ജിഷ്ണുവിന്റെ ഓര്‍മ്മയ്ക്ക് ഒരാണ്ട്: അനുസ്മരണ പരിപാടികളുമായി നാട്

 

പാമ്പാടി നെഹ്രു കോളജില്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി മരിച്ചിട്ട് ഒരാണ്ട്. 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജിഷ്ണുവിന്റെത് അത്മഹത്യയെന്നാണ് മാനേജ്‌മെന്റ് വാദം. എന്നാല്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലും പി. ആര്‍. ഒയും അടങ്ങുന്ന സംഘം മര്‍ദിച്ചതായി സഹപാഠികള്‍ വെളിപ്പെടുത്തി. കോപ്പിയടിച്ചെന്ന് ആരോപിച്ച ശിക്ഷിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. അതേസമയം, കോളേജിലെ ദുരൂഹമായ ഇടിമുറിയില്‍ കണ്ട രക്തക്കറകളും ജിഷ്ണുവിന്റെ ദേഹത്തെ മുറിപ്പാടുകളും സംശയത്തിന്റെ മുന നല്‍കി.

പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തലുണ്ടായെന്ന് വ്യക്തമായതോടെ ജിഷ്ണു കേസ് വലിയ ചര്‍ച്ചയായി. അന്വേഷണത്തില്‍ പൊലീസ് മാനേജ്‌മെന്റെിനൊപ്പമെന്ന പ്രതീതിയുണ്ടായതോടെ രാഷ്ട്രീയ വിവാദം കനത്തു.

തുടര്‍ന്ന് കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസും, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും അറസ്റ്റിലായെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിക്കുകയും ചെയ്തു. അന്വേഷണം എങ്ങുമെത്തിയില്ല. പിന്നീട്, ജിഷ്ണുവിന്റെ അമ്മ മഹിജ നടത്തിയ സമരവും പോലീസ് അതിക്രമവും മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്തു.

എസ്. എഫ്. ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ മരണത്തിലെ പൊലീസ് വീഴ്ചയെ ചൊല്ലിയാണ് സി. പി. എമ്മും ഇടതു സര്‍ക്കാരും പ്രതിരോധത്തിലായത്. ഒന്നാം വര്‍ഷത്തില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി. പി. എം ജിഷ്ണു അനുസ്മരണ സമ്മേളനം നടത്തുന്നു. ജിഷ്ണു പ്രണോയിയുടെ ചരമദിനത്തില്‍ ജന്മനാട്ടിലും അനുസ്മരണ പരിപാടികളുണ്ട്. കുടുംബാംഗങ്ങളും കൂട്ടുകാരും ചേര്‍ന്ന് ജിഷ്ണുവിന്റെ ഓര്‍മയ്ക്കായി വളയത്ത് നിര്‍മിച്ച വെയിറ്റിങ് ഷെഡ് തുറക്കാനും പദ്ധതിയുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: