിമവാദം ആരംഭിച്ചു

ഡിസംബര്‍ 12
അമിറുള്‍ ഇസ്‌ളാം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

ഡിസംബര്‍ 14
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നും പ്രതി പരമാവധി ശിക്ഷ അര്‍ഹിക്കുമെന്ന് കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുന്നു.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: